
മൂന്നാർ: മൂന്നാറിന്റെ സൗന്ദര്യത്തിൽ അന്തിയുറങ്ങാൻ ടെന്റുകളും ക്യാമ്പ് ഫയര്‍ നടത്തുന്നതിനുള്ള സൗകര്യവുമൊരുക്കി കെഎസ്ആർടിസി. മൂന്നാറിലെ പഴയ കെഎസ്ആർടിസി ഡിപ്പോക്ക് സമീപമുള്ള യൂക്കാലി തോട്ടത്തിലാണ് സഞ്ചാരികൾക്കായി ടെന്റ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒരാള്‍ക്ക് 200 രൂപ എന്ന നിരക്കിൽ നാലുപേർക്ക് ഒരു ടെന്റ് ഉപയോഗിക്കാനാകും. എന്നാൽ മൊത്തമായി ഒരാൾ തന്നെ വാടകക്കെടുത്താൽ 700 രൂപയ്ക്കു നൽകാനും തീരുമാനമുണ്ട്.
മൂന്നാർ സന്ദർശിക്കുന്നവർക്ക് കുറഞ്ഞ ചിലവില്‍ പ്രകൃതി സൗന്ദര്യവും തണുപ്പും ആസ്വദിക്കാൻ വഴിയൊരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതിയെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറയുന്നു. ഈ പദ്ധതി വിജയകരമായാൽ കൂടുതൽ ടെന്റുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാറിലെ യാത്രക്കാർക്ക് രാത്രികാല സൗകര്യമൊരുക്കുക എന്ന ഉദ്ദേശത്തിൽ കെഎസ്ആർടിസി മുൻപ് ആവിഷ്കരിച്ച പദ്ധതിയായ ‘സ്ലീപിങ് ബസ്’ പദ്ധതി വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ടെന്റ് ടൂറിസം എന്ന പുതിയ പദ്ധതിയുടെ പ്രഖ്യാപനം. ടെന്റുകൾ രണ്ടാഴ്ചക്കുള്ളില്‍ സന്ദര്‍ശകർക്ക് തുറന്നുനല്‍കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.