Top

’80: 20 അനുപാതം ഒരു മുസ്ലീം സംഘടനയും ചോദ്യം ചെയ്തില്ല’; ലീഗ് പൂരം കഴിഞ്ഞ് വെടിക്കെട്ട് നടത്തി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കെടി ജലീല്‍

തനിക്കെതിരെ ലോകായുക്ത വിധി വാങ്ങിയെടുക്കുന്നതില്‍ കാണിച്ച താല്‍പ്പര്യത്തിന്റെ ആയിരത്തിലൊന്ന് ക്ഷേമപദ്ധതി വിതരണത്തിന്റെ അനുപാതവുമായി ബന്ധപ്പെട്ട് കാണിച്ചിരുന്നെങ്കില്‍ മുസ്ലീം ലീഗ് ഇപ്പോള്‍ കാണിക്കുന്ന ആത്മാര്‍ഥത അംഗീകരിക്കാമായിരുന്നെന്ന് കെടി ജലീല്‍ പറഞ്ഞു.

31 May 2021 9:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

’80: 20  അനുപാതം ഒരു മുസ്ലീം സംഘടനയും ചോദ്യം ചെയ്തില്ല’; ലീഗ് പൂരം കഴിഞ്ഞ് വെടിക്കെട്ട് നടത്തി മുതലക്കണ്ണീര്‍ ഒഴുക്കുന്നുവെന്ന് കെടി ജലീല്‍
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ ലീഗ് ഇടപെടലുകള്‍ ആത്മാര്‍ഥത ഇല്ലാത്തതാണെന്ന് സൂചിപ്പിച്ച് മുന്‍മന്ത്രി കെടി ജലീല്‍. തനിക്കെതിരെ ലോകായുക്ത വിധി വാങ്ങിയെടുക്കുന്നതില്‍ കാണിച്ച താല്‍പ്പര്യത്തിന്റെ ആയിരത്തിലൊന്ന് ക്ഷേമപദ്ധതി വിതരണത്തിന്റെ അനുപാതവുമായി ബന്ധപ്പെട്ട് കാണിച്ചിരുന്നെങ്കില്‍ മുസ്ലീം ലീഗ് ഇപ്പോള്‍ കാണിക്കുന്ന ആത്മാര്‍ഥത അംഗീകരിക്കാമായിരുന്നെന്ന് കെടി ജലീല്‍ പറഞ്ഞു. ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിനുള്ള അനുപാതം 80:20 ആക്കിയപ്പോള്‍ ഒരു മുസ്ലീം സംഘടനും അതിനെ ചോദ്യം ചെയ്തതായി അറിവില്ലെന്ന് കെടി ജലീല്‍ ചൂണ്ടിക്കാട്ടി. നടപ്പിലാക്കി 10 കൊല്ലം കഴിഞ്ഞ് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത്, ചിലരിത് കുത്തിപ്പൊക്കിയത് ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങളെ എല്‍.ഡി.എഫിന് എതിരാക്കി തിരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയായിരുന്നു. അന്ന് പിണറായി വിജയന്റെ ബുദ്ധിപൂര്‍വ്വമായ ഇടപെടല്‍ കൊണ്ടാണ് ആ തന്ത്രം നടക്കാതെപോയതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു കെടി ജലീലിന്റെ പ്രതികരണം.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലീഗിൻ്റെ മുതലക്കണ്ണീർ

പാലൊളി കമ്മിറ്റിയുടെ ശുപാർശയിൽ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ പദ്ധതികളുടെ ഗുണഭോക്താക്കളുടെ അനുപാതം 80:20 ആക്കി 22. 2. 2011 ന് ഇറക്കിയ ഉത്തരവിനെ ഒരു മുസ്ലിം സംഘടനയും ക്രൈസ്തവ സംഘടനയും അന്നോ അതിനു ശേഷം സമീപ കാലം വരെയോ ചോദ്യം ചെയ്തതായി അറിവില്ല. അതുകൊണ്ടു തന്നെയാണ് 2011-16 കാലയളവിലെ UDF സർക്കാരും അതേ അനുപാതം തുടർന്നു പോന്നത്. 8.5.2015 ന് പുതുതായി UDF സർക്കാർ ഏർപ്പെടുത്തിയ CA/ ICWA/CS സ്കോളർഷിപ്പിന് (ഉത്തരവ് ഇമേജായി കൊടുത്തിട്ടുണ്ട്) 80:20 അനുപാതം നിശ്ചയിച്ച് ഉത്തരവിറക്കിയതും അക്കാര്യത്തിൽ അഭിപ്രായ ഐക്യം നിലനിന്നിരുന്നത് കൊണ്ടാണ്.

നടപ്പിലാക്കി 10 കൊല്ലം കഴിഞ്ഞ് ഒന്നാം പിണറായി സർക്കാരിൻ്റെ അവസാന കാലത്ത്, ചിലരിത് കുത്തിപ്പൊക്കിയത് ക്രൈസ്തവ-മുസ്ലിം ജനവിഭാഗങ്ങളെ എൽ.ഡി.എഫിന് എതിരാക്കി തിരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയായിരുന്നു. അത്തരമൊരു പ്രചരണം ക്രൈസ്തവ സമുദായത്തിലെ ചില സംഘടനകളെ കൊണ്ട് ഉയർത്തിക്കൊണ്ടുവന്നതിൻ്റെ പിന്നിൽ കോൺഗ്രസിൻ്റെയും ലീഗിൻ്റെയും തിരക്കഥ വ്യക്തവുമായിരുന്നു.

നിലവിൽ മുസ്ലിങ്ങൾക്ക് ലഭിക്കുന്ന പദ്ധതികളുടെ ആനുകൂല്യങ്ങളിൽ കുറവു വരുത്താതെ ക്രൈസ്തവ വിഭാഗത്തിന് സാമൂഹ്യ-വിദ്യാഭ്യാസ-സാമ്പത്തിക പിന്നോക്കാവസ്ഥ ഉണ്ടെങ്കിൽ അത് പരിശോധിച്ച് ശുപാർശകൾ സഹിതം റിപ്പോർട്ട് സമർപ്പിക്കുന്നതിന് റിട്ടയേഡ് ജസ്റ്റിസ് കോശിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ച ബഹുമാന്യനായ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ബുദ്ധിപരമായ ഇടപെടലാണ് UDF ൻ്റെയും തൽപര കക്ഷികളുടെയും കുടില തന്ത്രം തകർത്തത്.

കോശി കമ്മിറ്റി റിപ്പോർട്ടിന് കാത്തുനിൽക്കാതെ ഹൈകോടതിയെ സമീപിച്ച് വിധി സമ്പാദിച്ചവരുടെ ലക്ഷ്യം പ്രശ്ന പരിഹാരമല്ലെന്നുറപ്പ്. കുളം കലക്കി മീൻ പിടിക്കലായിരുന്നു അവരുടെ പരിപാടി.പത്തുകൊല്ലം തർക്കവിതർക്കങ്ങൾ കൂടാതെ എല്ലാവരും അംഗീകരിച്ചു പോന്ന ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം കോശി കമ്മീഷൻ റിപ്പോർട്ട് വരുന്നത് വരെ തുടർന്നു പോകാനുള്ള ‘ക്ഷമ’ എന്തേ ബന്ധപ്പെട്ട പരാതിക്കാർക്ക് ഇല്ലാതെ പോയി?

ഇങ്ങിനെ ഒരു കേസ് ഹൈകോടതിയിൽ വന്നപ്പോൾ അതിൽ കക്ഷിചേരാൻ മുസ്ലിംലീഗ് താൽപര്യം കാണിക്കാതിരുന്നത് എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല. എനിക്കെതിരെ അഡ്വ: ജോർജ് പൂന്തോട്ടത്തെ ബഹുമാനപ്പെട്ട ലോകായുക്ത റിട്ടയേർഡ് ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ മുമ്പിൽ ഹാജരാക്കി വിധി വാങ്ങിയെടുക്കുന്നതിൽ കാണിച്ച താൽപര്യത്തിൻ്റെ ആയിരത്തിലൊരംശം 80:20 അനുപാതം ചോദ്യം ചെയ്ത് ഹൈകോടതിയിൽ സമർപ്പിച്ച കേസിൻ്റെ കാര്യത്തിൽ ലീഗ് കാണിച്ചിരുന്നുവെങ്കിൽ വാദത്തിനെങ്കിലും ഇക്കാര്യത്തിലെ അവരുടെ ആത്മാർത്ഥത അംഗീകരിക്കാമായിരുന്നു. പൂരം കഴിഞ്ഞ് ലീഗ് നടത്തുന്ന വെടിക്കെട്ട് കാണാൻ കുറച്ച് വെൽഫെയറുകാരെയും സുഡാപ്പികളെയും കിട്ടിയെന്ന് വന്നേക്കും. ഇരു സമസ്തകളുമടക്കം ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടനയേയും ലീഗിൻ്റെ തൊക്കിൽ വെക്കാൻ കിട്ടുമെന്ന് കരുതേണ്ട.

Next Story