മുന്നോക്കസംവരണത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്; ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ലെന്ന് വിര്‍ശനം
സംവരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഈ പേരില്‍ സാമുദായിക ധ്രുവീകരണത്തിന് സിപിഐഎം ശ്രമിക്കുന്നുണ്ടെന്നും ഇത് ശബരിമല വിഷയം പോലെ തന്നെ അവര്‍ക്ക് തിരിച്ചടിയാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു.

മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയ നീക്കത്തെ സ്വാഗതം ചെയ്ത് കെപിസിസി രാഷ്ട്രീയകാര്യ സമിതി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നത് കോണ്‍ഗ്രസ് ദേശീയതലത്തില്‍ത്തന്നെ സ്വീകരിച്ചിട്ടുള്ള നയമാണെന്നും അത് സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും സമിതി വിലയിരുത്തി. എന്നാല്‍ ഇതിനോടൊപ്പം തന്നെ മുന്നോക്ക വിഭാഗങ്ങളുടേയും പിന്നോക്ക് വഭാഗങ്ങളുടേയും ആശങ്കകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും സമിതി പറഞ്ഞു. പിന്നോക്കക്കാരുടെ അവസരങ്ങള്‍ നഷ്ടപ്പെടുന്ന തരത്തിലാകരുത് സാമ്പത്തികസംവരണം നടപ്പില്‍ വരുത്തുന്നതെന്നും സമിതി ആവശ്യപ്പെട്ടു.
മുന്നോക്ക സമരവിഷയത്തില്‍ ലീഗിന്റെ സമരപ്രഖ്യാപനം ഉചിതമായില്ലെന്ന് സമിതി വിമര്‍ശിച്ചു. വിഷയം സംബന്ധിച്ച് യുഡിഎഫിനോട് ചര്‍ച്ചകള്‍ നടത്തുന്നതിനുമുന്‍പ് തന്നെ ലീഗ് സമരം പ്രഖ്യാപിച്ചുവെന്ന് രാഷ്ട്രീയകാര്യസമിതി കുറ്റപ്പെടുത്തി. സംവരണവിഷയത്തില്‍ ലീഗിന്റെ നിലപാട് ശരിയായില്ലെന്ന് വിഡി സതീശന് അടക്കമുള്ളവര്‍ വിലയിരുത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് ലീഗിനെ ബോധ്യപ്പെടുത്താനും സമിതി തീരുമാനമെടുത്തു.
സംവരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഈ പേരില്‍ സാമുദായിക ധ്രുവീകരണത്തിന് സിപിഐഎം ശ്രമിക്കുന്നുണ്ടെന്നും ഇത് ശബരിമല വിഷയം പോലെ തന്നെ അവര്‍ക്ക് തിരിച്ചടിയാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായപ്പെട്ടു. മുന്നോക്ക സംവരണം നടപ്പിലാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത് വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചകള്‍ക്കായി അടുത്തമാസം ഏഴിന് വീണ്ടും യോഗം ചേരാനും സമിതി തീരുമാനമെടുത്തു.