Top

സ്പീക്കര്‍ സ്ഥാനത്തേക്ക് കെടി ജലീലിനെ പരിഗണിച്ചേക്കും, വീണ ജോര്‍ജിന് മന്ത്രിസ്ഥാനം

വീണാ ജോര്‍ജ്, കെകെ ശൈലജ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. എന്നാല്‍ കൊവിഡ് വ്യാപന സാഹചര്യത്തില്‍ കെകെ ശൈലജ ആരോഗ്യ വകുപ്പില്‍ നിന്നും മാറിനില്‍ക്കുന്നത് ഉചിതമായ തീരുമാനല്ലെന്ന് അഭിപ്രായമുണ്ടായി.

17 May 2021 4:31 AM GMT

സ്പീക്കര്‍ സ്ഥാനത്തേക്ക് കെടി ജലീലിനെ പരിഗണിച്ചേക്കും, വീണ ജോര്‍ജിന് മന്ത്രിസ്ഥാനം
X

തിരുവനന്തപുരം: കെ.ടി ജലീലിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത. വീണ ജോര്‍ജിന് മന്ത്രിസ്ഥാനം നല്‍കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് ജലീലിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. സിപിഐഎമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നതായിട്ടാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്ന അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. പക്ഷേ ലോകായുക്ത കേസില്‍ പ്രോസിക്യൂഷന്‍ നടപടി ഉണ്ടായാല്‍ സര്‍ക്കാരിന് തുടക്കത്തില്‍ അത് പ്രശ്‌നമാകും. അതു കൂടി പരിഗണിച്ചേ ജലീലിന് സ്പീക്കര്‍ സ്ഥാനം നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാവുകയുള്ളു. നേരത്തെ സിപിഐഎം വനിതാ സ്പീക്കറെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വീണാ ജോര്‍ജ്, കെകെ ശൈലജ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നത്. എന്നാല്‍ കൊവിഡ് വ്യാപന സാഹചര്യത്തില്‍ കെകെ ശൈലജ ആരോഗ്യ വകുപ്പില്‍ നിന്നും മാറിനില്‍ക്കുന്നത് ഉചിതമായ തീരുമാനല്ലെന്ന് അഭിപ്രായമുണ്ടായി. ഇതോടെയാണ് കെകെ ശൈലജയെ നിലനിര്‍ത്തി മറ്റുള്ള മന്ത്രിസ്ഥാനങ്ങളില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. 10 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഉണ്ടാവുക. കെകെ ശൈലജ ആരോഗ്യ വകുപ്പില്‍ തുടരുമെന്ന് വ്യക്തമായതോടെ വീണ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു.

അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ജലീലിനെ കൂടി പരിഗണിച്ചേക്കാമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നു. 21 അംഗങ്ങളുള്ള മന്ത്രിസഭയില്‍ സിപിഐഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. സിപിഐഎമ്മിന് പിന്നാലെ സിപിഐയും പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്.

ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്. കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും.

Next Story