Top

സ്വാശ്രയകോളേജ് ജീവനക്കാരുടെ ‘മഗ്‌നാകാര്‍ട്ട’ക്ക് മന്ത്രിസഭയുടെ അനുമതി; ചരിത്രം കുറിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്ന് കെടി ജലീല്‍

ചരിത്രം കുറിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെയും വിജ്ഞാനോല്‍പാദനത്തിന്റെയും കേന്ദ്രങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ ചൂഷണത്തിന്റെയും വിദ്യാഭ്യാസ കച്ചവടത്തിന്റെയും ഇരകളാകാന്‍ പാടില്ലെന്നുള്ളതാണ് സര്‍ക്കാറിന്റെ പക്ഷം.

6 Jan 2021 6:24 AM GMT

സ്വാശ്രയകോളേജ് ജീവനക്കാരുടെ ‘മഗ്‌നാകാര്‍ട്ട’ക്ക് മന്ത്രിസഭയുടെ  അനുമതി; ചരിത്രം കുറിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്ന് കെടി ജലീല്‍
X

സ്വാശ്രയകോളേജ് ജീവനക്കാരുടെ ‘മഗ്‌നാകാര്‍ട്ട’ക്ക് ക്യാബിനറ്റ് മന്ത്രിസഭ അനുമതി നല്‍കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍. ചരിത്രം കുറിക്കുന്ന നിയമം ഉടന്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. വിജ്ഞാനത്തിന്റെയും വിജ്ഞാനോല്‍പാദനത്തിന്റെയും കേന്ദ്രങ്ങളാകേണ്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ ചൂഷണത്തിന്റെയും വിദ്യാഭ്യാസ കച്ചവടത്തിന്റെയും ഇരകളാകാന്‍ പാടില്ലെന്നുള്ളതാണ് സര്‍ക്കാറിന്റെ പക്ഷം. ധൈഷണികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായ മാന്യതയും നിയമപരമായ അവകാശ സംരക്ഷണവും ഉറപ്പുനല്‍കുക എന്ന ചരിത്രപരമായ ദൗത്യമാണ് പുതിയ സ്വാശ്രയ ബില്‍ നിറവേറ്റുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ഓരോ വര്‍ഷവും മൂന്നുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ബിരുദ പഠനത്തിന് അര്‍ഹത നേടുന്നത്. ഇവര്‍ക്കെല്ലാം ഉപരിപഠനത്തിന് നേരിട്ട് സര്‍ക്കാര്‍ സംവിധാനത്തില്‍ അവസരമൊരുക്കുന്നതിന് ഒരു സര്‍ക്കാരിനും കഴിയില്ല. അത്തരമൊരു സാഹചര്യത്തിലാണ് സ്വാശ്രയകോളേജുകള്‍ കേരളത്തില്‍ ആരംഭിക്കുന്നത്. നിലവില്‍ 1000ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയിലെ അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും.

തികച്ചും അസംഘടിതരായ ഇക്കൂട്ടര്‍ പലവിധത്തിലുളള ചൂഷണങ്ങളും തൊഴിലിടങ്ങളില്‍ നേരിടുന്നുവെന്ന ആക്ഷേപത്തിന് സ്വാശ്രയ കോളേജുകളോളം തന്നെ പഴക്കമുണ്ട്. അദ്ധ്യാപകഅനദ്ധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത, ജോലിഭാരം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളൊന്നും തന്നെ നിലവിലില്ല. ഇത്തരത്തില്‍ മുഖ്യധാരാ വിദ്യാഭ്യാസ സംസ്‌കാരത്തില്‍ നിന്ന് വേറിട്ട സേവനവേതന വ്യവസ്ഥയും അധ്യയനരീതിയും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. അധ്വാനത്തിന്റെയും വിജ്ഞാനത്തിന്റെയും വിലയറിയുന്ന ഒരു സര്‍ക്കാരിന് ഇത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കുത്തഴിഞ്ഞു കിടക്കുന്ന സ്വാശ്രയ മേഖലയില്‍ ഒരു നിയമനിര്‍മ്മാണം അതുകൊണ്ടുതന്നെ അനിവാര്യമാണെന്ന് സര്‍ക്കാരിന് പൂര്‍ണബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ‘കേരള സെല്‍ഫ് ഫിനാന്‍സിംഗ് കോളേജസ് ടീച്ചിംഗ് ആന്റ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ് ബില്‍ 2020’എന്ന പേരില്‍ ഒരു നിയമം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടത്. പ്രസ്തുത നിയമത്തിനാണ് ഇന്നത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.


സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തൊഴില്‍ സ്ഥിരത, ന്യായമായ വേതനം, സാമൂഹിക സുരക്ഷ എന്നിവയെ സംബന്ധിച്ച അരക്ഷിതാവസ്ഥയാണ്. ഇതിനൊരു പ്രതിവിധിയും സമാശ്വാസവുമായ വഴി പെട്ടെന്നൊരു നിയമനിര്‍മാണത്തിലൂടെ കൊണ്ടുവരുമ്പോള്‍ സ്വാഭാവികമായും ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. കാരണം ഈ മേഖലയിലെ തൊഴിലുടമകള്‍ക്ക് അവരുടേതായ അവകാശങ്ങളും താല്‍പ്പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടാവുക സാധാരണമാണ്. ജീവനക്കാരുടെ മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുമെന്ന ആശങ്കയും പങ്കുവെക്കപ്പെട്ടേക്കാം.

സ്വാശ്രയകോളേജുകളിലെ ജീവനക്കാരുടെ മേല്‍ അച്ചടക്ക നിയന്ത്രണം അതാത് മാനേജമെന്റുകളില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാകുന്ന അധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ മാനേജ്‌മെന്റിന്റെ ഏതൊരു നടപടിക്കെതിരെയും ബന്ധപ്പെട്ട സര്‍വകലാശാലയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമാണ് ഈ നിയമം മൂലം കൈവരുന്നത്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് ഇത്തരം അപ്പീലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയും, അത് മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ഒരു പോലെ ബാധകമാവുകയും ചെയ്യുമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

കേരളത്തില്‍ ഉണ്ടായിട്ടുള്ള പുരോഗമന പരമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കും ജനാധിപത്യ സംസ്‌കാരത്തിനും എതിരായ സമീപനങ്ങളാണ് പല സ്വാശ്രയകോളേജുകളിലും നിലനില്‍ക്കുന്നത്. ഇത് പരിഹരിയ്ക്കാനുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപകഅനദ്ധ്യാപക വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവരും മാനേജ്‌മെന്റും തമ്മില്‍ തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും അനുബന്ധ ആനുകൂല്യങ്ങളായ ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, സ്ഥാനക്കയറ്റം മുതലായവയെ സംബന്ധിച്ച പരസ്പര സമ്മത പ്രകാരമുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി കരാറില്‍ ഏര്‍പ്പെടണമെന്നാണ് പുതിയ നിയമത്തില്‍ അനുശാസിച്ചിട്ടുള്ളത്. ജോലി സമയം, ജോലി ഭാരം, തൊഴില്‍ ദിനങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ ജീവനക്കാര്‍ക്ക് സമാനമായിരിക്കുമെന്ന വ്യവസ്ഥയും, അവധി അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നിബന്ധനയും, ജീവനക്കാരുടെ ക്ഷേമവും തൊഴില്‍പരമായ മാന്യതയും ലക്ഷ്യമിട്ടുള്ളതാണ്. അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് കോളേജ് കൗണ്‍സില്‍, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റി, തുടങ്ങിയവയും സമാന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കപ്പെടുന്നവയാണ്.

ഈ രംഗത്തെ ഏതൊരു ജീവനക്കാരുടെയും ഉത്കണ്ഠയാണ്, തൊഴിലില്‍ നിന്ന് പിരിഞ്ഞതിന് ശേഷമുള്ള പരാശ്രയമില്ലാത്ത ജീവിതാവസ്ഥ. സ്വാശ്രയ കോളേജുകളില്‍ നിയമിക്കപ്പെടുന്ന എല്ലാവരെയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് ഫണ്ടിലും അതിനോടനുബന്ധിച്ചുള്ള പെന്‍ഷന്‍ പദ്ധതിയിലും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം എന്ന വ്യവസ്ഥ ഈ നിയമത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്, ജീവനക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല. മാത്രവുമല്ല എല്ലാ ജീവനക്കാരെയും ഭാരത സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലും ആറു മാസത്തിനുള്ളില്‍ ചേര്‍ത്തിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. സ്വാശ്രയ കോളേജുകളില്‍ നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കല്‍ തീയതിയും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന
പ്രകാരമായിരിക്കും.

സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതാവസ്ഥയും ഗുണമേന്മയെ സംബന്ധിച്ച ഉല്‍ക്കണ്ഠയും പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണ്. അതതു വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട റഗുലേറ്ററി സംവിധാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ജീവനക്കാര്‍ക്ക് ഉണ്ടാകണമെന്ന വ്യവസ്ഥ ആക്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ഈയൊരു അവസ്ഥാവിശേഷവുംകൂടി കണക്കിലെടുത്താണ്.

നിലവില്‍ സ്വാശ്രയ മേഖലയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്. പുതിയ നിയമനങ്ങള്‍ക്ക് പൊതു വിജ്ഞാപനവും മെറിറ്റും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കോളേജുകളില്‍ ആഭ്യന്തര ഗുണനിലവാര സമിതികളും അദ്ധ്യാപകരക്ഷാകര്‍തൃ സമിതികളും നിര്‍ബന്ധമാക്കാന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഗുണനിലവാരവും സുതാര്യതയുമാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

കോളേജ് ജീവനക്കാരുടെ നിയമനം, യോഗ്യത, സേവനവേതന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളടങ്ങിയ രജിസ്റ്റര്‍ ബന്ധപ്പെട്ട സര്‍വ്വകലാശാലകളില്‍ സൂക്ഷിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ സേവനം സര്‍വ്വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഇത് പ്രയോജനപ്പെടും. അക്കാദമിക് മേല്‍നോട്ടത്തോടൊപ്പം സ്വാശ്രയ കോളേജുകളുടെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ മേല്‍നോട്ടവും സര്‍വ്വകലാശാലകളില്‍ നിക്ഷിപ്തമാകുന്നുവെന്ന സവിശേഷതയും ബില്‍ നിയമമാകുന്നതിലൂടെ സംജാതമാകും. ഈ നിയമത്തെ സ്വാശ്രയമേഖലയിലെ അദ്ധ്യാപകഅനദ്ധ്യാപക ജീവനക്കാരുടെ മാഗ്‌നകാര്‍ട്ട എന്നാകും ചരിത്രം രേഖപ്പെടുത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story