Top

കുംഭമേളക്കിടെ കൊവിഡ് പോസിറ്റീവ് ; ക്വാറന്റൈന്‍ നിർദ്ദേശിച്ച സന്യാസി തിരക്കുള്ള ട്രെയിനിൽ സഞ്ചരിച്ചത് 1000 കിലോമീറ്ററോളം

തിരക്കുള്ള ട്രെയിനിലും ഷെയർ ടാക്സിയിലും സഞ്ചരിക്കുക വഴി എത്ര പേർക്കാകും സന്യാസി രോഗം പകർന്നിട്ടുണ്ടാകുക എന്നത് ആശങ്കാജനകമാണെന്ന് അവർ ചൂണ്ടികാണിക്കുന്നു.

10 May 2021 3:15 AM GMT

കുംഭമേളക്കിടെ കൊവിഡ് പോസിറ്റീവ് ; ക്വാറന്റൈന്‍ നിർദ്ദേശിച്ച സന്യാസി തിരക്കുള്ള ട്രെയിനിൽ സഞ്ചരിച്ചത് 1000 കിലോമീറ്ററോളം
X

കുംഭമേളക്കിടെ കൊവിഡ് പോസിറ്റീവ് ആയ സന്യാസി ക്വാറന്റൈന്‍ നിർദ്ദേശം ലംഘിച്ചു 1,000 കിലോമീറ്ററോളം സഞ്ചരിച്ചു. 80കാരനായ മഹന്ത് ശങ്കർ ദാസ് എന്ന സന്യാസിയാണ് കുംഭമേളക്കിടെ കൊവിഡ് പോസിറ്റീവ് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ക്വാറന്റൈയ്നിൽ പോകാൻ അദ്ദേഹത്തോട് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

എന്നാൽ ക്വാറൻറ്റെയ്നിൽ പോകുന്നതിന് പകരം ശങ്കർദാസ് ജനതിരക്കുള്ള ട്രെയിനിൽ കയറി 1,000 കിലോമീറ്ററോളം ദൂരെ വാരണാസിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്നീട് ഒരു ഷെയർ ടാക്സി ഉപയോഗിച്ചാണ് ശങ്കർ ദാസ് മിർസാപൂരിനടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്കെത്തിയത്.

താൻ മറ്റാർക്കും രോഗബാധയുണ്ടാക്കില്ലെന്ന് ശങ്കർ ദാസ് പ്രസ്താവിച്ചുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ മകനും മറ്റ് ചില ഗ്രാമീണർക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. 13 മരണങ്ങളാണ് ഗ്രാമത്തിൽ ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ശങ്കർ ദാസിൽ നിന്നും എത്ര പേർക്ക് കൊവിഡ് ബാധിച്ചു എന്ന് കണക്കില്ലെങ്കിലും തീർത്തും നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നു അതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. തിരക്കുള്ള ട്രെയിനിലും ഷെയർ ടാക്സിയിലും സഞ്ചരിക്കുക വഴി എത്ര പേർക്കാകും സന്യാസി രോഗം പകർന്നിട്ടുണ്ടാകുക എന്നത് ആശങ്കാജനകമാണെന്ന് അവർ ചൂണ്ടികാണിക്കുന്നു.

കുംഭമേളയിൽ പങ്കെടുത്ത സന്യാസിമാർ മൂലം ഒഡീസ, രാജസ്ഥാൻ, കർണ്ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൻ രോഗ വർധനവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസം ഹരിദ്വാറിലാണ് ദശലക്ഷക്കണക്കിന് ഹിന്ദുഭക്തർ ഒത്തുചേർന്ന കുംഭമേള ഉത്സവം നടന്നത്.


കൊവിഡിന്റെ മാരകമായ രണ്ടാം തരംഗത്തെ ഇന്ത്യ നേരിടുന്ന സാഹചര്യത്തിൽ കുംഭമേള ഒരു “സൂപ്പർ സ്പ്രെഡർ ഇവന്റ്” ആയേക്കുമെന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെ മേളയിൽ നിന്നും മടങ്ങിയെത്തിയവരിൽ പലർക്കും രോഗബാധയും റിപ്പോർട്ട് ചെയ്യുകയായിരുന്നു.

Next Story