കോലം കത്തിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇനിയും പറയുമെന്ന് പിസി ജോര്‍ജ്; ഈരാറ്റുപേട്ടയില്‍ കോലം കത്തിച്ച് കെഎസ്‌.യുവിന്റെ വെല്ലുവിളി

പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ ഈരാറ്റുപേട്ടയില്‍ കെഎസ്‌യു പ്രതിഷേധം. ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ചു. നേരത്തെ തന്റെ കോലം കത്തിച്ച അവര്‍ക്കുള്ള മറുപടിയാണ് പറഞ്ഞതെന്നും ഇനിയും ഇത്തരം പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ കൂടുതല്‍ പ്രതികരിക്കുമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും കെഎസ്യു പ്രകോപനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് പി.സി ജോര്‍ജ് രംഗത്തെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് അരുതാത്ത രീതിയില്‍ കണ്ടത്. രാത്രി 10.30നാണ് ഞാന്‍ കണ്ടത്. ജോപ്പന്‍ മാത്രമാണ് ഓഫീസിന് മുന്‍പില്‍ ഉണ്ടായിരുന്നത്. കൈലി ഉടുത്ത നിലയിലാണ് ഉമ്മന്‍ചാണ്ടിയെ കണ്ടത്. ഉമ്മന്‍ചാണ്ടിയെ മോശം പറഞ്ഞിട്ട് തനിക്ക് ഒന്നും കിട്ടാനില്ല. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

തന്റെ യുഡിഎഫ് പ്രവേശനത്തില്‍ തടസ്സം നിന്ന പ്രധാന വ്യക്തി ഉമ്മന്‍ചാണ്ടിയാണെന്നാണും പിസി ജോര്‍ജ് പറഞ്ഞിരുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നിട്ടും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാതെ പോയതെന്നും പിസി ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോണിംഗ് ഷോയിലാണ് പിസി ജോര്‍ജിന്റെ പ്രതികരണം.
അതേസമയം, പിസി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പിസി ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Latest News