‘ജാതി ജിഹാദ്’; തീവ്രവാദിയാണെങ്കിലും കരുണ വേണമെന്ന് വരന്‍; ബ്രാഹ്മണ യുവതിയെ ആവശ്യമുണ്ടെന്ന പരസ്യം ട്വീറ്റ് ചെയ്ത് കുനാല്‍ കമ്ര

യുപി സര്‍ക്കാര്‍ ‘ലൗ ജിഹാദ്’ നിയമനടപടികളുമായി മുന്നേറവെ ബിഹാറില്‍ നിന്നുള്ള ഡോക്ടറുടെ മാട്രിമോണിയല്‍ പരസ്യം പങ്കുവെച്ച് സ്റ്റാന്‍ഡ്അപ്പ്‌ കൊമേഡിയന്‍ കുനാല്‍ കമ്ര. ജാതിയടക്കമുള്ള നിബന്ധനകള്‍ മുന്നോട്ടുവെയ്ക്കുന്ന മാട്രിമോണിയല്‍ പരസ്യം ‘ജാതി ജിഹാദ്’ എന്ന തലക്കുറിപ്പോടെയാണ്‌ കുനാല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്‌. ഇരുപതോളം നിബന്ധനകളുള്ള പത്രപരസ്യത്തില്‍ ജാര്‍ഖണ്ഡില്‍ നിന്നോ ബിഹാറില്‍ നിന്നോ ഉള്ള ബ്രാഹ്മിണ യുവതികളെ ആവശ്യമുണ്ടെന്നാണ് പറയുന്നത്.

പത്രത്തില്‍ കൊടുത്തിരിക്കുന്ന പരസ്യത്തില്‍ അഭിനന്ദറാവു എന്ന ബിഹാറില്‍ നിന്നുള്ള മുപ്പത്തിയൊന്ന് വയസ്സുകാരനായ ഡോക്ടര്‍ (നിലവില്‍ പ്രാക്ടീസ് ചെയ്യുന്നില്ല) ബ്രാഹ്മണജാതിയിലെ ഭരദ്വാജ്‌ വിഭാഗത്തില്‍പ്പെടുന്നയാളാണെന്ന് പരസ്യത്തില്‍ പറയുന്നു. തുടര്‍ന്ന് വധുവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ പട്ടികയാണ് കൊടുത്തിരിക്കുന്നത്.

വെളുത്ത നിറമുള്ള സുന്ദരിയും പതിവ്രതയും വിശ്വസ്തയും ആയിരിക്കണം പെണ്‍കുട്ടി. സേഹം, കരുതല്‍, ധൈര്യം, ശക്തി എന്ന ഗുണങ്ങളോടൊപ്പം സമ്പന്നയുമായിരിക്കണം. കൂടാതെ ഇന്ത്യയോട് തീവ്രമായ രാജ്യസ്‌നേഹവും ഇന്ത്യയുടെ സൈനിക- കായികരംഗങ്ങളുടെ വളര്‍ച്ചയില്‍ വളരെയധികം താതപര്യമുണ്ടായിരിക്കണമെന്നും പരസ്യം ആവശ്യപ്പെടുന്നു. തീവ്ര ആശയവാദിയാണിങ്കെലും ദയാലുവായിരിക്കണം, കുട്ടികളെ വളര്‍ത്തുന്നതില്‍, പാചകത്തില്‍ എന്നിവയില്‍ വിദഗ്ദയായിരിക്കണം, ജാതകം മുപ്പത്തിയാറ് ഗുണങ്ങളോടെ ചേരണമെന്നും പരസ്യത്തില്‍ ആവശ്യപ്പെടുന്നു.

അതേസമയം, ഇത്രയും ഗുണങ്ങളുള്ള പെണ്‍കുട്ടിയ്ക്ക് ജോലിയുണ്ടാണമെന്നും പരസ്യത്തില്‍ നിബന്ധനയുണ്ട്.

റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയ്ക്ക് ജാമ്യമനുവദിച്ചതിന് പിന്നാലെ സുപ്രീം കോടതിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതാണ് കുനാല്‍ കമ്രയ്ക്കെതിരെയുള്ള ആദ്യ കോടതിയലക്ഷ്യ പരാതിക്ക് കാരണമായത്. അറ്റോര്‍ണി ജനറലിന് അഭിഭാഷകനായ റിസ്വാന്‍ സിദ്ദിഖിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ തനിക്കെതിരെ വന്ന പരാതിക്കെതിരെ ‘വിട്ടുവീഴ്ച്ചയോടെ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്താന്‍ താനാരാണ്’ എന്ന് പ്രതികരിച്ച കുനാലിന്റെ പിന്നീടുള്ള പല പരാമര്‍ശങ്ങളിലും കോടതിയലക്ഷ്യത്തിന് ക്രിമിനല്‍ കേസെടുക്കാന്‍ അറ്റോര്‍ണി ജനറലും പ്രിന്‍സിപ്പല്‍ ലോ ഓഫീസറും അനുമതി കൊടുത്തിരുന്നു.

രാഷ്ട്ര താല്‍പര്യങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടാണ് സുപ്രീംകോടതി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്, മഹാത്മ ഗാന്ധിയുടെ ചിത്രം മാറ്റി ഹരീഷ് സാല്‍വെയുടെ ചിത്രം വെക്കേണ്ട സമയമായെന്നുമായിരുന്നു കോടതിയലക്ഷ്യത്തിനാധാരമായ ട്വീറ്റ്.

Covid 19 updates

Latest News