Top

‘കുഞ്ഞാലിക്കുട്ടി VS കെഎം ഷാജി’; ആരാവും തലമുറ കൈമാറ്റത്തിൽ ലീ​ഗിന്റെ സർപ്രൈസ്

2006ൽ അഴിക്കോട് തോൽവിയോടെയാണ് കെ.എം ഷാജി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിന്നീട് 2011 ലും 2016ലും ചെറിയ മാർജിനിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. എന്നാൽ ഇത്തവണ കെവി സുമേഷിനോട് അമ്പേ തോറ്റു.

23 May 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കുഞ്ഞാലിക്കുട്ടി VS കെഎം ഷാജി’; ആരാവും തലമുറ കൈമാറ്റത്തിൽ ലീ​ഗിന്റെ സർപ്രൈസ്
X

മലപ്പുറം: കോൺ​ഗ്രസ് നേതൃനിരയിൽ വമ്പൻ‌ അഴിച്ചുപണികൾ നടക്കുമെന്ന സൂചനകൾക്ക് പിന്നാലെ ലീ​ഗിലും സർപ്രൈസ് മാറ്റങ്ങളുണ്ടായേക്കും. യുവനിരയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്ന് പാർട്ടിക്ക് പുതിയ മുഖം നൽകാനാണ് ലീ​ഗ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംഘടനാ ചുമതലയിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിർത്തി യുവനേതാവ് കെ.എം ഷാജിയെ കൊണ്ടുവരുമെന്നും അഭ്യൂഹങ്ങൾ ശക്തമാണ്. അഴിച്ചുപണിയിൽ നിർണായക സ്ഥാനത്തേക്ക് കെ.എം ഷാജി വരുമെന്ന സൂചനകൾ ഉണ്ടെങ്കിലും പികെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ആശീർവാദങ്ങൾ‌ അദ്ദേഹത്തിന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതതയില്ല.

2006ൽ അഴിക്കോട് തോൽവിയോടെയാണ് കെ.എം ഷാജി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പിന്നീട് 2011 ലും 2016ലും ചെറിയ മാർജിനിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു. എന്നാൽ ഇത്തവണ കെവി സുമേഷിനോട് അമ്പേ തോറ്റു. ഷാജിക്ക് 2016ൽ കിട്ടിയ ഭൂരിപക്ഷത്തിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ് സുമേഷിന് ഇത്തവണ ലഭിച്ച ഭൂരിപക്ഷം. ഈയിടുത്തുണ്ടായ കള്ളപ്പണ വിവാദത്തിൽപ്പെട്ടതും ഷാജിക്ക് വിനയാണ്. കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട്ടും നിന്നുള്ള രാഷ്ട്രീയ ആശീർവാദങ്ങൾ ലഭിക്കാതെ വന്നാൽ മറ്റു നേതാക്കളെയും പാർട്ടി പരി​ഗണിക്കും.

മറ്റൊരു യുവ നേതാവ് പികെ ഫിറോസിന് നേതൃനിരയിൽ നിർണായ സാന്നിദ്ധ്യമാവാൻ സാധിക്കുമെന്നാണ് പാർട്ടി കണക്കൂകൂട്ടുന്നത്. യൂത്ത് ലീ​ഗിലെ യുവനേതാക്കളുടെ പിന്തുണയും ഫിറോസിനുണ്ട്. ഇത്തവണ തോറ്റെങ്കിലും ഫിറോസിന് വലിയ ജനപിന്തുണയുണ്ടെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് ഏറെ അടുപ്പമുള്ള യുവനേതാവെന്ന നിലയിൽ അദ്ദേഹത്തിന് നിർണായക ഉത്തരവാദിത്വങ്ങൾ ഈ അഞ്ച് വർഷം ലഭിക്കുമെന്നത് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ കെഎം ഷാജിക്ക് ജനറൽ സെക്രട്ടറി പദവി നൽകിയാൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വാദിക്കുന്നവരും പാർട്ടിയിൽ കുറവല്ല. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി കീഴ്ഘടകങ്ങൾ മുതൽ ദേശീയ തലത്തിൽ വരെ തലമുറമാറ്റത്തിനാണ് ലീഗിനുള്ളിൽ ഇപ്പോൾ മുന്നൊരുക്കങ്ങൾ നടക്കുന്നത്.

യുഡിഎഫ് ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ ലീഗിനും അഴിച്ചുപണി ആവശ്യമാണെന്ന് ഉന്നതാധികാര സമിതിയുടെ കാഴ്ച്ചപ്പാടും നേതൃമാറ്റത്തിന് ചർച്ചകൾക്ക് കാരണമാണ്. തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രവർത്തകർ നിരാശരാകേണ്ടതില്ലെന്നും ലീഗ് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. കാലോചിതമായ മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകും. ഉടൻ തന്നെ ലീഗ് അംഗത്വ ക്യാമ്പെയ്ൻ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തെറ്റായ പ്രചരണമാമെന്ന് പറഞ്ഞ് കുഞ്ഞാലിക്കുട്ടി തള്ളി.

Next Story