Top

‘ബാബു ജയിച്ചത് ബിജെപി വോട്ടുകള്‍ നേടി’; സ്വരാജിന്റെ തോല്‍വിയുടെ കാരണം വെളിപ്പെടുത്തി കെഎസ് രാധാകൃഷ്ണന്‍

ഇത് കേരളത്തില്‍ മാത്രം സംഭവിച്ച് കാര്യമല്ലെന്നും രാധാകൃഷ്ണന്‍ തുറന്നടിച്ചു.

3 May 2021 9:28 AM GMT

‘ബാബു ജയിച്ചത് ബിജെപി വോട്ടുകള്‍ നേടി’;  സ്വരാജിന്റെ തോല്‍വിയുടെ കാരണം വെളിപ്പെടുത്തി കെഎസ് രാധാകൃഷ്ണന്‍
X

തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു ജയിച്ചത് ബിജെപിയുടെ വോട്ടുനേടിയാണെന്ന വെളിപ്പെടുത്തലുമായി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ കെഎസ് രാധാകൃഷ്ണന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി വോട്ടുകള്‍ ഗണ്യമായി കുറഞ്ഞെന്നും കൂട്ടത്തോടെയാണ് ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയതെന്നും കെഎസ് രാധാകൃഷ്ണന്‍ ആരോപിച്ചു. ഇതിനെല്ലാം മറുപടി പറയേണ്ട ബാധ്യത ബിജെപി നേതൃത്വത്തിനുണ്ടെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ബിജെപിയ്ക്ക് കുറഞ്ഞ വോട്ടുകളാണ് കെ ബാബുവിന് ഇത്തവണ കൂടിയത്. ഇത് കേരളത്തില്‍ മാത്രം സംഭവിച്ച് കാര്യമല്ലെന്നും രാധാകൃഷ്ണന്‍ തുറന്നടിച്ചു. ബിജെപിക്ക് നേതാക്കള്‍ മാത്രമാണുള്ളത്. പാര്‍ട്ടിയ്ക്ക് താഴെത്തട്ടില്‍ പ്രവര്‍ത്തകരില്ല. ആര്‍എസ്എസ് എന്ന സംഘടനയുടെ മാത്രം സഹായത്താലാണ് കേരളത്തില്‍ ബിജെപി മുന്നോട്ടുപോകുന്നത്. ഈ രീതിയില്‍ ബിജെപിയ്ക്ക് ഇനിയും മുന്നോട്ടു പോകാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ടുമറിയ്ക്കുമെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം സ്വരാജ് മുന്‍പ് സൂചിപ്പിച്ചിരുന്നു. ഈ ആരോപണത്തിന് ബലം നല്‍കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിതന്നെ നടത്തിയിരിക്കുന്നത്. യുഡിഎഫും ബിജെപിയും നടത്തിയത് വോട്ടുകച്ചവടമാണെന്ന് പിണറായി വിജയനും ഇന്ന് മീറ്റ് ദി പ്രസിലൂടെ ആരോപിച്ചിരുന്നു.

‘വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പോകുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപി വോട്ടു വാങ്ങലിലായിരുന്നു ഈ ആത്മവിശ്വാസം. ബിജെപി കൂട്ടുകെട്ട് വഴി വിജയിക്കാമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ഈ വോട്ടുക്കച്ചവടം കാരണമാണ് ചില സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചതും ചില സീറ്റില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും. 2016ലേതിനേകാള്‍ 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത്രയും വലിയ വോട്ട് ചോര്‍ച്ച മുന്‍പ് നടന്നിട്ടില്ല.” പിണറായി പറഞ്ഞു.

Next Story