COVID IN INDIA

‘യൂറോപ്പിലെ സാഹചര്യം മറ്റൊന്ന്’; ഇന്ത്യയിലെ മരണങ്ങള്‍ മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലെന്ന് കുനാല്‍ കമ്ര

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് വരുന്നത് പോലെ തന്നെ മരണ നിരക്കും ദിനം പ്രതി വര്‍ധിച്ച് വരുകയാണ്. രാജ്യത്തെ ഭൂരിഭാഗം മരണങ്ങളുടെയും കാരണം ഓക്‌സിജന്‍ ക്ഷാമമാണ്. ഓക്‌സിജന്‍ ഉടനെത്തും എന്ന് കേന്ദ്രം പറയുന്നതല്ലാതെ ജനങ്ങള്‍ അനുഭവിക്കുന്ന നരക തുല്യമായ അവസ്ഥയെ മറികടക്കാന്‍ വേണ്ടി ഒന്നും തന്നെ പ്രധാനമന്ത്രി ചെയ്തിട്ടില്ല. വളരെ അനാസ്തയോടെയാണ് രാജ്യത്തെ മരണ സംഖ്യ ഉയരുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നതെന്ന വിമര്‍ശനം ലോകരാജ്യങ്ങളില്‍ നിന്നുവരെ ഇന്ത്യയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സ്റ്റാന്റ് അപ്പ് കൊമേഡിയനായ കുനാല്‍ കമ്ര വീണ്ടും വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

യുറോപ്പില്‍ കൊവിഡ് വന്ന് ആളുകള്‍ മരിക്കുന്നത് അവര്‍ക്ക് പ്രതിരോധ ശേഷി ഇല്ലാത്തതിനാലാണ്. എന്നാല്‍ ഇന്ത്യയിലെ കാര്യം അങ്ങനെയല്ല. രാജ്യത്ത് മരണം സംഭവിക്കുന്നത് മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലാണെന്നാണ് കുനാല്‍ പറഞ്ഞത്. ട്വിറ്ററില്‍ ഇന്ത്യലെ കൊവിഡ് പ്രതിസന്ധിയെ കുറിച്ച് പീയിങ്ങ് ഹ്യുമണ്‍ എന്ന യൂട്യൂബ് ചാനല്‍ ചെയ്ത വീഡിയോ പങ്കുവെച്ചാണ് കുനാല്‍ ഇക്കാര്യം പരമാര്‍ശിച്ചിരിക്കുന്നത്.

‘യൂറോപ്പില്‍ കൊവിഡ് ബാധിച്ച് ആളുകള്‍ മരിക്കുന്നത് പ്രതിരോധശേഷി ഇ്ല്ലാത്തതുകൊണ്ടാണ്. ഇന്ത്യയില്‍ മരണം സംഭവിക്കുന്നത് മോദിക്ക് സഹാനുഭൂതി ഇല്ലാത്തതിനാലും’

കുനാല്‍ കമ്ര

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 3498 പേര്‍ മരണപ്പെട്ടു. 3,86,452 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി. മരണ നിരക്കും 2,08,330 ആയി ഉയര്‍ന്നു.

കൂടാതെ രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്.

അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയുള്ള ലോക്ക്ഡൗണിനായാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികള്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക.

ശുപാര്‍ശയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ നിലവില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് അല്ലെങ്കില്‍ ഓക്‌സിജന്‍ ഐസിയു കിടക്കകളില്‍ 60 ശതമാനത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണവും ലോക്ക്ഡൗണ്‍ നടപടികളും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍.

Covid 19 updates

Latest News