കുട്ടനാട് നിലനിര്‍ത്താന്‍ തോമസ് കെ തോമസ്; തോമസ് ചാണ്ടിയെ നേരിട്ട അത്ര ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് യുഡിഎഫ്; മുന്‍ സിപിഐ നേതാവിനെ കളത്തിലിറക്കി ബിഡിജെഎസ് തന്ത്രങ്ങള്‍
സംസ്ഥാനത്ത് ഇത്തവണ മാറിയ മുന്നണി സമവാക്യങ്ങളുടെ വിധി പറയാനിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ സ്വന്തം മണ്ഡലമായിരുന്ന കുട്ടനാട് 2019-ലെ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. നിയമസഭാതെരഞ്ഞെടുപ്പിലേക്ക് ചുരുങ്ങിയ കാലയളവ് മാത്രം ബാക്കിയുണ്ടായിരുന്ന പശ്ചാത്തലത്തിലായിരുന്നു 2020 ഏപ്രിലിലേക്ക് പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചത്. എന്നാല്‍ അതിനുശേഷമുള്ള ആറുമാസക്കാലത്തിനിടയില്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രത്തെ സജീവമാക്കിയത് എന്‍സിപിയുടെ പിളര്‍പ്പായിരുന്നു. പാലാ സീറ്റ് തര്‍ക്കത്തില്‍ പാലാ വിട്ടുകൊടുക്കുന്നതിന് പകരം […]
1 April 2021 12:07 PM GMT
അനുപമ ശ്രീദേവി

സംസ്ഥാനത്ത് ഇത്തവണ മാറിയ മുന്നണി സമവാക്യങ്ങളുടെ വിധി പറയാനിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ ജില്ലയിലെ കുട്ടനാട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലം എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ സ്വന്തം മണ്ഡലമായിരുന്ന കുട്ടനാട് 2019-ലെ അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ഒഴിഞ്ഞുകിടക്കുകയാണ്. നിയമസഭാതെരഞ്ഞെടുപ്പിലേക്ക് ചുരുങ്ങിയ കാലയളവ് മാത്രം ബാക്കിയുണ്ടായിരുന്ന പശ്ചാത്തലത്തിലായിരുന്നു 2020 ഏപ്രിലിലേക്ക് പ്രഖ്യാപിച്ചിരുന്ന ഉപതെരഞ്ഞെടുപ്പും മാറ്റിവെച്ചത്. എന്നാല്‍ അതിനുശേഷമുള്ള ആറുമാസക്കാലത്തിനിടയില്‍ മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രത്തെ സജീവമാക്കിയത് എന്‍സിപിയുടെ പിളര്‍പ്പായിരുന്നു. പാലാ സീറ്റ് തര്‍ക്കത്തില്‍ പാലാ വിട്ടുകൊടുക്കുന്നതിന് പകരം മാണി സി കാപ്പന് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്ന മണ്ഡലമായിരുന്നു കുട്ടനാട്. എന്നാല്‍ സീറ്റ് നിഷേധിച്ച് കാപ്പന് മുന്നണി വിട്ടപ്പോള്‍ എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്ന എന്സിപിയുടെതായി മണ്ഡലം.
അതോടെ രണ്ടാമതൊരു ചര്‍ച്ചയില്ലാതെ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന് തോമസ് കെ തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന തോമസ് കെ തോമസ് ആ ഘട്ടംമുതല്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നത് തെരഞ്ഞെടുപ്പില്‍ അനുകൂലമാകുമെന്ന് എല്‍ഡിഎഫ് നിരീക്ഷിക്കുന്നു. തദ്ദേശതെരഞ്ഞെടുപ്പ് ഫലവും ആത്മവിശ്വാസം നല്കുന്ന മണ്ഡലത്തില്‍ തോമസ് ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വാഗ്ദാനം ചെയ്താണ് എല്‍ഡിഎഫ് വോട്ടുചോദിക്കുന്നത്.
മറുപക്ഷത്ത് തദ്ദേശതെരഞ്ഞെടുപ്പിലേ ഒരുങ്ങി നിന്ന അഡ്വ. ജേക്കബ് എബ്രഹാമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഘടകകക്ഷികള്‍ മത്സരിക്കുന്ന കുട്ടനാട്ടില്‍ 30 വര്‍ഷമായി വിജയിക്കാനായിട്ടില്ലെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷത്തിനും കോണ്‍ഗ്രസിനും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി സാധ്യമാണെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. 1965 മുതല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കുത്തക സീറ്റായിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് ക്യാമ്പില്‍ ഒരുങ്ങുന്നത്.
ബിഡിജെഎസിന്റെ സീറ്റായ കുട്ടനാട് ഇത്തവണ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഒടുവില്‍ സിപിഐയില്‍നിന്ന് രാജിവെച്ച് ബിഡിജെഎസിലെത്തിയ ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയെ സ്ഥാനാര്‍ത്ഥിയാക്കി എന്‍ഡിഎയില്‍ നിന്ന് അട്ടിമറി നീക്കമുണ്ടാവുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന നിര്‍ണ്ണായക ഘട്ടത്തില്‍ സിപിഐ നേതാവിനെ പാളയത്തിലെത്തിച്ച ആത്മവിശ്വാസത്തില്‍ മത്സരിക്കുന്ന എന്‍ഡിഎ ഇത്തവണ ഇടത് വോട്ടുകളില്‍ കണ്ണുവെച്ചാണ് തെരഞ്ഞെടുപ്പ് നേരിടാനിരിക്കുന്നത്.
അതേസമയം, പുറത്തുവന്നിരിക്കുന്ന പ്രീ- പോള്‍ സര്‍വ്വേകള്‍ വ്യത്യസ്ത ഫലങ്ങളാണ് കുട്ടനാട്ടില്‍ പ്രവചിക്കുന്നത്. മനോരമ വിഎംആര്‍ പ്രീ-പോള്‍ സര്‍വ്വേ നേരിയ മുന്‍തൂക്കത്തില്‍ യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്ന ട്വന്റി ഫോര്‍ മെഗാ പ്രീ- പോള്‍ മണ്ഡലത്തില്‍ മത്സരം തന്നെയില്ലെന്നാണ് കാണിക്കുന്നത്. 1.78 ശതമാനത്തിന്റെ ലീഡ് യുഡിഎഫിന് ലഭിക്കുമെന്നാണ് മനോരമ സര്‍വ്വേയുടെ പ്രവചനം. എന്നാല്‍ 11 ശതമാനം വോട്ടുകളുടെ വ്യക്തമായ ലീഡില്‍ എല്‍ഡിഎഫിന്റെ തോമസ് കെ തോമസ് തന്നെ വിജയിക്കുമെന്നാണ് ട്വന്റി ഫോറിന്റെ പ്രവചനം.
കുട്ടനാട് മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന പതിമൂന്ന് തെരഞ്ഞെടുപ്പുകളില്‍ എട്ടില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും അഞ്ചില്‍ ഐക്യജനാധിപത്യമുന്നണിക്കുമായിരുന്നു വിജയം.
1965ല്‍ രൂപീകരിക്കപ്പെട്ട കുട്ടനാട് മണ്ഡലം 1957, 60ലും തകഴി, തിരുവല്ല മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965ലെ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളില്‍ ഒരാളായ തോമസ് ജോണ്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി ഇസഡ് ജോബിനെ തോല്‍പ്പിച്ചായിരുന്നു നിയമസഭയിലെത്തിയത്. 1967ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ കെ പിള്ള കേരള കോണ്‍ഗ്രസിന്റെ ടി ജോണിനെയും 1970ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഉമ്മന്‍ തലവടി കേരള കോണ്‍ഗ്രസിന്റെ തോമസ് ജോണിനെയും പരാജയപ്പെടുത്തി മണ്ഡലത്തില്‍ വിജയിച്ചു. എന്നാല്‍ 1970ലെ മണ്ഡലപുനര്നിര്ണ്ണയത്തിനുശേഷം കേരള കോണ്‍ഗ്രസിന്റെ സ്വാധീനം വര്‍ദ്ധിച്ചു. 1977ല്‍ കേരള കോണ്‍ഗ്രസിന്റെ ഈപ്പന് കണ്ടക്കുടിയും 1980ല്‍ ഉമ്മന്‍ മാത്യുവും സിപിഐഎമ്മിന്റെ കെ പി ജോസഫിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു.

പിന്നീട് 1982ലാണ് കേരള കോണ്‍ഗ്രസ് നേതാവ് ഡോ കെ സി ജോസഫ് ആദ്യമായി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കളത്തിലെത്തുന്നത്. അത്തവണ സിപിഐഎമ്മിന്റെ ജി സുധാകരന് നായരെ പിന്തള്ളി വിജയിച്ച കെ സി ജോസഫ് പിന്നീട് 2001 വരെയുള്ള തുടര്‍ച്ചയായ അഞ്ച് തെരഞ്ഞെടുപ്പുകളിലും വിജമാവര്ത്തിച്ചു. കേരള കോണ്‍ഗ്രസുകളുടെ പിളര്‍പ്പുകള്‍ക്കും മുന്നണി മാറ്റങ്ങള്ക്കിടയിലുമായിരുന്നു ഈ വിജയങ്ങള്‍. 87ല്‍ സിപിഐഎമ്മിന്റെ എം എം ആന്റണിയെയും 91ല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പി ഡി ലൂക്കിനെയും 96ല്‍ കോണ്‍ഗ്രസിന്റെ ജെ ജോസഫിനെയും 2001ല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ത്ഥിയായെത്തിയ ഉമ്മന്‍ മാത്യുവിനെയും പരാജയപ്പെടുത്തിയായിരുന്നു കെ സി ജോസഫിന്റെ ഈ മുന്നേറ്റം.
തുടര്‍ന്ന് 2006ല്‍ കെ കരുണാകന്റെ നേതൃത്വത്തിലുള്ള ഡിഐസി സ്ഥാനാര്‍ത്ഥിയായി എത്തിയ തോമസ് ചാണ്ടി 5381 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഡോ കെ സി ജോസഫ് എംഎല്‍എയെ പരാജയപ്പെടുത്തി അട്ടിമറിവിജയം നേടി. പിന്നീട് കരുണാകരന് കോണ്‍ഗ്രസിലേക്ക് മടങ്ങിയപ്പോള്‍ എന്‍സിപിയിലേക്ക് എത്തിയ തോമസ് ചാണ്ടി ഇടതുപക്ഷത്തുതന്നെ തുടര്‍ന്നു. 2010ല്‍ കേരള കോണ്‍ഗ്രസ് മാണി, ജോസഫ് പക്ഷങ്ങള്‍ ഒന്നിച്ച് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായെത്തിയ ഡോ കെ സി ജോസഫിനെ വീണ്ടും പരാജയപ്പെടുത്തി തോമസ് ചാണ്ടി മണ്ഡലം നിലനിര്‍ത്തി. അത്തവണ 7971ലേക്ക് ഭൂരിപക്ഷമുയര്‍ത്തി അദ്ദേഹം മണ്ഡലത്തിലെ തന്റെ സ്വാധീനം ശക്തമാക്കി. 2016-ല്‍ കെ സി ജോസഫിന് പകരം ജേക്കബ് എബ്രഹാമിനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയാക്കിയപ്പോഴും തോമസ് ചാണ്ടി വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഭൂരിപക്ഷം 4891ലേക്ക് ഇടിഞ്ഞു. തോമസ് ചാണ്ടി എംഎല്‍എ 50114 വോട്ടുകളും രണ്ടാം സ്ഥാനത്തായിരുന്ന ജേക്കബ് എബ്രഹാം 45223 വോട്ടുകളും നേടിയപ്പോള്‍ ശ്രദ്ധേയമായത് 2011ലെ 4395 വോട്ടുകളില്‍ നിന്ന് 33044 വോട്ടുകളിലേക്ക് മുന്നേറിയ എന്‍ഡിഎയായിരുന്നു. 2011ല്‍ ബിജെപി മത്സരിച്ച മണ്ഡലത്തില്‍ 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി സുഭാഷ് വാസു മത്സരിച്ചപ്പോഴായിരുന്നു ഈ മുന്നേറ്റമുണ്ടായത്.

തെരഞ്ഞെടുപ്പ് വിജയത്തോടെ പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടത് സര്‍ക്കാരിന്റെ ഗതാഗതമന്ത്രിയായി തോമസ് ചാണ്ടി സ്ഥാനമേറ്റെങ്കിലും ഏഴ് മാസം മാത്രം നീണ്ടുനിന്ന മന്ത്രിസ്ഥാനത്തുനിന്ന് 2017 നവംബറില്‍ അദ്ദേഹത്തിന് രാജി വെക്കേണ്ടിവന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു രാജി. എന്നാല്‍ എംഎല്‍എ സ്ഥാനത്ത് തുടരവെ 2019 ഡിസംബറില്‍ കാന്‍സര്‍ ബാധിനായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. തുടര്‍ന്ന് 2020 ഏപ്രിലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുകയായിരുന്നു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാര്‍, നെടുമുടി, നീലംപേരൂര്‍, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് പഞ്ചായത്തുകളും, കാര്‍ത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേര്‍ന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ടുചെയ്ത മണ്ഡലത്തിലെ എടത്വ, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകള്‍ യുഡിഎഫിനും മറ്റ് പത്ത് പഞ്ചായത്തുകള്‍ എല്‍ഡിഎഫിനൊപ്പവുമായിരുന്നു. ഈഴവ – കത്തോലിക്ക വിഭാഗങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ക്കും തകഴി, വീയപുരം മേഖലകളിലെ മുസ്ലിം വോട്ടുകള്‍ക്കും മേല്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ പ്രതീക്ഷ വെയ്ക്കുമ്പോള്‍ ബിഡിജെഎസിനെ മുന്നില്‍ നിര്‍ത്തി എസ്എന്‍ഡിപി യോഗത്തിന്റെ വോട്ടുപിടിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യം. 2016ല്‍ 60 ശതമാനത്തോളം ഈഴവവോട്ടുകള്‍ എന്‍ഡിഎയ്ക്ക് ലഭിച്ചെന്നായിരുന്നു കണക്കുകള്‍. എന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പ് ഫലമടക്കമുള്ള ട്രെന്റ് അനുസരിച്ച് ഇത്തവണ അതില്‍ വലിയൊരു പങ്ക് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് പോയേക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇതിനു പുറമെ മണ്ഡത്തിലെ 20 ശതമാനം നായര്‍ വോട്ടുകളും നിര്‍ണ്ണായകമാകും.

എന്‍സിപിക്കും എല്‍ഡിഎഫിന് പൊതുവായും വേരോട്ടമുള്ള മണ്ഡലത്തില്‍ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം പുതുതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന്റെയും വോട്ടുകള്‍ ലഭിച്ചേക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. ഒപ്പം പ്രളയകാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തോമസ് കെ തോമസിന് അനുകൂലമാകുമെന്നും കരുതപ്പെടുന്നു. മുന്‍പ് തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ തുടക്കത്തില്‍ കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പാലാ സീറ്റ് തര്‍ക്കത്തില്‍ മാണി സി കാപ്പന് മുന്നണിവിട്ട പശ്ചാത്തലത്തില്‍ കുട്ടനാടിനുമേലുള്ള സമ്മര്‍ദ്ദം ഇല്ലാതാവുകയായിരുന്നു. അതേസമയം, തോമസ് ചാണ്ടിയുമായി ആത്മബന്ധമുണ്ടായിരുന്ന മാണി സി കാപ്പനായിരുന്നു ഉപതെരഞ്ഞെടുപ്പു മുതല്‍ തോമസ് കെ തോമസിന് സീറ്റുറപ്പിക്കാന്‍ മുന്നണിയിലുണ്ടായിരുന്നത്. പാലാ സീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായപ്പോള്‍ കുട്ടനാട് സീറ്റ് നിഷേധിച്ച് കാപ്പന് മുന്നണി വിട്ടതിനുപിന്നിലെ ഒരു കാരണം അതാണെന്നാണ് നിരീക്ഷിക്കപ്പെട്ടത്.

യുഡിഎഫ് പക്ഷത്തുനിന്നും 2016-ല്‍ മത്സരിച്ച ജേക്കബ് എബ്രഹം തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായിരുന്ന ജേക്കബ് എബ്രഹാം ഇത്തവണ കേരള കോണ്‍ഗ്രസ് ജെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് തന്നെ നേരിട്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു അദ്ദേഹം. സ്ഥാനാര്ത്ഥിനിര്ണ്ണയമടക്കം ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ത്തിയാക്കിയ യുഡിഎഫിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പ്രചാരണത്തിലേക്ക് കടക്കാനായിരുന്നു. കുട്ടനാടിന്റെ എക്കാലത്തെയും അടിസ്ഥാന പ്രശ്നമായ കുടിവെള്ള പ്രശ്നത്തിനൊപ്പം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ ആഴക്കടല്‍ മത്സ്യബന്ധന കരാറും മുന്നില്‍ വെച്ചാണ് യുഡിഎഫിന്റെ പ്രചാരണം.

എന്‍സിപിയുടെ സ്വാധീനത്തേക്കാള്‍ അധികം വ്യക്തിപ്രഭാവം കൊണ്ട് വോട്ടുപിടിച്ചിരുന്ന തോമസ് ചാണ്ടിയുടെ അഭാവത്തില്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാക്കാനാകില്ലെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. ഒപ്പം കഴിഞ്ഞ തവണ മണ്ഡലത്തിലെ 25.40 ശതമാനം വോട്ടുകള്‍ പിടിച്ച സുഭാഷ് വാസു മണ്ഡലത്തിലെല്ലെന്നതും പകരം സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുന്ന മുന്‍ സിപിഐ നേതാവ് ഇടത് വോട്ടുകള്‍ പിടിച്ചേക്കാനുള്ള സാധ്യതയും യുഡിഎഫ് അനുകൂല ഘടകമായി കാണുന്നു. കോണ്‍ഗ്രസ്, മാണി ഗ്രൂപ്പുകള്‍ കാലുവാരുന്നതുകൊണ്ടാണ് തോമസ് ചാണ്ടി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചിരുന്നതെന്ന ജോസഫ് വിഭാഗത്തിന്റെ ആരോപണവും ഇത്തവണത്തെ പരീക്ഷിക്കപ്പെടും.
എന്‍ഡിഎ മുന്നണിയില്‍ നിന്ന് ബിഡിജെഎസ് മത്സരിക്കുന്ന കുട്ടനാട് സീറ്റ് ഇത്തവണ ബിഡിജെഎസില്‍ നിന്ന് ബിജെപി ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു അങ്ങനെ ഉണ്ടാവുകയാണെങ്കില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാറോ ബിഡിജെഎസ് വിട്ട് ബിജെപിയിലെത്തിയ 2016ലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവോ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാലിത്തവണയും ബിഡിജെഎസിന് തന്നെ സീറ്റുകൊടുത്തുകൊണ്ടായിരുന്നു എന്‍ഡിഎ തീരുമാനം. തുടര്‍ന്ന് ഇത്തവണ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്ത്ഥിയാണമെന്നായിരുന്നു പ്രവര്‍ത്തകരുടെ ആഗ്രഹം. അങ്ങനെ തുഷാര്‍ സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ അദ്ദേഹത്തോട് ഇടഞ്ഞു നില്ക്കുന്ന 2016ലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സുഭാഷ് വാസുവോ മുന്‍ ഡിജിപി ടി പി സെന്‍കുമാറോ ഇത്തവണ തൂഷാറിന് തിരിച്ചടിയായി മണ്ഡലത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്നാല്‍ ഒടുവില്‍ സിപിഐയില്‍ നിന്ന് രാജിവച്ച ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുതറയെ സ്ഥാനാര്‍ത്ഥിയാക്കി തുഷാര്‍ വെള്ളാപ്പള്ളിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായതോടെയായിരുന്നു മത്സര ചിത്രത്തില്‍ എന്‍ഡിഎ കൂടുതല്‍ സജീവമായത്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് തമ്പി സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് ജില്ലാ കൗണ്‍സില്‍ അംഗത്വവും പാര്‍ട്ടി പ്രാഥമിക അംഗത്വവും രാജിവെച്ച് എല്‍ഡിഎയില്‍ എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തുനിന്ന് 9.36 ശതമാനം മാത്രം അകലെയായിരുന്ന മണ്ഡലത്തില്‍ ഇത്തവണ രണ്ടാം സ്ഥാനമായിരിക്കും എന്‍ഡിഎ ലക്ഷ്യം വെയ്ക്കുക.