‘ഖുശ്ബു മുഖ്യമന്ത്രിയായാല്‍ എന്താ കുഴപ്പം?, ബിജെപി എല്ലാവര്ക്കും വാതില്‍ തുറന്നുകൊടുക്കുന്ന സത്രം തന്നെയാണ്’ : ജയസൂര്യന്‍
തമിഴ് നാട് സിനിമാ രാഷ്ട്രീയത്തിന്റെ തട്ടകമാണ്. അവിടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായിതന്നെ ഖുശ്ബു വന്നാല്‍ അത്ഭുതപ്പെടാനില്ലെന്ന് ജയസൂര്യന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലെത്തിയ നടി ഖുശ്ബു തമിഴ്നാട് മുഖ്യമന്ത്രിയായാലും അത്ഭുതപ്പെടാനാവില്ലെന്ന് ബിജെപി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. എസ് ജയസൂര്യന്‍. തമിഴ്നാട്ടിലെ സിനിമാരാഷ്ട്രീയ സാഹചര്യങ്ങളനുസരിച്ച് ഖുശ്ബു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്നും കരുണാനിധിടെയും ജയലളിതയുടെയും കാലം കഴിഞ്ഞ സാഹചര്യത്തില്‍ ഖുശ്ബുവിന് കേവലമൊരു മന്ത്രിസ്ഥാനത്തിനപ്പുറം മുഖ്യമന്തി സ്ഥാനത്തെത്തിയാല്‍ എന്താണ് കുഴപ്പമെന്നും ജയസൂര്യന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ബിജെപിയിലേക്ക് വരുന്നതിലേക്കുള്ള രാഷ്ടീയ നിലപാട് ആരെടുത്താലും ബിജെപി അത് സ്വീകരിക്കുമെന്നും രാഷ്ട്രീയത്തിന്റെ ഉദ്ദേശം തന്നെ അധികാരത്തിലേക്കെത്തുകയാണെന്നും അതിനായി പരിശ്രമിക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സംശയവും വേണ്ട രാഷ്ട്രീയം അധികാരത്തിലേക്കുള്ളതാണ്. ബിജെപി അങ്ങനെ വരുന്നവര്‍ക്കെല്ലാം വാതില്‍ തുറന്നുകൊടുക്കുന്ന സത്രമാണ്. അഭയം വേണ്ടവര്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമാണ് സത്രമെങ്കില് ബിജെപി വിശാലമായൊരു സത്രമാണ്. ബിജെപിയുടെ നയങ്ങള്‍ അംഗീകരിക്കുന്ന എല്ലാവരേയും സ്വീകരിക്കാന്‍ തയ്യാറായി ഞങ്ങള്‍ ഈ സത്രത്തിന്റെ വാതില്‍ വിശാലമായി തുറന്നിട്ടിരിക്കുകയാണ്
അഡ്വ. എസ് ജയസൂര്യന്‍
രാഷ്ട്രീയത്തില്‍ അധികാരമില്ലാതെ എന്താണ് ചെയ്യുക. രാഷ്ട്രീയമെന്ന് പറയുന്നത് തന്നെ അധികാരമുപയോഗിച്ച് രാഷ്ട്രീയ നിര്‍മ്മാണം നടത്തുന്നതാണ്. അല്ലാതെ രാഷ്ട്രീയത്തില്‍ വരുന്നവരാരും എംഎല്‍എ ആകില്ലെന്നോ മന്ത്രി ആകില്ലെന്നോ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നോ പറഞ്ഞാല്‍ അത് രാഷ്ട്രീയമാകില്ല. തമിഴ് നാട് രാഷ്ട്രീയത്തില്‍ കരുണാനിധിയുടേയും ജയലളിതയുടേയും കാലം കഴിഞ്ഞ് ഡിഎംകെയുടെയും എഐഡിഎംകെയുടേയും പ്രസക്തി ചര്‍ച്ചയാകുന്ന കാലത്ത് കേവലമൊരു മന്ത്രി സ്ഥാനമല്ല, ഖുശ്ബുവിനെ മുഖ്യമന്ത്രിയാക്കിയാലെന്താണ് കുഴപ്പം? തമിഴ് നാട് സിനിമാ രാഷ്ട്രീയത്തിന്റെ തട്ടകമാണ്. അവിടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ഥിയായിതന്നെ ഖുശ്ബു വന്നാല്‍ അത്ഭുതപ്പെടാനില്ല, ജയസൂര്യന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് ഖുശ്ബു കോണ്‍ഗ്രസ്സ് അംഗത്വം രാജിവെച്ച വാര്‍ത്ത പുറത്തുവരുന്നത്. ഖുശ്ബു സോണിയ ഗാന്ധിക്ക് അയച്ച രാജികത്തില്‍ പൊതുജനവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത, അധികാരവും സ്ഥാനമാനങ്ങളും മോഹിക്കുന്ന ചിലര്‍ പാര്‍ട്ടിയുടെ തലപ്പത്തുണ്ടെന്നും അവര്‍ താന്‍ ഉള്‍പ്പെടെയുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ആരോപിച്ചു. ഇതില്‍ വലിയ സമ്മര്‍ദ്ദവും അടിച്ചൊതുക്കലുമാണ് നേരിടുന്നുണ്ടെന്നും ഇതാണ് രാജിക്ക് കാരണമെന്നും ഖുശ്ബു വ്യക്തമാക്കി.