Top

‘പരാതി പിന്‍വലിപ്പിക്കാം’; എന്‍സിപിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വെച്ച് കുണ്ടറ പരാതിക്കാരിയുടെ പിതാവ്, ഫോണ്‍ സംഭാഷണം റിപ്പോർട്ടറിന്

കുണ്ടറ പീഡന പരാതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. പരാതിക്കാരിയുടെ പിതാവും അഡ്വ. വര്‍ക്കല രവികുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പരാതി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ പത്മാകരന്‍ ക്രിയേറ്റ് ചെയ്ത തനിക്കും മകനുമെതിരായ പരാതി പിന്‍വലിക്കണമെന്നുമാണ് പിതാവിന്റെ ഡിമാന്‍ഡ്. ബിജെപിക്കാരുടെ കാലുപിടിച്ച് കേസ് പിന്‍വലിപ്പിക്കാമെന്നും പിതാവ് പറയുന്നുണ്ട്. വര്‍ക്കല: ഹലോ പിതാവ്: ഹലോ വര്‍ക്കല: ഞാന്‍ അഡ്വ. വര്‍ക്കല രവികുമാര്‍. പിതാവ്: നമസ്‌കാരം സര്‍. വര്‍ക്കല: ഇന്നലെ രണ്ടു തവണ വിളിച്ചു കിട്ടിയില്ല. […]

23 July 2021 6:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പരാതി പിന്‍വലിപ്പിക്കാം’; എന്‍സിപിക്ക് മുന്നില്‍ ഡിമാന്‍ഡുകള്‍ വെച്ച് കുണ്ടറ പരാതിക്കാരിയുടെ പിതാവ്, ഫോണ്‍ സംഭാഷണം റിപ്പോർട്ടറിന്
X

കുണ്ടറ പീഡന പരാതിയില്‍ വഴിത്തിരിവുണ്ടാക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. പരാതിക്കാരിയുടെ പിതാവും അഡ്വ. വര്‍ക്കല രവികുമാറും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പരാതി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ തയ്യാറാണെന്നും എന്നാല്‍ പത്മാകരന്‍ ക്രിയേറ്റ് ചെയ്ത തനിക്കും മകനുമെതിരായ പരാതി പിന്‍വലിക്കണമെന്നുമാണ് പിതാവിന്റെ ഡിമാന്‍ഡ്. ബിജെപിക്കാരുടെ കാലുപിടിച്ച് കേസ് പിന്‍വലിപ്പിക്കാമെന്നും പിതാവ് പറയുന്നുണ്ട്.

വര്‍ക്കല: ഹലോ

പിതാവ്: ഹലോ

വര്‍ക്കല: ഞാന്‍ അഡ്വ. വര്‍ക്കല രവികുമാര്‍.

പിതാവ്: നമസ്‌കാരം സര്‍.

വര്‍ക്കല: ഇന്നലെ രണ്ടു തവണ വിളിച്ചു കിട്ടിയില്ല. ഞാന്‍ രാജുവിനെ വിളിച്ച് നിങ്ങളോട് സംസാരിക്കാന്‍ പറഞ്ഞു. രാജു നിങ്ങളോട് സംസാരിച്ചുവെന്നാണ് പറഞ്ഞത്. നമുക്ക് കാര്യങ്ങള്‍ എങ്ങനെയെങ്കിലും സെറ്റില്‍ ചെയ്യണം. ബാക്കിയൊക്കെ എന്താണെന്ന് വെച്ചാല്‍ നമുക്ക് ചെയ്യാം. കാര്യങ്ങളൊക്കെ എനിക്കറിയാം. ഞാന്‍ വഴക്കു പറഞ്ഞു. വായില്‍ തോന്നിയതോക്കെ പറഞ്ഞിട്ടുണ്ട്. ചെയ്യരുതെന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒന്ന് സംസാരിച്ച് സെറ്റില്‍ ചെയ്യ്.

പിതാവ്: സാറെ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരു കൈ അല്ല ഇപ്പോള്‍. എന്നാലും ഞാന്‍ സംസാരിച്ച് നോക്കാം. പക്ഷേ ഒരു ഡിമാന്‍ഡ് ഉണ്ട്. ഈ പത്മാകരന്‍ ക്രിയേറ്റ് ചെയ്ത കേസാണ് എന്നെ മകനേം ജയിലിലിട്ടത്.

വര്‍ക്കല: അത് ശരി

പിതാവ്: ആ കേസ് പിന്‍വലിപ്പിച്ചാല്‍ ബിജെപിക്കാരുടെ അടുത്തും മകളേടുത്തും കാലുപിടിച്ച് ഞാനും പിന്‍വലിപ്പിക്കാം.

വര്‍ക്കല: ഒന്ന് നോക്കൂ. ഞാന്‍ വിളിക്കാം.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ക്കാരുമായി ഉണ്ടായ പരാതിയില്‍ താനും മകനും ജയിലില്‍ കിടന്നതായി പരാതിക്കാരിയുടെ പിതാവ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ഏതാണ്ട് 40ലധികം ദിവസം കേസില്‍ ഇയാളും മകനും റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. വധശ്രമത്തിനാണ് കേസ്. തന്റെ പിതാവിന്റെ ശബ്ദം തന്നെയാണ് ഓഡിയോയില്‍ കേള്‍ക്കുന്നതെന്ന് പരാതിക്കാരിയും സമ്മതിച്ചിട്ടുണ്ട്. അതേസമയം ഇത്തരമൊരു സംഭാഷണം തന്റെ ഓര്‍മ്മയില്‍ ഇല്ലെന്ന് അഡ്വ. വര്‍ക്കല രവികുമാര്‍ പറയുന്നു.

‘കേസില്‍ നിരവധി തെളിവുകളുണ്ടെന്നും ഇതെല്ലാം പാർട്ടിക്ക് (ബിജെപി) കൈമാറിയിട്ടുണ്ട്. നിലവില്‍ എല്ലാ കോള്‍ റെക്കോര്‍ഡിംഗുകളും ഒന്നിച്ച് മാധ്യമങ്ങളിലൂടെ പുറത്തുവിടാനാണ് ആലോചിക്കുന്നത്. പൊലീസിനും കൈമാറിയിട്ടുണ്ട്. വര്‍ക്കല രവികുമാറാണോ ഓഡിയോയിലുള്ളതെന്ന് അറിയില്ല. ശബ്ദ്ം തന്റെ പിതാവിന്റേത് തന്നെയാണ്.’

പരാതിക്കാരി

അയല്‍ക്കാരുമായുള്ള തര്‍ക്കം കാരണം കുടുംബ വീടില്‍ നിന്ന് മാറി വാടക വീട്ടിലാണ് പരാതിക്കാരിയും കുടുംബവും താമസിക്കുന്നതെന്നാണ് വിവരം. പ്രസ്തുത കേസ് പത്മാകരനുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് പരാതിക്കാരിയുടെ പിതാവ് റിപ്പോര്‍ട്ടറിന് പറഞ്ഞിരുന്നു. എന്നാല്‍ പുറത്തുവന്നിരിക്കുന്ന ഓഡിയോയില്‍ പറയുന്നത് മറ്റൊരു തരത്തിലാണ്. അതേസമയം വധശ്രമക്കേസ് ഒത്തുതീര്‍പ്പിലാക്കാന്‍ എന്‍സിപി ശ്രമിച്ചുവെന്ന് വിവരമില്ല.

പീഡന പരാതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും രണ്ട് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും മന്ത്രി ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. ‘വിഷയത്തില്‍ പരാമര്‍ശിക്കപ്പെട്ട രണ്ട് പേരും എന്റെ പാര്‍ട്ടിക്കാരനാണ്. പ്രശ്നം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്താണുണ്ടായത് എന്ന് അന്വേഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. നല്ല നിലക്ക് തീര്‍ക്കാന്‍ പറ്റുന്നതാണോയെന്നാണ് അന്വേഷിച്ചത്. മറ്റ് നിര്‍ദേശങ്ങളൊന്നും കൊടുത്തിട്ടില്ല. വിളിക്കുന്ന സമയത്ത് പ്രശ്നം എന്താണെന്ന് അറിഞ്ഞിരുന്നില്ല. അത് ഏതൊരു പാര്‍ട്ടിക്കാരനും ചെയ്യുന്നതാണ്.’ എകെ ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ആരോപണ വിധേയനായ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പത്മാകരനുള്‍പ്പെടെ മൂന്ന് പേരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരിയായ യുവതി.

പ്രചാരണത്തിനിടെ യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരന്‍ കൈയില്‍ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കയ്യില്‍ കടന്നുപിടിച്ചെന്ന പരാതിക്ക് പുറമെ യുവതിയുടെ പേരില്‍ വ്യാജ ഐഡിയുണ്ടാക്കി മോശം പ്രചാരണം നടത്തിയെന്നും ആക്ഷേപമുണ്ട്.

Next Story