
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ സമിതിയില്‍ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധി സ്ഥാനം. കുമ്മനമാണ് തങ്ങളുടെ പ്രതിനിധിയെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ക്ഷേത്ര ഭരണസമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിയ്ക്ക് കത്ത് നല്കി.
മുന്‍പ് നിശ്ചയിച്ചിരുന്ന ഹരികുമാരന്‍ നായരെ മാറ്റിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നാമനിര്‍ദ്ദേശം. ഇക്കാര്യം ജില്ലാ ജഡ്ജിക്ക് അയച്ച കത്തില്‍ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി. പത്മനാഭസ്വാമിക്ഷേത്ര സമിതിയിലെ തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രതിനിധിയെ മുന്‍പ് നിശ്ചയിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രിം കോടതി അഞ്ചംഗ ഭരണസമിതിയെ നിര്‍ദ്ദേശിച്ച് വിധി പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ട്രസ്റ്റ് നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി എന്നിവരാണ് അംഗങ്ങളായുള്ളത്.
മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തിലെത്തിയ കുമ്മനം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചില്ലെങ്കിലും കുമ്മനത്തിന് പ്രധാനസ്ഥാനം നല്‍കുമെന്ന വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന പരാതി പിന്നീട് ഉയര്‍ന്നു. ബിജെപി ദേശീയ പുനസംഘടനയില്‍ കുമ്മനം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ തഴഞ്ഞെന്നാരോപിച്ച് സംസ്ഥാന ഘടകത്തിലെ പലവിഭാഗങ്ങള്‍ക്കും അമര്‍ഷമുണ്ട്.