‘ആദ്യം മുസ്ലീം ലീഗില്‍ നിന്ന് മുസ്ലീം ഒഴിവാക്കു’; ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാനുള്ള ഉപാധി ന്യൂനപക്ഷ വര്‍ഗീയതയല്ലെന്ന് കെ ടി ജലീല്‍
ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാനുള്ള ഉപാധി ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് പറയുന്നതു പോലെയാണ് ഭൂരിപക്ഷ മതരാഷട്രവാദത്തെ ന്യൂനപക്ഷ മത രാഷട്രവാദമുയര്ത്തി ചെറുക്കാന്‍ ശ്രമിക്കുന്നതും

മുസ്ലിം സമുദായത്തെ വിമര്‍ശിക്കുന്നത് തങ്ങളെ വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മുസ്ലിം ലീഗും വെല്‍ഫെയര്‍ പാര്‍ട്ടിയും ശ്രമിക്കുന്നതെന്ന് മന്ത്രി കെടി ജലീല്‍. മുസ്ലിം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ലീഗിനെ ആരെങ്കിലും എതിര്‍ക്കുേമ്പാള്‍ മുസ്ലിം സമുദായത്തെ വിമര്‍ശിക്കുന്നതായി ലീഗ് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ജലീല്‍ പറഞ്ഞു. അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ പാര്‍ട്ടിയുടെ പേരില്‍ നിന്ന് ‘മുസ്ലിം’എന്ന പദം ഒഴിവാക്കാനല്ലേ അവര്‍ ശ്രമിക്കേണ്ടതെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. സമസ്ത പ്രസിദ്ധീകരണമായ സത്യധാരയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ലീഗിനെയും കുഞ്ഞാലിക്കുട്ടിയേയും വിമര്‍ശിച്ചുകൊണ്ട് ജലീല്‍ രംഗത്തെത്തിയത്.
പ്രാദേശികമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഇടതുപക്ഷം ധാരണ ഉണ്ടാക്കിയില്ലേ എന്ന ചോദ്യത്തോട് മറുപടിയായി അവര്‍ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാനുള്ള ശ്രമത്തിലേക്കുള്ള ചവിട്ടുപടിയായിട്ടാണ് ജനാധിപത്യത്തെയും തിരഞ്ഞെടുപ്പുകളെയും കാണുന്നതെന്നായിരുന്നു ജലീലിന്റെ മറുപടി. അതു തിരിച്ചറിയാന്‍ കഴിഞ്ഞതു കൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയോട് ബിജെപിയോടെന്ന പോലെ അകലം പാലിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാനുള്ള ഉപാധി ന്യൂനപക്ഷ വര്‍ഗീയതയാണെന്ന് പറയുന്നതു പോലെയാണ് ഭൂരിപക്ഷ മതരാഷട്രവാദത്തെ ന്യൂനപക്ഷ മത രാഷട്രവാദമുയര്ത്തി ചെറുക്കാന്‍ ശ്രമിക്കുന്നതും.
കെ ടി ജലീല്‍
പികെ കുഞ്ഞാലിക്കുട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകളോടും ജലീല്‍ പ്രതികരിച്ചു.
അഹമ്മദ് സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റിലേക്കാണല്ലോ കുഞ്ഞാലിക്കുട്ടി പോയതെന്നു ചോദിച്ച ജലീല്‍ ആ സാഹചര്യം ഇപ്പോള്‍ മാറിയോ എന്നും ചോദിച്ചു. കുഞ്ഞാലിക്കുട്ടിയേക്കാള്‍ മികച്ച ആരെങ്കിലും ദേശീയ നേതൃത്വത്തിലേക്ക് പുതുതായി എത്തിയിട്ടുണ്ടോ അതോ കുഞ്ഞാലിക്കുട്ടി പോയതു കൊണ്ട് ദേശീയ രാഷട്രീയത്തില്‍ പ്രതീക്ഷിച്ച മെച്ചമുണ്ടാക്കാന്‍ ലീഗിന് കഴിഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഇതൊന്നുമല്ലെങ്കില്‍ ഭാഷാനൈപുണ്യം വേണ്ടത്ര ഇല്ലാത്തത് കൊണ്ടാണോ കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നതെന്നും ജലീല്‍ പരിഹസിച്ചു.
നിയമസഭ തെരഞ്ഞെടുപ്പടുത്തിരിക്കെ കുഞ്ഞാലിക്കുട്ടി- ഉമ്മന്‍ ചാണ്ടി സഖ്യത്തെ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യത്തോട് ഓടിത്തളര്‍ന്ന ജോഡികളെ എന്തിന് ഭയപ്പെടണം എന്നായിരുന്നു ജലീലിന്റെ പ്രതികരണം. കോണ്‍ഗ്രസ് കോണ്‍ഗ്രസിലെ ആളുകളെ സെക്യുലറൈസ് ചെയ്തിട്ടില്ലെന്നും അതിന്റെ ദുരന്തമാണ് അവരിപ്പോള്‍ അനുഭവിക്കുന്നതെന്നും അഭിപ്രായപ്പെട്ട ജലീല്‍ സിപിഐഎം വ്യവസ്ഥാപിതമായി അതുചെയ്തുവെന്നും അവകാശപ്പെട്ടു. സിപിഐഎം തങ്ങളുടെ അണികളെ സെക്യുലറൈസ് ചെയ്തതിന്റെ ഗുണമാണ് ഇടതുപക്ഷത്തു നിന്ന് ആരും ആര്‍എസ്എസിലേക്കോ ബിജെപിയിലേക്കോ ചേക്കേറാത്തതെന്നും വ്യക്തമാക്കി.
ആര്‍എസ്എസ് എന്താണെന്ന് സിപിഐഎം അവരുടെ അണികളെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ആര്‍എസ്എസ് അല്ലാത്ത എന്തുമായിക്കൊള്ളൂ എന്നാണ് ഇടതുപക്ഷം അണികളെ പഠിപ്പിച്ചിട്ടുള്ളത്. പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കേണ്ടത് ആര്‍എസ്എസിനെ ആണെന്ന് ഒരു സഖാവിനറിയാം.
കെ ടി ജലീല്‍
ലീഗ് സമസ്തയെ സമ്മര്‍ദ്ധത്തിലാക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് സമസ്തയുടെ മുഖപത്രത്തില്‍ തന്നെ ലീഗിനെതിരേ ജലീലിന്റെ പരാമര്ശങ്ങളെത്തുന്നത്.
മുസ്ലീം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യ വേഴ്ച തുടരുമെന്നും ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടപ്പെട്ടുവെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് സമസ്തയുടെ മാസികയായ സത്യധാരയില്‍ ഇത്തരത്തിലുള്ള അഭിമുഖം എത്തുന്നതെന്നതും പ്രസക്തമാണ്.