കോണ്‍ഗ്രസ് പാര്‍ട്ടിഘടനയും പൊളിച്ചെഴുതുന്നു; ബ്ലോക്ക്, ബൂത്ത് കമ്മിറ്റികളും ഒഴിവാക്കിയേക്കും
ഇന്നലെ എറണാകുളത്തെ ഡിസിസി ഓഫീസില്‍ വെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ വലിയ പൊളിച്ചെഴുത്തുണ്ടാകാന് പോകുന്നത്
20 Jun 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് വന്‍ പുനസംഘടനയ്ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഘടനയില്‍ അടിമുടി മാറ്റങ്ങള്‍ വരുത്താനാണ് കെപിസിസി പദ്ധതിയിടുന്നത്. കാലങ്ങളായി പാര്‍ട്ടിയുടെ പ്രധാന ഘടകങ്ങളായിരുന്ന ബ്ലോക്ക്, ബൂത്ത് കമ്മിറ്റികള്‍ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം വളരെ കുറച്ച് അംഗങ്ങളുള്ള യൂണിറ്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചാകും യൂണിറ്റ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയെന്നാണ് വിവരം. ബ്ലോക്കിന് പകരമായി നിയോജക മണ്ഡലം അടിസ്ഥാനപ്പെടുത്തിയുള്ള കമ്മിറ്റികള്‍ വേണമെന്ന ആവശ്യവും നേതൃത്വം പരിഗണിക്കുന്നുണ്ട്.
ഇന്നലെ എറണാകുളത്തെ ഡിസിസി ഓഫീസില്‍ വെച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരും തമ്മില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഘടനയില്‍ വലിയ പൊളിച്ചെഴുത്തുണ്ടാകാന് പോകുന്നത്. പരമാവധി ഭരാവാഹികളുടെ എണ്ണം 50 ആയി ചുരുക്കണമെന്നതാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശം. കെപിസിസി വെസ് പ്രസിഡന്റ് പദവിയും ജംബോ കമ്മിറ്റിയും വേണ്ടെന്ന തീരുമാനത്തിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
25 ജനറല്‍ സെക്രട്ടറിമാരേയും 20 സെക്രട്ടറിമാരേയും മാത്രമാണ് ഇത്തവണ നിയമിക്കാന്‍ സാധ്യത. കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന് അധ്യക്ഷ പദവിയിലിരുന്നപ്പോള്‍ 300 ഭാരവാഹികളാണ് കെപിസിസിയിലുണ്ടായിരുന്നത്. ഇതില്‍ 140 പേര് കെപിസിസി എക്സിക്യൂട്ടീവ് അംഗങ്ങളായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ സ്വഭാവത്തിലേക്ക് കൊണ്ടുവരുമെന്നും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കെ സുധാകരന് മുന്‍പുതന്നെ സൂചിപ്പിച്ചിരുന്നു. അഴിച്ചുപണി ആദ്യം താഴെത്തട്ടില്‍ നിന്നും ആരംഭിക്കാനാണ് കെപിസിസി തയ്യാറെടുക്കുന്നത്.