Top

'അറബ് രാജ്യങ്ങൾ യുക്രെയ്നൊപ്പം നിൽക്കണം'; അറബ് ലീഗ് കൗൺസിലിൽ കുവൈറ്റിന്റെ ആഹ്വാനം

അന്താരാഷ്ട്ര തലത്തിൽ എല്ലാ രാജ്യങ്ങളും യുക്രെയ്ന് പിന്തുണ നൽകി യുദ്ധം അവസാനിപ്പിക്കുന്നതിന് ശ്രമിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു.

2 March 2022 8:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അറബ് രാജ്യങ്ങൾ യുക്രെയ്നൊപ്പം നിൽക്കണം; അറബ് ലീഗ് കൗൺസിലിൽ കുവൈറ്റിന്റെ ആഹ്വാനം
X

കെയ്റോ: അറബ് രാജ്യങ്ങൾ യുക്രെയ്ന് പിന്തുണ നൽകണമെന്ന ആഹ്വാനവുമായി കുവൈറ്റ്. ഈജിപ്തില്‍ നടന്ന അറബ് ലീ​ഗ് കൗൺസിലി‍ലാണ് കുവൈറ്റ് നിലപാട് അറിയിച്ചത്. കുവൈറ്റ് വിദേശ കാര്യ സഹമന്ത്രി നാസർ അൽ ഖഹ്താനിയാണ് യുക്രെയ്ന് പിന്തുണ നൽകാൻ ആഹ്വാനം ചെയ്തത്.

'ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ അവകാശമില്ല. യുക്രെയ്ൻ ഒരു സ്വതന്ത്ര രാജ്യമാണ്. റഷ്യയുടേത് അധിനിവേശമാണെന്നും അതില്‍ കുവൈറ്റ് അപലപിക്കുന്നതായും' വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര തലത്തിൽ എല്ലാ രാജ്യങ്ങളും യുക്രെയ്ന് പിന്തുണ നൽകി യുദ്ധം അവസാനിപ്പിക്കുന്നതിന് ശ്രമിക്കണമെന്നും കുവൈറ്റ് ആവശ്യപ്പെട്ടു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും ഭാ​ഗത്തുനിന്ന് എല്ലാവിധ ശ്രമങ്ങളുമുണ്ടാകണമെന്നും കുവൈറ്റ് വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഖത്തർ, ഒമാന്‍, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈന്‍, ഇറാഖ് എന്നീ രാജ്യങ്ങളടക്കം 22 രാജ്യങ്ങളാണ് അറബ് ലീഗ് കൗൺസിലിൽ അംഗങ്ങളായിട്ടുളളത്.

യുക്രെയ്നെതിരേയുളള നീക്കത്തിൽ നിന്ന് റഷ്യ പിന്മാറണമെന്ന് യുഎഇയും ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച പുടിനെ ഫോണിൽ വിളിച്ചാണ് കിരീടാവകാശി ആവശ്യമുയർത്തിയത്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ പരിഹാരം കാണുന്നതിന് യുഎഇ ശ്രമം നടത്തുമെന്ന് അബുദാബി കിരീടാവകാശി അറിയിച്ചതായി യുഎഇ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായും അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ചർച്ച നടത്തിയിരുന്നു.

STORY HIGHLIGHTS: 'Arab Countries Must Stand with Ukraine'; Kuwait in the Arab League Council


Next Story