Top

കെപിസിസി പുനസംഘടന; ജംബോ കമ്മിറ്റി ഉണ്ടാകില്ല; 300 ഭാരവാഹികളെന്നത് 50 പേരായി ചുരുക്കാന്‍ സാധ്യത

25 ജനറല്‍ സെക്രട്ടറിമാരേയും 20 സെക്രട്ടറിമാരേയും മാത്രമാണ് ഇത്തവണ നിയമിക്കാന്‍ സാധ്യത.

12 Jun 2021 12:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെപിസിസി പുനസംഘടന; ജംബോ കമ്മിറ്റി ഉണ്ടാകില്ല; 300 ഭാരവാഹികളെന്നത് 50 പേരായി ചുരുക്കാന്‍ സാധ്യത
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെപിസിസി വെസ് പ്രസിഡന്റ് പദവിയും ജംബോ കമ്മിറ്റിയും വേണ്ടെന്ന തീരുമാനത്തിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. ജംബോ കമ്മിറ്റി ഉണ്ടാകില്ലെന്ന് പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മുന്‍പ് തന്നെ സൂചിപ്പിച്ചിരുന്നു. പുനസംഘടനയില്‍ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നേതാക്കളുടെ തീരുമാനം.

25 ജനറല്‍ സെക്രട്ടറിമാരേയും 20 സെക്രട്ടറിമാരേയും മാത്രമാണ് ഇത്തവണ നിയമിക്കാന്‍ സാധ്യത. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷ പദവിയിലിരുന്നപ്പോള്‍ 300 ഭാരവാഹികളാണ് കെപിസിസിയിലുണ്ടായിരുന്നത്. ഇതില്‍ 140 പേര്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുമെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ സുധാകരന്‍ ഇന്നലെ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പുതിയ കെപിസിസി അധ്യക്ഷനായി ഈ മാസം 16നാണ് കെ സുധാകരന്‍ ഔദ്യോഗികമായി ചുമതല ഏല്‍ക്കുന്നത്. ഗ്രൂപ്പ് രാഷ്ട്രീയം ഇനി കോണ്‍ഗ്രസിനുള്ളില്‍ നടപ്പില്ലെന്നും ഗ്രൂപ്പുകള്‍ അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

ആരുടെയെങ്കിലും ഭാഗത്തുനിന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ നിഷ്‌കരുണം നടപടിയെടുക്കുമെന്നാണ് പുതിയ കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ താഴേത്തട്ടു മുതല്‍ അഴിച്ചു പണി നടത്തി പുത്തനുണര്‍വ് നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പു വരുത്തുമെന്നും അച്ചടക്കമുള്ള ഒരു പാര്‍ട്ടിയുമായി നാളെ കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാനാവുമെന്നും കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു.

Next Story