‘നിങ്ങള്‍ വേട്ടക്കാര്‍ക്ക് ഒപ്പമാണോ’; പരാതി പിന്‍വലിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയോ എന്ന് പ്രതിപക്ഷ നേതാവ്

കുണ്ടറയില്‍ എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന സ്ത്രീ പീഡന പരാതിയില്‍ മന്ത്രി ശശീന്ദ്രന്‍ ഇടപെട്ട സംഭവത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ ഭരണ പക്ഷ വാക്ക് പോര്. പ്രതിപക്ഷത്തിന് വേണ്ടി കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥ് നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിനെ തുടര്‍ന്നായിരുന്നു വിഷയം ചര്‍ച്ചയായത്. എന്നാല്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മറുപടിയെ തുടര്‍ന്നായിരുന്നു സഭയില്‍ പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചത്.

കുണ്ടറ സംഭവത്തിലെ പരാതിക്കാരി എന്‍സിപി നേതാവിന്റെ മകളും ആരോപണ വിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തിന് നല്‍കിയ വിശദീകരണം.

എന്നാല്‍ മന്ത്രി ശശീന്ദ്രന്റെ ഇടപെടല്‍ പദവിക്ക് നിരക്കാത്തത് ആണെന്നായിരുന്നു മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി, സംസ്ഥാന കമ്മറ്റിയില്‍ എടുക്കാന്‍ ആണോ മന്ത്രി കുട്ടിയുടെ പിതാവിനെ വിളിച്ചത്. പെണ്‍കുട്ടിയുടെ കയ്യില്‍ കയറി പിടിച്ചു എന്ന പോലീസ് സ്റ്റേഷനില്‍ പരിഗണിക്കാനിരിക്കുന്ന പരാതി എങ്ങനെയാണ് നല്ല രീതിയില്‍ തീര്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തെറ്റായ റിപ്പോര്‍ട്ട് നല്‍കി പൊലീസ് മുഖ്യമന്ത്രിയെപ്പോലും കബളിപ്പിച്ചിരിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. മന്ത്രിമാര്‍ ഇടപെട്ടാല്‍ ഇങ്ങനെയൊക്കെത്തന്നെ ഉണ്ടാകും. ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്തിരിക്കാന്‍ എകെ ശശീന്ദ്രന്‍ അര്‍ഹനല്ല. എന്ന് മുതലാണ് മന്ത്രിമാര്‍ക്ക് പരാതി പിന്‍വലിപ്പിക്കാനുള്ള ചുമതല നല്‍കിയത്. മുഖ്യമന്ത്രി ഇതിനായി മന്ത്രിമാര്‍ക്ക് അതിന് വല്ല ഉപദേശവും കൊടുത്തിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് സഭയില്‍ ചോദിച്ചു.

എ കെ ശശീന്ദ്രനായുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം വിസ്മയിപ്പിച്ചു. സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള ലൈസന്‍സാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ സാഹചര്യത്തില്‍ സ്ത്രീധന പീഡന കേസുകള്‍ അദാലത്തില്‍ വച്ച് തീര്‍ക്കാനാകുമോ എന്നും പ്രതിപക്ഷനേതാവ് പരിഹാസിച്ചു. പരാതി ലഭിച്ച് 22 ദിവസമായിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആര്‍ ഇടാതിരുന്നത്. മന്ത്രി പരാതിക്കാരിയുടെ പിതാവിനെ മാത്രമല്ല പൊലീസിനേയും വിളിച്ചിട്ടുണ്ട്. നിങ്ങള്‍ ഇരക്കൊപ്പം ആണോ അതോ വേട്ടക്കാര്‍ക്ക് ഒപ്പമാണോ?. മുഖ്യമന്ത്രിയുടെ മറുപടി കേട്ടപ്പോള്‍ മനസ്സിലായത് നിങ്ങള്‍ വേട്ടക്കാര്‍ക്കൊപ്പം ആണെന്നാണ്. ഇതാണോ നവോത്ഥാനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ എ കെ ശശീന്ദ്രന്‍ യോഗ്യനല്ലെന്നും വിഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടി കണക്കിലെടുത്ത് സ്പീകര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും വാക്ക് ഔട്ട് ചെയ്തു.

Covid 19 updates

Latest News