
സാധാരണ മനുഷ്യരുടെ ദാരിദ്ര്യത്തെ സര്‍ക്കാര്‍ ക്ഷേമപെന്‍ഷനും ഭക്ഷ്യക്കിറ്റും നല്കി ചൂഷണം ചെയ്യുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. ലൈഫ് പദ്ധതി സമ്പൂര്‍ണ്ണമായി പരാജയപ്പെടുന്ന കാഴ്ച്ചയാണ് കേരളത്തില്‍ കാണാനായതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. എറണാകുളം യൂണിയന് സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നാക്ക സംവരണ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ശ്രീകുമാര്‍ എന്എസ്എസിനുനേരെയും ആക്ഷേപമുയര്‍ത്തി. മുന്നാക്ക സംവരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചത് യുക്തിരഹിതമായ സമീപനമാണ്. ഇത്രയൊക്കെ ആനുകൂല്യങ്ങള്‍ കിട്ടിയിട്ടും എന്‍എസ് സര്‍ക്കാരിനെതാരായ ആരോപണങ്ങള്‍ തുടരുന്നു. ജനങ്ങള്‍ക്കെതിരെയാണ് ഇവര്‍ വെല്ലുവിളിയുയര്‍ത്തുന്നതെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ പദ്ധതികളുടെ ഫലങ്ങള്‍ ഭൂരഹിതരായ പട്ടിക വിഭാഗക്കാര്‍ക്ക് ലഭിച്ചില്ലെന്നും പുന്നല ശ്രീകുമാര്‍ പ്രസ്താവിച്ചു. പ്രളയത്തിനുശേഷം കാര്‍ഷികമേഖലയുടെ പുനരുദ്ധാരണത്തിനായി 3100 കോടി രൂപയുടെ സുഭിക്ഷ കേരളം പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രയോജനം ഭൂരഹിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് പുന്നല ശ്രീകുമാര്‍ കുറ്റപ്പെടുത്തി.
അതേസമം ഭക്ഷ്യകിറ്റ് വിതരണത്തിന്റെ പേരില്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള വാക്ക്പോര് തുടരുകയാണ്. നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തടസപ്പെടുത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്നം മുടക്കിയാണെന്ന് മുഖ്യമന്ത്രി ആക്ഷേപിച്ചു. പാവപ്പെട്ട കുട്ടികള്‍ക്കുള്ള ഭക്ഷണം പൂഴ്ത്തിവെയ്ക്കുന്ന കരിഞ്ചന്തക്കാരന്റെ മനസാണ് മുഖ്യമന്ത്രിയ്ക്കെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രത്യാരോപണം.