‘വ്യാജവാര്‍ത്ത ഇനി ബിജെപി ഐടി സെല്ലില്‍ നിന്ന് കടം വാങ്ങേണ്ടി വരും’; കോണ്‍ഗ്രസ് നേതാവുമായി സംഘട്ടനമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജെനീഷ് കുമാര്‍ എംഎല്‍എ
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായി സംഘട്ടനമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി സിപിഐഎം എംഎല്‍എ കെ യു ജനീഷ് കുമാര്‍. സ്ഥിരം ശൈലിയിലുള്ള കള്ളങ്ങള്‍ പറയണമെന്ന് എംഎല്‍എ പരിഹസിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ മുഴുവന്‍ വ്യാജ വാര്‍ത്തകളും അടിച്ചുവിട്ടാല്‍ ബാക്കി ബിജെപി ഐടി സെല്ലില്‍ നിന്ന് കടം വാങ്ങേണ്ടി വരുമെന്നും കോന്നി എംഎല്‍എ പ്രതികരിച്ചു കെ യു ജനീഷ് കുമാറിന്റെ പ്രതികരണം “കള്ളം പ്രചരിപ്പിക്കുമ്പോള്‍ ‘അക്രമത്തിന് നേതൃത്വം കൊടുത്ത് സിപിഐഎം എംഎല്‍എ അല്ലെങ്കില്‍ ‘പണി കഴിപ്പിച്ച 100 റോഡുകളില്‍ നിന്ന് […]

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായി സംഘട്ടനമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി സിപിഐഎം എംഎല്‍എ കെ യു ജനീഷ് കുമാര്‍. സ്ഥിരം ശൈലിയിലുള്ള കള്ളങ്ങള്‍ പറയണമെന്ന് എംഎല്‍എ പരിഹസിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോള്‍ മുഴുവന്‍ വ്യാജ വാര്‍ത്തകളും അടിച്ചുവിട്ടാല്‍ ബാക്കി ബിജെപി ഐടി സെല്ലില്‍ നിന്ന് കടം വാങ്ങേണ്ടി വരുമെന്നും കോന്നി എംഎല്‍എ പ്രതികരിച്ചു
കെ യു ജനീഷ് കുമാറിന്റെ പ്രതികരണം
“കള്ളം പ്രചരിപ്പിക്കുമ്പോള്‍ ‘അക്രമത്തിന് നേതൃത്വം കൊടുത്ത് സിപിഐഎം എംഎല്‍എ അല്ലെങ്കില്‍ ‘പണി കഴിപ്പിച്ച 100 റോഡുകളില്‍ നിന്ന് എംഎല്‍എ വീട്ടിലേക്ക് കൊണ്ട് പോയത് 200 കോടി, കുരുക്ക് മുറുകുന്നു’ എന്നൊക്കെയുള്ള നിങ്ങളുടെ സ്ഥിരം പാറ്റേണിലെ കള്ളങ്ങള്‍ പറയാന്‍ ശ്രദ്ധിക്കുക. അല്ലാതെ ഇതൊരുമാതിരി..! ഇലക്ഷന് തീയതി പ്രഖ്യാപിച്ചിട്ടല്ലെ ഒള്ളൂ ഇപ്പോഴെ വ്യാജവാര്‍ത്ത മൊത്തം അടിച്ചു വിട്ടാല്‍ ബാക്കി ബിജെപി ഐ ടി സെല്ലിന്റ കയ്യില്‍ നിന്ന് കടം വാങ്ങേണ്ടി വരുമല്ലോ…ഒരു മര്യാദയൊക്കെ വേണ്ടടേ.?”
ജെനീഷ് കുമാര്‍ എംഎല്‍എയുടെ സ്വന്തം നാടായ സീതത്തോടില്‍ വെച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര് നായരുമായി സംഘട്ടനമുണ്ടായെന്നും എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ വെബ്സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ കോന്നി എംഎല്‍എ സംഭവം സ്ഥിരീകരിക്കുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്തിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ ആരോപിക്കുന്നത്
“സീതത്തോടില്‍ 17 വര്‍ഷം മാത്രം പഴക്കമുള്ള പഞ്ചായത്ത് വക ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുനീക്കി പുതിയത് നിര്‍മ്മിക്കാനുള്ള നീക്കം അഴിമതി നടത്താനാണെന്ന് ആരോപണം ഉയര്‍ന്നു. ഷോപ്പിങ് കോംപ്ലക്സ് പൊളിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ജെസിബിയുമായി എത്തി. പൊളിക്കല്‍ തടയാനായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രതീഷ് ആര് നായരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. സീതത്തോട്ടിലെ വീട്ടില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ജെനീഷ് കുമാര്‍ എംഎല്‍എ സംഭവസ്ഥലത്തെത്തി. കോണ്‍ഗ്രസ് നേതാവുമായി വാക്കുതര്‍ക്കമുണ്ടാകുകയും ജെനീഷ് കുമാര്‍ രതീഷ് ആര് നായരെ ചീത്ത വിളിച്ചെന്നും മണ്ഡലം പ്രസിഡന്റ് എംഎല്‍എയുടെ മുഖത്തടിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിപിഐഎം പ്രവര്‍ത്തകര്‍ ഉണ്ടായിട്ടും ആരും പ്രതികരിച്ചില്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ഷൂട്ട് ചെയ്ത വീഡിയോ എംഎല്‍എയുടെ അനുകൂലികള്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ആരോപണമുണ്ട്.”