കൊടിക്കുന്നിലും പിടി തോമസും സിദ്ധിഖും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍; കെ വി തോമസിനെ ഒഴിവാക്കി
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷിനെയും പിടി തോമസിനെയും ടി സിദ്ധിഖിനെയും ഹൈക്കമാന്റ് നിയമിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ വി തോമസിനെ ഒഴിവാക്കി. മറ്റ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്, കെവി തോമസ് എന്നിവരായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ കമ്മിറ്റിയിലുണ്ടായിരുന്നത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെപിസിസിയെ നയിക്കാന്‍ കെ സുധാകരനെ ഹൈക്കമാന്‍ഡ് നിയമിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് തീരുമാനം. പരാജയത്തിന്റെ ഉത്തരവാദിത്വം […]
8 Jun 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി കൊടിക്കുന്നില്‍ സുരേഷിനെയും പിടി തോമസിനെയും ടി സിദ്ധിഖിനെയും ഹൈക്കമാന്റ് നിയമിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ വി തോമസിനെ ഒഴിവാക്കി. മറ്റ് കെപിസിസി ഭാരവാഹികളുടെ കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും. കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്, കെവി തോമസ് എന്നിവരായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ കമ്മിറ്റിയിലുണ്ടായിരുന്നത്.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെപിസിസിയെ നയിക്കാന്‍ കെ സുധാകരനെ ഹൈക്കമാന്‍ഡ് നിയമിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് തീരുമാനം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് തിരക്കിട്ട് പ്രഖ്യാപനം. ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുക്കുന്നു എന്നാണ് സുധാകരന്റെ ആദ്യപ്രതികരണം. അശോകന് ചവാന് സമിതിയുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയായ കെ സുധാകരനെ ഹൈക്കമാന്‍ഡ് കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത്. എംഎല്‍എമാര്‍ എംപിമാര്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം തേടിയാണ് ചവാന് സമിതിയും താരീഖ് അന്‍വറും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല മുല്ലപ്പിള്ളി രാമചന്ദ്രന് എന്നിവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് ആരുടെയും പേര് നിര്‍ദ്ദേശിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയോടുള്ള പ്രതിഷേധമാണ് നിലപാടിന് കാരണം. ഇതില്‍ സോണിയാ ഗാന്ധി ഇടപെട്ട് സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എ, ഐ ഗ്രൂപ്പുകളുടെ അമര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തില്‍ ഇരുവിഭാഗങ്ങളും എത്രത്തോളം സുധാകരനുമായി സഹകരിക്കുമെന്ന ആശങ്കയും ഹൈക്കമാന്റിനുണ്ട്.
അതേസമയം, കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകളില്‍ താനൊരു പേരും പ്രത്യേകം പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും ചെന്നിത്തല പ്രതികരിച്ചു. രമേശ് ചെന്നിത്തല പറഞ്ഞത്: ”കെപിസിസി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഞാനൊരു പേരും പ്രത്യേകം പറഞ്ഞിട്ടില്ല. ഹൈക്കമാന്റ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. സോണിയാ ഗാന്ധിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ പരിശ്രമിക്കും. കെ സുധാകരന് പാര്‍ട്ടിക്ക് ശരിയായ ദിശാബോധം നല്‍കികൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ സുധാകരന് കഴിയട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആശംസിക്കുകയാണ്. കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും തീരുമാനത്തെ ഒന്നിച്ച് സ്വാഗതം ചെയ്യും.”
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സുധാകരനെ നിയോഗിച്ച ഹൈക്കമാന്റ് തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയത്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത് തികഞ്ഞ ചാരിതാര്ത്ഥ്യത്തോടെയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
നിയുക്ത കെപിസിസി പ്രസിഡന്റ് കെ സുധാകരന് പിന്തുണ വാഗ്ദാനം ചെയ്തു മുല്ലപ്പള്ളി് സര്‍വാത്മന പിന്തുണ നല്കുന്നു എന്നാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞത്. പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ പടിയിറങ്ങിയത് രാജീവ് ഗാന്ധി അഭിനന്ദിച്ചതിന് അഞ്ചാം ദിനം. പടിയിറക്കം ആദ്യമായിട്ടല്ല. മുറിവേറ്റുകൊണ്ടല്ല പടിയിറങ്ങുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കാര്യങ്ങള്‍ നേത്ൃത്വത്തെ അറിയിച്ചു. പുതിയ പ്രസിഡന്റിനെ ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഗ്രൂപ്പുകള്‍ക്കും വ്യക്തിതാല്പര്യങ്ങള്ക്കും അതീതമായി പാര്‍ട്ടി താല്പര്യവും ജനതാല്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് പറഞ്ഞു. കെപിസിസി പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ സുധാകരന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസിന് മാറ്റത്തിന്റെ സമയമാണെന്നായിരുന്നു സുധാകരന്റെ വീട്ടിലെത്തി ആശംസ അറിയിച്ച ശേഷം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടത്. തീരുമാനത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരും അംഗീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അതില്‍ ഗ്രൂപ്പ് വിവേചനമില്ല. പാര്‍ട്ടിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടതെന്ന് കെ സുധാകരന് സ്ഥാനമേറ്റ ശേഷം തീരുമാനിക്കും. കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടത് ജനാധിപത്യ വിശ്വാസികളുടെ പൊതുവായ ആവശ്യമാണ്. അത് നിറവേറ്റാന്‍ സുധാകരന് സാധിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.