Top

‘ഔഫിനെ കൊല്ലാന്‍ ലീഗിന് രണ്ടു കാരണങ്ങള്‍’; കൊലപാതകത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയെന്ന് കെടി ജലീല്‍

കാസര്‍ഗോഡ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്താന്‍ മുസ്ലീംലീഗിന് രണ്ടു കാരണങ്ങളുണ്ടായിരുന്നെന്ന് മന്ത്രി കെടി ജലീല്‍.ഒന്ന് രാഷ്ട്രീയമാണെന്നും രണ്ട് മതപരമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ വാക്കുകള്‍: ”തോല്‍ക്കുമ്പോള്‍ ആളുകളെ കൊലപ്പെടുത്തുന്നവരായി ലീഗുകാര്‍ മാറി. ഔഫ് കൊലപാതകത്തിന് പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഔഫിനോട് ശത്രുതയുണ്ടാകാന്‍ രണ്ട് കാരണങ്ങളാണ് ലീഗിനുള്ളത്. ഒന്ന് രാഷ്ട്രീയം. ഔഫ് രാഷ്ട്രീയമായി ഡിവൈഎഫ്ഐയുടെ കൂടെ നില്‍ക്കുന്നു, കഴിഞ്ഞ തദ്ദേശ […]

26 Dec 2020 12:46 AM GMT

‘ഔഫിനെ കൊല്ലാന്‍ ലീഗിന് രണ്ടു കാരണങ്ങള്‍’; കൊലപാതകത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയെന്ന് കെടി ജലീല്‍
X

കാസര്‍ഗോഡ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്താന്‍ മുസ്ലീംലീഗിന് രണ്ടു കാരണങ്ങളുണ്ടായിരുന്നെന്ന് മന്ത്രി കെടി ജലീല്‍.
ഒന്ന് രാഷ്ട്രീയമാണെന്നും രണ്ട് മതപരമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു. ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിയുടെ വാക്കുകള്‍: ”തോല്‍ക്കുമ്പോള്‍ ആളുകളെ കൊലപ്പെടുത്തുന്നവരായി ലീഗുകാര്‍ മാറി. ഔഫ് കൊലപാതകത്തിന് പിന്നീല്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഔഫിനോട് ശത്രുതയുണ്ടാകാന്‍ രണ്ട് കാരണങ്ങളാണ് ലീഗിനുള്ളത്. ഒന്ന് രാഷ്ട്രീയം. ഔഫ് രാഷ്ട്രീയമായി ഡിവൈഎഫ്ഐയുടെ കൂടെ നില്‍ക്കുന്നു, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗ് കുത്തകയാക്കി വച്ചിരുന്ന രണ്ട് വാര്‍ഡുകള്‍ പിടിച്ചെടുക്കാന്‍ ഔഫ് അടക്കമുള്ളവരുടെ പ്രവര്‍ത്തനം കാരണമായി. രണ്ടാമത്തെ കാരണം മതപരമാണ്. ഔഫ് കാന്തപുരം എ പി അബബൂക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന സംഘടനയുടെ ഭാഗമാണെന്നതാണ്. ആലംപാടി ഉസ്താദിന്റെ പേരക്കുട്ടിയാണ് ഔഫ്. ലീഗിന്റെ ശത്രുതക്ക് ഇതെല്ലാം കാരണങ്ങളാണ്. ലീഗിന്റെ അക്രമ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ഔഫ്. ഏറെകാലമായി ലീഗ് അക്രമരാഷ്ട്രീയം തുടരുകയാണ്. വളരെ ചെറിയ ഒരു വീട്ടില്‍, കുടുംബത്തിന്റെ ഉത്തവാദിത്തം ഏറ്റെടുത്ത് കഴിയുന്ന ഒരു സാധാരണ വ്യക്തിയായിരുന്ന ഔഫ്. ആ കുടുംബത്തെയാണ് ലീഗ് അനാഥമാക്കിയത്. എതിരാളികളെ വകവരുത്തി അധീനപ്പെടുത്തുക എന്ന തന്ത്രമാണ് ലീഗ് കാലങ്ങളായി സ്വീകരിക്കുന്നത്.”

ഇതിനിടെ, ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടിലെത്തിയ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി തങ്ങളെയും പ്രാദേശിക മുസ്ലീംലീഗ് പ്രവര്‍ത്തകരെയും നാട്ടുകാര്‍ തടഞ്ഞു. ഔഫിന്റെ വീട്ടിലേക്ക് കടത്തി വിടില്ലെന്ന് പറഞ്ഞാണ് മുനവറലി തങ്ങളുടെ വാഹനം നാട്ടുകാര്‍ തടഞ്ഞത്. സംഘര്‍ഷ സാഹചര്യം ഉടലെടുത്തതോടെ പൊലീസ് ഇടപെട്ട് വാഹനം വിട്ടയ്ക്കുകയായിരുന്നു. തുടര്‍ന്ന് മുനവറലി തങ്ങള്‍ ഔഫിന്റെ വീട്ടിലെത്തി. കേസില്‍ അറസ്റ്റിലായ യൂത്ത് ലീഗ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെന്നും സംഭവത്തില്‍ അപലപിക്കുന്നെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗും മുസ്ലീംലീഗും അക്രമരാഷ്ട്രീയത്തിനെതിരെയാണ്. കൊലപാതകത്തില്‍ ലീഗ് ഖേദം പ്രകടിപ്പിക്കുന്നു. കേസില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ പാര്‍ട്ടിയിലുണ്ടാവില്ലെന്നും പ്രതികളെ ഒരിക്കലും സംരക്ഷിക്കില്ലെന്നും മുനവറലി പറഞ്ഞു.

കേസില്‍ ലീഗ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പിടിയിലായത്. മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എംഎസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്‍.

കുത്തേറ്റ് ഹൃദയധമനി തകര്‍ന്ന് രക്തം വാര്‍ന്നാണ് ഔഫ് അബ്ദുള്‍ റഹ്മാന്‍ മരണപ്പെട്ടത്. നെഞ്ചില്‍ വലതുഭാഗത്തായി എട്ട് സെന്റിമീറ്റര്‍ ആഴത്തിലുള്ള കുത്തേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് കല്ലൂരാവി മുണ്ടത്തോട് വെച്ച് ഡിവൈഎഫ്ഐപ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന് കുത്തേല്‍ക്കുന്നത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരുകയായിരുന്ന അബ്ദുള്‍ റഹ്മാനെയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു.

Next Story