Top

ഗൗരി പുല്ലുപറിക്കാന്‍ പോയില്ല, കേരം തിങ്ങും കേരളനാടിന്റെ തലയെടുപ്പായി; അസ്തമിക്കുന്നത് ഒരു യുഗം

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍നിന്ന് കേരളരാഷ്ട്രീയത്തെ കൈപിടിച്ചുനടത്തിയ പേരാണ് ഗൗരിയമ്മ.

10 May 2021 10:50 PM GMT

ഗൗരി പുല്ലുപറിക്കാന്‍ പോയില്ല, കേരം തിങ്ങും കേരളനാടിന്റെ തലയെടുപ്പായി; അസ്തമിക്കുന്നത് ഒരു യുഗം
X

‘ഗൗരിച്ചോത്തി പെണ്ണല്ലേ, പുല്ലു പറിക്കാന്‍ പൊയ്ക്കൂടേ’ എന്ന് ഫ്യൂഡല്‍ മാടമ്പിമാര്‍ ആവര്‍ത്തിച്ചുവിളിച്ച ഒറ്റവരി മുദ്രാവാക്യത്തിലുണ്ട് കെആര്‍ ഗൗരിയമ്മയെന്ന സ്ത്രീയ്ക്ക് എതിരിടേണ്ടി വന്ന ജാതി, ലിംഗ വിവേചനങ്ങളുടെ എരിവ്. കാറ്റും കോളും നിറഞ്ഞ കലുഷിതമായ പതിറ്റാണ്ടുകളോളം കുടിയാന്മാരെ പാളേല്‍ കഞ്ഞി കുടിപ്പിക്കുമെന്ന് മുഷ്ടി ചുരുട്ടിയവരെ ഗൗരി എതിര്‍ത്തുതോല്‍പ്പിച്ചത് അനിതരസാധാരണമായ കരുത്തോടെയാണ്. വിരല്‍ത്തുമ്പ് മുറിച്ച ചുടുചോര കൊണ്ട് ഒപ്പുവെച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചോരതിളയ്ക്കുന്ന യുവാക്കള്‍ അംഗത്വമെടുത്തിരുന്ന കാലഘട്ടത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ അധ്യായമായിരുന്നു കെആര്‍ ഗൗരിയുടേത്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍നിന്ന് കേരളരാഷ്ട്രീയത്തെ കൈപിടിച്ചുനടത്തിയ പേരാണ് ഗൗരിയമ്മ. ജനാധിപത്യകേരളം അഭിമാനത്തോടെയും സ്‌നേഹാദരങ്ങളോടെയും നെഞ്ചേറ്റിയ രക്തനക്ഷത്രം.കേരള രാഷ്ട്രീയത്തിലെ ലക്ഷണമൊത്തൊരു വിപ്ലവ നായികയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ വിടവാങ്ങല്‍ കൂടിയാണ്.

അന്‍പതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെആര്‍ ഗൗരിയെന്നത് കാലഘട്ടത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നു. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയ ജീവിതം.സ്ത്രീകള്‍ക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയുമാണ് കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തില്‍ ഇടം ഉറപ്പിക്കുന്നത്.പിന്നീട് കേരള രാഷ്ട്രീയത്തിന്റെ സ്ത്രീ പ്രാതിനിധ്യത്തിലെ ഏറ്റവും ശ്രദ്ധേയമായ പേരായി ഗൗരിയമ്മ മാറി.

ഇന്ത്യയില്‍ തന്നെ കൂടുതല്‍ കാലം മന്ത്രിപദവിയിലിരുന്ന വനിതക്കുള്ള റെക്കോര്‍ഡ് ഗൗരിയമ്മക്കാണെന്നതും ശ്രദ്ധേയം. തൊഴിലാളി-കര്‍ഷക പ്രക്ഷോഭങ്ങളില്‍ അണിനിരന്നതിന്റെ പേരില്‍ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചു. ലാത്തിക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിരവധി ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിച്ചേനെയെന്ന് ഗൗരിയമ്മ തന്നെ പറയാറുള്ള വാക്കുകള്‍ ഗൗരിയമ്മയ്ക്ക് നേരിടേണ്ടിവരുന്ന മനുഷ്യത്വവിരുദ്ധമായ പൊലീസ് പീഢനങ്ങളുടെ നേര്‍ച്ചിത്രമാണ്.1952ല്‍ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പില്‍ കന്നിവിജയം സ്വന്തമാക്കി. ’54ലും ജയം ആവര്‍ത്തിച്ചു. കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

കേരം തിങ്ങും കേരള നാട് കെആര്‍ ഗൗരി ഭരിക്കേണമെന്ന മുദ്രാവാക്യം കേരളത്തിലാകെ മുഴങ്ങിക്കേള്‍പ്പിച്ച നേതാവായിരുന്നു കെആര്‍ ഗൗരിയമ്മ. ഇ.എം.എസ്​ നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായിയും പ്രവർത്തിച്ചു.1967ലെ രണ്ടാം ഇ.എം.എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു.മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ‍, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി കേരളം എക്കാലവും ഓർത്തിരിക്കുന്ന എല്ലാ നിയമനിർമ്മാണങ്ങളും ഗൗരിയമ്മയുടെ സംഭവനയാണ്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് ഗൗരിയമ്മയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.

Next Story