
മുന്‍ എംപി എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം വിവാദമായ പശ്ചാത്തലത്തില്‍ കാലടി സര്‍വ്വകലാശാലയ്ക്കുമുന്നില്‍ പ്രതിഷേധം ശക്തം. റാങ്ക്ലിസ്റ്റ് അട്ടിമറിച്ചുകൊണ്ടാണ് നിനിതയ്ക്ക് നിയമനം നല്‍കിയതെന്ന് ആരോപിച്ച് കെഎസ്യു പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. രാവിലെ 11 മണിയോടെ പ്രതിഷേധവുമായി സര്‍വ്വകലാശാലയിലേക്ക് ഇരച്ചെത്തിയ കെഎസ്യു പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിത്തുറന്ന് സര്‍വ്വകലാശാലയുടെ അകത്ത് കയറി. ഇതിനെ പ്രതിരോധിക്കാനായി എത്തിയ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സര്‍വ്വകലാശാല അഡിമിനിസ്ട്രേറ്റീവ് ഓഫീസിനുമുന്നില്‍ ഉന്തും തള്ളുമുണ്ടായി. മടങ്ങാന്‍ കൂട്ടാക്കാതിരുന്ന കെഎസ്യു പ്രവര്‍ത്തകര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം നിനിതയുടെ നിയമനത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്കി. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കി. ഡോ ഉമര്‍ തറമേല്‍, കെഎം ഭരതന്. പി പവിത്രന് എന്നിവരാണ് കത്ത് നല്‍കിയത്.
ഇന്റര്‍വ്യൂ ബോഡിന്റെ ഏഴംഗ സമിതിയില്‍ മൂന്നുപേര്‍ മാത്രമായിരുന്നു വിഷയവിദഗ്ധരായി ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. തങ്ങളുടെ തെരഞ്ഞെടുപ്പനുസരിച്ച് നിനിത കണിച്ചേരിക്ക് യോഗ്യതയുണ്ടായിരുന്നില്ലെന്നും നിനിതയെ തങ്ങള്‍ തെരഞ്ഞെടുത്തിട്ടില്ലായിരുന്നെന്നും വ്യക്തമാക്കിയാണ് മൂവരും വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയത്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക്. പട്ടിക അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു.