Top

ചാക്കോച്ചന്റെ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ടീമിനൊപ്പമുള്ള ചിത്രം; ഈ വർഷം തന്നെ കേസ് കൊടുക്കുമെന്ന് താരം

കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പങ്കുവെച്ചത്.

6 March 2021 10:34 PM GMT
ഫിൽമി റിപ്പോർട്ടർ

ചാക്കോച്ചന്റെ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ ടീമിനൊപ്പമുള്ള ചിത്രം; ഈ വർഷം തന്നെ കേസ് കൊടുക്കുമെന്ന് താരം
X

കുഞ്ചാക്കോ ബോബനും ആൻഡ്രോയിഡ് കുഞ്ഞപ്പൻ ടീമും ഒന്നിക്കുന്ന പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു. ‘ന്നാ,താൻ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പങ്കുവെച്ചത്.

എന്നാ പിന്നെ… രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം,ല്ലേ !!! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സന്തോഷ് ടി കുരുവിള, ആഷിഖ് അബു മധു നീലകണ്ഠൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കർ ….പിന്നെ ഞാനും !!!! ”ന്നാ,താൻ കേസ് കൊട്”. ഈ വർഷം തന്നെ കൊടുക്കും. ആന്‍ഡ്രോയിഡ് വേർഷൻ മുതൽ നാടൻ വേർഷൻ വരെ.

കുഞ്ചാക്കോ ബോബൻ

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ്. മധു നീലകണ്ഠൻ ഛായാഗ്രഹണം. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫർ ഇടുക്കി, ഗായത്രി ശങ്കർ തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

കഴിഞ്ഞ ദിവസമാണ് തന്റെ അടുത്ത നിര്‍മ്മാണ സംരംഭത്തിന്റെ വിവരങ്ങള്‍ ചാക്കോച്ചന്‍ പങ്കുവെച്ചത്. ‘അറിയിപ്പ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഫേസ്ബുക്കിലൂടെയാണ് വിവരം അറിയിച്ചത്. തന്റെ മകനും, മഹേഷ് നാരായണനും, ഷെബിന്‍ ബെക്കറും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.

മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിങ് എന്നീ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ അതേ ടീം തന്നെയാണ് ഈ ചിത്രത്തിലും പ്രവര്‍ത്തിക്കുന്നത്.

ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു ചാക്കോച്ചന്‍. തമാശയ്ക്കു ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭീമന്റെ വഴി’. ചെമ്പന്‍ വിനോദ് ജോസ്, ചിന്നു ചാന്ദ്‌നി എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിക് അബു, റിമാ കല്ലിങ്കല്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ. മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

അതേസമയം ‘നിഴല്‍’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ഏപ്രില്‍ ആദ്യവാരം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയാണ് ചിത്രത്തിലെ നായിക. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ‘മോഹനന്‍ കുമാര്‍ ഫാന്‍സ്’, ‘നായാട്ട്’, ‘പട’, ‘മറിയം ടൈലേഴ്‌സ്’, ‘ഗര്‍ര്‍’ എന്നീ ചിത്രങ്ങളാണ് 2021ല്‍ പുറത്തിറങ്ങാനിരിക്കുന്ന മറ്റ് കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങള്‍.

Next Story