കുന്നത്തൂരില്‍ ഇത്തവണയും പോരാട്ടം ബന്ധുക്കള്‍ തമ്മില്‍; അഞ്ചാമങ്കത്തിനിറങ്ങുന്ന കോവൂര്‍ കുഞ്ഞുമോനെ അട്ടിമറിക്കാന്‍ ഉല്ലാസ് കോവൂരിനാകുമോ
കൊല്ലം ജില്ലയില്‍ ചവറക്കുശേഷം ആര്‍എസ്പിക്ക് ഏറ്റവും അധികം വേരോട്ടമുള്ള മണ്ഡലമാണ് കുന്നത്തൂര്‍. പൊതുവെ ഇടതുപക്ഷത്തുനിന്നുള്ള ആര്‍എസ്പി സ്ഥാനാര്‍ത്ഥികളോട് ചായ്വ് പ്രകടിപ്പിക്കുന്ന മണ്ഡലമാണെങ്കിലും യുഡിഎഫിനും അട്ടിമറി വിജയങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട് കുന്നത്തൂര്‍. 2001- മുതല്‍ തുടര്‍ച്ചയായ നാലുതെരഞ്ഞെടുപ്പുകളില് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ആര്‍എസ്പി ലെനനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോനാണ് രണ്ട് പതിറ്റാണ്ടായി കുന്നത്തൂര്‍ എംഎല്‍എ. ഏറ്റവും ഒടുവില്‍ ആര്‍എസ്പിയുടെ മുന്നണിമാറ്റത്തിനുശേഷം നടന്ന 2016-ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാക്കളും ബന്ധുക്കളുമായ കോവൂര്‍ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മിലെ പോരാട്ടത്തിനായിരുന്നു […]
1 April 2021 8:07 AM GMT
അനുപമ ശ്രീദേവി

കൊല്ലം ജില്ലയില്‍ ചവറക്കുശേഷം ആര്‍എസ്പിക്ക് ഏറ്റവും അധികം വേരോട്ടമുള്ള മണ്ഡലമാണ് കുന്നത്തൂര്‍. പൊതുവെ ഇടതുപക്ഷത്തുനിന്നുള്ള ആര്‍എസ്പി സ്ഥാനാര്‍ത്ഥികളോട് ചായ്വ് പ്രകടിപ്പിക്കുന്ന മണ്ഡലമാണെങ്കിലും യുഡിഎഫിനും അട്ടിമറി വിജയങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട് കുന്നത്തൂര്‍. 2001- മുതല്‍ തുടര്‍ച്ചയായ നാലുതെരഞ്ഞെടുപ്പുകളില് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ആര്‍എസ്പി ലെനനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോനാണ് രണ്ട് പതിറ്റാണ്ടായി കുന്നത്തൂര്‍ എംഎല്‍എ.
ഏറ്റവും ഒടുവില്‍ ആര്‍എസ്പിയുടെ മുന്നണിമാറ്റത്തിനുശേഷം നടന്ന 2016-ലെ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പി നേതാക്കളും ബന്ധുക്കളുമായ കോവൂര്‍ കുഞ്ഞുമോനും ഉല്ലാസ് കോവൂരും തമ്മിലെ പോരാട്ടത്തിനായിരുന്നു മണ്ഡലം വേദിയായത്. ഹാട്രിക് വിജയം നേടിയ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി ആയിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ നാലാമങ്കം. അന്ന് അരനൂറ്റാണ്ടുകാലത്തിലധികമായി ആര്‍എസ്പിയുടെ കുത്തകമണ്ഡലമായിരുന്ന കുന്നത്തൂരില്‍ ആര്‍എസ്പി ചിഹ്നത്തിനെതിരെ മത്സരിച്ച് കുഞ്ഞുമോന് വിജയിച്ചു.
2021-ലും ഇരുസ്ഥാനാര്‍ത്ഥികളും നേര്‍ക്കുനേരെത്തുമ്പോള്‍ അഞ്ചുവര്‍ഷം മുന്‍പുള്ള രാഷ്ട്രീയ സാഹചര്യങ്ങളല്ല മണ്ഡലത്തില്‍ വിധി നിര്ണ്ണയിക്കാനിരിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ പിടിവലികള്‍ക്കിടയില്‍ സീറ്റുറപ്പിച്ച കോവൂര്‍ കുഞ്ഞുമോന് അഞ്ചാം തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. അതേസമയം, അട്ടിമറി സാധ്യതകള്‍ പ്രവചിക്കപ്പെടുന്ന മണ്ഡലത്തില്‍ എംഎല്‍എയുടെ വികസനമുരടിപ്പ് പ്രധാന പ്രചാരണായുധമാക്കി വിജയിച്ചുകയറാമെന്ന് യുഡിഎഫും കണക്കുകൂട്ടുന്നു. 2016-ല്‍ ബിഡിജെഎസ് മത്സരിച്ച് മുന്നേറ്റമുണ്ടാക്കിയ മണ്ഡലം ഇത്തവണ തിരിച്ച് ഏറ്റെടുത്ത് ബിജെപിയാണ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന സെക്രട്ടറി രാജി പ്രസാദാണ് സ്ഥാനാര്‍ത്ഥി.
മണ്ഡലചരിത്രത്തിലെ പതിനാല് തെരഞ്ഞെടുപ്പുകളില്‍ ഒമ്പതിലും ആര്‍എസ്പിയെ വിജയിപ്പിച്ച കുന്നത്തൂര്‍ 1965 വരെ ദ്വയാംഗ മണ്ഡലമായിരുന്നു. 1957ലെ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ പി ആര് മാധവന് പിള്ളയും ആര് ഗോവിന്ദനും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1960ല്‍ കോണ്‍ഗ്രസിന്റെ ഡി ചന്ദ്രശേഖരന് പിള്ളയ്ക്കും സിപിഐയിലെ പി സി ആദിച്ചനുമായിരുന്നു വിജയം. 1965 ല്‍ മണ്ഡലത്തിന്റെ ദ്വയാംഗ പദവി മാറി. ശേഷം 1965ല്‍ സിപിഐയുടെ ടി കേശവനെ പിന്തള്ളി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി കൃഷ്ണനും 1967 ല്‍ ടി കൃഷ്ണനെ പിന്തള്ളി സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കെ സി എസ് ശാസ്ത്രിയും വിജയിച്ചു.
1970 ല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ ഓണമ്പലം പ്രഭാകരനെ പിന്തള്ളി ആര്‍എസ്പിയുടെ സത്യപാലന് വിജയിക്കുന്നതോടെയാണ് മണ്ഡലത്തിലെ ആര്‍എസ്പിയുടെ മുന്നേറ്റം ആരംഭിക്കുന്നത്. 1977ല്‍ സിപിഐഎമ്മിലെ സി കെ തങ്കപ്പനെയും 1980ല്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥി കോട്ടക്കുഴി സുകുമാരനെയും പരാജയപ്പെടുത്തി കല്ലട നാരായണന് മണ്ഡലം നിലനിര്‍ത്തി. എന്നാല്‍ 1982ലെ തെരഞ്ഞെടുപ്പില്‍ മുന്നാമങ്കത്തിനിറങ്ങിയ കല്ലട നാരായണനെതിരെ കോട്ടക്കുഴി സുകുമാരന്‍ അട്ടിമറി വിജയം നേടി. പിന്നീട് 1987ല്‍ ആര്‍എസ്പി മണ്ഡലം തിരിച്ചുപിടിച്ചത് ടി നാണു മാസ്റ്ററുടെ വിജയത്തോടെയായിരുന്നു. കോണ്‍ഗ്രസ് നേതാവ് കെ കെ ബാലകൃഷ്ണനായിരുന്നു പ്രധാന എതിരാളി. 1991 ലും 1996ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വി ശശിധരന്, വിശാലാക്ഷി എന്നിവരായിരുന്നു പരാജയപ്പെട്ടത്.

2001 ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പന്തളം സുധാകരനെ 3486 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു കന്നിയങ്കത്തിനിറങ്ങിയ കോവൂര്‍ കുഞ്ഞുമോന് തന്റെ ആദ്യ ജയം സ്വന്തമാക്കിയത്. പിന്നീട് 2001, 2006, 2011 വര്‍ഷങ്ങളില്‍ എല്‍ഡിഎഫിലായിരുന്ന ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് അദ്ദേഹം ഹാട്രിക് വിജയം നേടി. 2006ല്‍ പി രാമഭദ്രനെ 22572 വോട്ടുകള്‍ക്കും 2011ല്‍ പി കെ രവിയെ 12008 വോട്ടുകള്‍ക്കുമായിരുന്നു കുഞ്ഞുമോന്റെ വിജയം.
2014-ല്‍ ലോക്സഭാതെരഞ്ഞെടുപ്പ് സീറ്റുസംബന്ധിച്ച തര്‍ക്കത്തില്‍ ഔദ്യോഗിക ആര്‍എസ്പി തന്നെ എല്‍ഡിഎഫ് വിട്ടു. എന്നാല്‍ ആര്‍എസ്പി ലെനനിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച കോവൂര്‍ കുഞ്ഞുമോന് ഇടതുപക്ഷത്തേക്ക് തിരിച്ചെത്തി. തുടര്‍ന്ന് 2016-ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായ കുഞ്ഞുമോനെതിരെ 2011ല്‍ അദ്ദേഹത്തിനുവേണ്ടി വോട്ടുചോദിച്ച അര്‍ദ്ധ സഹോദരന് ഉല്ലാസ് കോവൂരിനെ തന്നെ യുഡിഎഫ് രംഗത്തിറക്കി. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നേറിയ കൊടിക്കുന്നില്‍ സുരേഷ് എംപി തന്നെ ശക്തമായ പ്രചാരണം നയിച്ചിട്ടും 20529 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോവൂര്‍ കുഞ്ഞുമോന് മണ്ഡലം നിലനിര്‍ത്തി.
കുന്നത്തൂര്‍ താലൂക്കിലെ കുന്നത്തൂര്‍, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും അടങ്ങിയ കുന്നത്തൂര്‍ കൊല്ലം ജില്ലയിലെ ഏക പട്ടിക ജാതി സംവരണ മണ്ഡലമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്തിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും ഏഴ് പഞ്ചായത്തുകളില്‍ നാലിടത്തും ഇടതുമുന്നണിക്കായിരുന്നു വിജയം. പടിഞ്ഞാറേ കല്ലട, ശാസ്താംകോട്ട, ശൂരനാട് തെക്ക്, കുന്നത്തൂര്‍, ശൂരനാട് തെക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ ശൂരനാട് വടക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളില്‍ യുഡിഎഫ് അട്ടിമറി വിജയം നേടി.

2016-ലെ പിളര്‍പ്പ് ഇത്തവണയും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കപ്പെട്ട പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിലായിരുന്നു കോവൂര്‍ കുഞ്ഞുമോന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. സംവരണ മണ്ഡലമായ കുന്നത്തൂരിന് പകരം ജനറല്‍ സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍എസ്പി (എല്‍) സംസ്ഥാന സെക്രട്ടറി ബലദേവന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് കത്തുനല്‍കിയതും കോവൂര്‍ കുഞ്ഞുമോനെ വീണ്ടും മത്സരിപ്പിക്കുകയാണെങ്കില്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ നിര്ത്തുമെന്നടക്കം വെല്ലുവിളിയുയര്‍ത്തിയതും വലിയ ചര്‍ച്ചയായിരുന്നു. ഒടുവില്‍ പരസ്യപോരിലേക്ക് കടന്ന തര്‍ക്കത്തില്‍ ഇരുവിഭാഗവും മറുപക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് വരെ പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തില്‍ സിപിഐഎം കുന്നത്തൂര്‍ ഏറ്റെടുക്കുമെന്നും എംഎല്‍എ യുഡിഎഫിലെത്തുമെന്നും അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും ഒടുവില്‍ കുഞ്ഞുമോന് തന്നെ സീറ്റുറപ്പിക്കുകയായിരുന്നു.
ഇതിനിടെ ബലദേവ പക്ഷത്തെ മുന്നണിയില്‍ എത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കവും എവിടെയുമെത്താതെ പോയി. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത എംഎല്‍എ വികസന പ്രവര്‍ത്തങ്ങളെ മുന്‍നിര്‍ത്തിയാണ് വോട്ടുതേടുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപയുടെ വികസനം സാധ്യമാക്കാനായെന്ന് അവകാശപ്പെടുന്ന എംഎല്‍എ ഔദ്യോഗിക പക്ഷം തന്നെ മുന്നണിവിട്ടപ്പോഴും തന്നോടൊപ്പം നിന്ന കുന്നത്തൂരില്‍ പ്രതീക്ഷയുണ്ടെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.

എന്നാല്‍ എംഎല്‍എയെ അതേ നാണയത്തില്‍ നേരിടാന്‍ വികസനമുരടിപ്പ് ചര്ച്ചയാക്കുയാണ് യുഡിഎഫ്. അതിനായി 2016ല്‍ കോവൂര്‍ കുഞ്ഞുമോനെ നേരിട്ട ബന്ധുകൂടിയായ ഉല്ലാസ് കോവൂരിനെതന്നെയാണ് ഇത്തവണയും ഐക്യജനാധിപത്യമുന്നണി കളത്തിലിറക്കുന്നത്. മണ്ഡലത്തിലേത് രാജ്യത്തെ ഏറ്റവും രൂക്ഷമായ വികസനമുരടിപ്പാണെന്നതടക്കം വിമര്‍ശനവുമായി ഇതിനകം തന്നെ കൊടിക്കുന്നില്‍ സുരേഷ് എംപി അടക്കമുള്ള നേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
ശാസ്താംകോട്ട കായല്‍ ശുദ്ധീകരിച്ചതിന് ശേഷമേ കല്ല്യാണമുണ്ടാകൂ എന്ന് 20 വര്‍ഷമായി പറയുന്ന കുഞ്ഞുമോനില്‍ നിന്ന് മണ്ഡലം പിടിച്ച് അദ്ദേഹത്തിന് വിവാഹം കഴിക്കാന്‍ അവസരമുണ്ടാക്കും എന്നടക്കമായിരുന്നു എംപിയുടെ പ്രഖ്യാപനം. 2016-ല്‍ കന്നിയങ്കത്തിലെ തോല്‍വിയില്‍ നിന്ന് 2021-ലേക്കെത്തുമ്പോള്‍ മണ്ഡലത്തില്‍ സ്വാധീനം വര്ദ്ധിപ്പിക്കാനായെന്നതാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ആര്‍എസ്പി സംസ്ഥാന കമ്മിറ്റിയംഗവും നാടന്‍പാട്ട് കലാകാരനും കൂടിയായ ഉല്ലാസ് കോവൂരിന് ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന് ചില സര്‍വ്വേകള്‍ പ്രവചിക്കുന്നുമുണ്ട്.

എന്‍ഡിഎ മുന്നണിയില്‍നിന്ന് 2011ല്‍ ബിജെപിയും 2016-ല്‍ ബിഡിജെഎസുമായിരുന്നു കുന്നത്തൂരില്‍ മത്സരിച്ചത്. 2011-ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രാജി പ്രസാദ് 5949 വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ 2016ല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തഴവ സഹദേവന് 21752 വോട്ടുകളിലേക്ക് വോട്ടുവിഹിതമുയര്‍ത്തി പ്രകടനം മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് നേരിടാനുള്ള പ്രവര്‍ത്തകരോ ഫണ്ടോ മണ്ഡലത്തിലെ ബിഡിജെഎസിനില്ലെന്ന് ചൂണ്ടിക്കാട്ടി കുന്നത്തൂര്‍ സീറ്റ് ബിജെപി ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി രാജി പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കി ഔദ്യോഗിക പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട ബിഡിജെഎസിന് തിരിച്ചടിയായിരുന്നു നീക്കം. അട്ടിമറി പ്രതീക്ഷകളില്ലെങ്കിലും വോട്ടുവിഹിതമുയര്ത്താന് ലക്ഷ്യമിടുന്ന മണ്ഡലത്തിലാണ് ബിഡിജെഎസിന്റെ അതൃപ്തിയുണ്ടാക്കുന്ന തീരുമാനമുണ്ടായത്.