
തദ്ദേശതെരഞ്ഞെടുപ്പില്‍ പട്ടയം ലഭിക്കാതെ വോട്ട് ചെയ്യില്ലെന്ന് തീരുമാനിച്ച് 18 ഓളം കുടുംബങ്ങള്‍. തൃശ്ശൂര്‍ കുന്നംകുളത്താണ് സംഭവം. 31 വര്‍ഷമായിട്ടും പട്ടയം ലഭിക്കാത്തതാണ് വോട്ട് ചെയ്യില്ലെന്ന തീരുമാനത്തിലേക്ക് ഇവരെ എത്തിച്ചിരിക്കുന്നത്. മുന്നണികള്‍ മാറി മാറി അധികാരത്തിലേറിയിട്ടും സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കുക എന്നത് സ്വപ്നം മാത്രമായി ചുരുങ്ങുകയാണെന്നാണ് ഇവര്‍ പറയുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീനുള്പ്പെടെ ഉള്ളവര്‍ക്ക് അപേക്ഷകള്‍ നല്‍കിയിട്ടും ഇതുവരെയും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനിടെ തൊട്ടടുത്ത വാര്‍ഡിലുള്‍പ്പെടെ പല കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു. തുടര്‍ന്നാണ് പട്ടയം ലഭിച്ചില്ലെങ്കില്‍ ഇത്തവണത്തെ തദ്ദേശ തെരെഞ്ഞടുപ്പില്‍ വോട്ട് ചെയ്യേണ്ടെന്ന തീരുമാനത്തിലേക്ക് ഇവരെ കൊണ്ടെത്തിച്ചത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി ഭേദമന്യേ എല്ലാവരും പട്ടയം നല്‍കാമെന്ന് വാഗ്ദാനം ചെയ്യും. എന്നാല്‍ തെരഞ്ഞെടുപ്പിനപ്പുറം ഒരു നടപടിയും ഉണ്ടാകാറില്ലെന്നും അവര്‍ പറഞ്ഞു.
അഞ്ച് സെന്റ് ഭൂമിയും അതിലുള്ള വീടും മാത്രമാണ് പലരുടെയും സമ്പാദ്യം. പട്ടയം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ഒന്നും ഇവര്‍ക്ക് ലഭിക്കാറില്ല. അതേസമയം, പട്ടയ വിതരണം വൈകുന്നതിന് വ്യക്തമായ മറുപടി അധികൃതരുടെയോ ജനപ്രതിനിധികളുടെയോ ഭാഗത്ത് നിന്ന് ഇതുവരെയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.