കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപ്പിടിത്തം; ആളപായമില്ല
അപകടം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു
28 March 2022 11:14 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുവെെറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ ടെർമിനലിൽ തീപ്പിടിത്തമുണ്ടായി. തീപ്പിടുത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായം ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അഗ്നിശമനവിഭാഗം തീ നിയന്ത്രണ വിധേയമാക്കി. അപകടം വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു.
തിങ്കളാഴ്ച രാവിലെ വിമാനത്താവളത്തിലെ നിർമാണം പുരോഗമിക്കുന്ന ടെർമിനൽ രണ്ടിലെ ബേയ്സ്മെൻറിൽ ആണ് തീപ്പിടിത്തം ഉണ്ടായത്.ഇവിടെ പെയിൻറും മറ്റു തീപ്പിടിക്കുന്ന വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആളപായമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി അലി അൽ മൂസ ഉത്തരവിട്ടിട്ടുണ്ട്. തീപ്പിടിത്തത്തിൽ കെട്ടിടത്തിന്റെ ബേസ്മെന്റിനും താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
4.4 ബില്യൺ ഡോളറിന്റെ ടെർമിനൽ നിർമ്മാണം ഈ വർഷാവസാനം പൂർത്തിയാക്കും. പ്രതിവർഷം 13 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ പദ്ധതിയിലൂടെ സാധിക്കും.
Story highlights: Fire at Kuwait International Airport