‘യുപി സര്‍ക്കാര്‍ വ്യാജ സത്യവാങ്മൂലം നല്കി’; സിദ്ദിഖ് കാപ്പന്റെ അറസ്റ്റില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെയുഡബ്ല്യൂജെ
ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ അറസറ്റില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്.

ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ അറസറ്റില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്. ഇതുമായി ബന്ധപ്പെട്ട് കെയുഡബ്ല്യൂജെ സുപ്രീംകോടതിയില്‍ സത്യവാങ്മുലം നല്കി.
സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്നും അദ്ദേഹം ഒരു മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തകനാണെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി. സിദ്ദഖ് കാപ്പനെതിരെ യുപി സര്‍ക്കാര്‍ വ്യാജ സത്യവാങ്മൂലമാണ് നല്‍കിയതെന്നും പത്രപ്രവര്‍ത്തക യൂണിയന് ആരോപിച്ചു. നുണ പരിശോധന നടത്താന്‍ അദ്ദേഹം തയ്യാറാണെന്നും കെയുഡബ്ല്യുജെ വ്യക്തമാക്കി.
ഹാത്രസില്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയാണ് യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യുന്നതും പിന്നീട് യുഎപിഎ ചുമത്തുന്നതും. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സിദ്ദിഖ് കാപ്പന് വേണ്ടി കോടതിയില്‍ ഹാജരായത്.
കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജിയിലാണ് സിദ്ദിഖിനു വേണ്ടി വാദിക്കാന്‍ കപില്‍ സിബല്‍ കോടതിയില്‍ ഹാജരായത്. അഭിഭാഷകനെ കാണാന്‍ പോലും സിദ്ദിഖിനെ അനുവദിക്കുന്നില്ലെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സിദ്ദിഖിപ്പോള്‍ ഏത് ജയിലിലാണെന്ന കോടതിയുടെ ചോദ്യത്തിന് മഥുരയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് യുപി സര്‍ക്കാരിനും പൊലീസിനും കോടതി നോട്ടീസ് അയച്ചിരുന്നു.