Top

‘ഘടകകക്ഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു’; മന്ത്രിസഭാരൂപീകരണം വൈകുന്നതില്‍ വിമര്‍ശനവുമായി കുമ്മനം

ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിമര്‍ശനം.

11 May 2021 7:19 AM GMT

‘ഘടകകക്ഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു’; മന്ത്രിസഭാരൂപീകരണം വൈകുന്നതില്‍ വിമര്‍ശനവുമായി കുമ്മനം
X

കൊച്ചി: കേരളത്തില്‍ മന്ത്രിസഭാരൂപീകരണം വൈകുന്നതില്‍ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ വിമര്‍ശനം.

കൊവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്പോള്‍ കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാത്തതും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബിജെപി നേതാവിന്റെ വിമര്‍ശനം.

ബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായി. കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്. വളരെ ഭീതിദവും ഉല്‍ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

കഴിവതും വേഗം അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും കുമ്മനം രാജശേഖരന്‍ നിര്‍ദ്ദേശിച്ചു.

മെയ് 20 നാണ് രണ്ടാം പിണറായി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുക. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലൂടെയായിരുന്നു സത്യപ്രതിജ്ഞ തിയ്യതിയില്‍ തീരുമാനമെടുത്തത്. മന്ത്രിമാരും പദവികളും സംബന്ധിച്ച ചര്‍ച്ചകള്‍ ഇതിനോടകം തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.

Also Read: ‘പെട്രോള്‍ വില വീണ്ടും കൂട്ടി’; ജനങ്ങളെ വീട്ടിലിരുത്താനുള്ള തന്ത്രമെന്ന് ഇപി ജയരാജന്റെ പരിഹാസം

Next Story