Top

‘ഉമ്മന്‍ചാണ്ടിയല്ല പിണറായി വന്നാലും നേമത്ത് ബിജെപി തന്നെ ജയിക്കും’; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍

ശബരിമല വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

3 Feb 2021 12:00 AM GMT

‘ഉമ്മന്‍ചാണ്ടിയല്ല പിണറായി വന്നാലും നേമത്ത് ബിജെപി തന്നെ ജയിക്കും’; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് കുമ്മനം രാജശേഖരന്‍
X

പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നേമം മണ്ഡലത്തില്‍ ഏത് ഉന്നതന്‍ വന്നാലും വിജയം ബിജെപിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയല്ല, പിണറായി വിജയന്‍ വന്നാലും നേമം പിടിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദു മുന്നോക്ക വിഭാഗങ്ങളുടെ വോട്ട് മുന്നില്‍ക്കണ്ട് ശബരിമല മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തുന്ന യുഡിഎഫിനുനേരെയും കുമ്മനം ആഞ്ഞടിച്ചു. ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകരായിരുന്നെന്നും ശബരിമല വിഷയത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ആചാരസംരക്ഷണത്തിനായി യുഡിഎഫ് എന്താണ് ചെയ്തതെന്ന ചോദ്യവും യുഡിഎഫിനുനേരെ കുമ്മനം എയ്തുവിട്ടു. ആചാരസംരക്ഷണത്തിനായി യുഡിഎഫ് ശ്രമിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട്് അവര്‍ നിയമസഭയില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്ന് നിയമം കൊണ്ടുവന്നില്ല എന്നും കുമ്മനം ചോദിച്ചു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആചാരസംരക്ഷണത്തിനായി ത്യാഗം സഹിച്ചെന്നും ആയിരക്കണക്കിന് പ്രവര്‍ത്തകരെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തെന്നും കുമ്മനം ആരോപിച്ചു.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്തും സ്വാധീന മണ്ഡലങ്ങളായ വട്ടിയൂര്‍കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ ശക്തരായ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്. നേമത്തോ വട്ടിയൂര്‍കാവിലോ തിരുവനന്തപുരത്തോ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ട് വെച്ച ആവശ്യം. എന്നാല്‍ സ്വന്തം മണ്ഡലമായ പുതുപ്പള്ളി ഉപേക്ഷിക്കില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞികിടക്കുന്നതാണെന്നും ആജീവനാന്തം അതില്‍ മാറ്റമുണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Next Story