Top

‘എന്റെ കടം തീര്‍ക്കാന്‍ ആരും സാമ്പത്തിക സമാഹരണം നടത്തരുത്, അത് എന്റെ മാത്രം ബാധ്യതയാണ്’; അഭ്യര്‍ത്ഥിച്ച് സിആര്‍ മഹേഷ്

കരുനാഗപ്പള്ളി: തന്റെ പേരില്‍ ധനസമാഹരണം നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷ്. എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു തന്റെ കടം തീര്‍ക്കാന്‍ ഒരാളും സാമ്പത്തിക സമാഹരണം നടത്തരുതെന്ന് അപേക്ഷിക്കുകയാണ്. കടബാധ്യത പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം തനിക്കും കുടുംബത്തിനും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പ തിരിച്ചടക്കാന്‍ ബാങ്ക് പലതവണ സാവകാശം തന്നിരുന്നെന്നും പക്ഷെ സാധ്യമായില്ലെന്നും സിആര്‍ മഹേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് സൂക്ഷിച്ചിരുന്നത്. പക്ഷെ സാവകാശം തേടി […]

24 Jan 2021 1:15 AM GMT

‘എന്റെ കടം തീര്‍ക്കാന്‍ ആരും സാമ്പത്തിക സമാഹരണം നടത്തരുത്, അത് എന്റെ മാത്രം ബാധ്യതയാണ്’; അഭ്യര്‍ത്ഥിച്ച് സിആര്‍ മഹേഷ്
X

കരുനാഗപ്പള്ളി: തന്റെ പേരില്‍ ധനസമാഹരണം നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷ്. എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു തന്റെ കടം തീര്‍ക്കാന്‍ ഒരാളും സാമ്പത്തിക സമാഹരണം നടത്തരുതെന്ന് അപേക്ഷിക്കുകയാണ്. കടബാധ്യത പരിഹരിക്കേണ്ടതിന്റെ ഉത്തരവാദിത്തം തനിക്കും കുടുംബത്തിനും മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വായ്പ തിരിച്ചടക്കാന്‍ ബാങ്ക് പലതവണ സാവകാശം തന്നിരുന്നെന്നും പക്ഷെ സാധ്യമായില്ലെന്നും സിആര്‍ മഹേഷ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് സൂക്ഷിച്ചിരുന്നത്. പക്ഷെ സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ഇക്കാര്യം പുറത്തായതാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. എന്നാല്‍ ഈ പ്രശ്‌ന പരിഹാരത്തിന് ആരില്‍നിന്നും എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വ്യക്തിപരമായ ഈ ബാധ്യത, എന്നും സ്‌നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്. ഞാന്‍ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാല്‍ ഞങ്ങള്‍ അടച്ചു തീര്‍ക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്വം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്’, സിആര്‍ മഹേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ജപ്തി നടപടികള്‍ക്ക് സാവകാശം ആവശ്യപ്പെട്ട് മഹേഷിന്റെ അമ്മ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് കത്ത് നല്‍കിയത്. വീട് വിറ്റ് കടം വീട്ടിക്കൊള്ളാമെന്നും സാവകാശം തരണമെന്നും അപേക്ഷിച്ചാണ് മഹേഷിന്റെ അമ്മ ചെമ്പകശ്ശേരി ലക്ഷ്മിക്കുട്ടിയമ്മയുടെ കത്ത്. ഏഴ് ദിവസത്തിനകം 23 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ വീട് അടങ്ങുന്ന വസ്തു അളന്നു തിരിച്ച് ലേലം ചെയ്യുമെന്ന് കാണിച്ച് സ്പെഷ്യല്‍ സെയില്‍ ആഫീസര്‍ ജപ്തി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ അപേക്ഷ.

ഇതിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ വീട് ജപ്തി ഭീഷണിയിലാണെന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് മഹേഷിന് വേണ്ടി വിവിധ മേഖലകളില്‍നിന്നും സാമ്പത്തിക സമാഹരണം തുടങ്ങിയത്. 2015ലാണ് കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിന്നും 16 ലക്ഷം രൂപ സിആര്‍ മഹേഷിന്റെ കുടുംബം വായ്പയെടുത്തത്. എട്ടംഗ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായതോടെ തിരിച്ചടവുകള്‍ മുടങ്ങി. 23.94 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കില്‍ ജപ്തി ചെയ്യുമെന്നും അറിയിച്ച് ജപ്തി നോട്ടീസെത്തുകയായിരുന്നു.

സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

പ്രിയപ്പെട്ടവരേ…

എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലും മറ്റിതര മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുകയുണ്ടായി.
നമ്മുടെ സമൂഹത്തിലെ പല കുടുംബങ്ങളും നേരിടുന്ന ഒരു സ്വാഭാവിക പ്രതിസന്ധി മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഉള്ള സമ്പാദ്യം ബാങ്കില്‍ വെച്ച് കാര്യങ്ങള്‍ നടത്താന്‍ കടമെടുക്കുക, മുതലും പലിശയും തിരിച്ചടക്കാന്‍ കഴിയാതെ വരിക, ഇങ്ങനെ സംഭവിക്കുന്ന ധാരാളം പേരുണ്ട്. ഞങ്ങളുടെ വായ്പക്കും ബാങ്ക് പലതവണ സാവകാശം തന്നിരുന്നു. പക്ഷെ സാധ്യമായില്ല. ഇത്തരം കാര്യങ്ങള്‍ ഈ നാളുകളത്രയും തികച്ചും സ്വകാര്യമായ ഒന്നായാണ് ഞാന്‍ സൂക്ഷിച്ചിരുന്നത്. പക്ഷെ ഈ സന്ദര്‍ഭത്തില്‍ ഇതിനു സാവകാശം തേടി പലരോടും സംസാരിക്കേണ്ടി വന്നതിലൂടെ ആകണം, ഇത് പുറത്തു പോവുകയും ചെയ്തു.

ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട് ധാരാളം സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അറിയാവുന്നവരും അറിയാത്തവരുമായ പലരും ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയുമൊക്കെ ചെയ്തു. ഒത്തിരി സന്തോഷം. നന്ദിയുമുണ്ടെല്ലാവരോടും.

എന്നാല്‍ ഈ പ്രശ്‌ന പരിഹാരത്തിന് ആരില്‍നിന്നും എന്തെങ്കിലും സാമ്പത്തിക സഹായങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. വ്യക്തിപരമായ ഈ ബാധ്യത, എന്നും സ്‌നേഹത്തോടെ ജീവിക്കുന്ന ഞങ്ങളുടെ കുടുംബം തന്നെ പരിഹരിക്കേണ്ടതാണ്. എന്തും പറഞ്ഞു സാമ്പത്തികം ശേഖരിക്കുന്നത് സാധാരണയായിരിക്കുന്ന ഇക്കാലത്തു സി ആര്‍ മഹേഷിന്റെ കടം തീര്‍ക്കാന്‍ ഒരാളും, ഒരു സ്ഥലത്തും (നാട്ടിലോ വിദേശത്തോ) ഒരു സാമ്പത്തിക സമാഹരണവും നടത്തരുതെന്ന് ഞാന്‍ സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്. അതുകൊണ്ടു തന്നെ ഞാന്‍ ബാങ്കുമായി ബന്ധപ്പെട്ടവരോട് അപേക്ഷിച്ചിട്ടുള്ളത് അല്പം സാവകാശം മാത്രമാണ്, അത് ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കുണ്ട്. അത് കിട്ടിയാല്‍ ഞങ്ങള്‍ അടച്ചു തീര്‍ക്കുക തന്നെ ചെയ്യും. ഈ ബാധ്യത പരിഹരിക്കാനുള്ള ഉത്തരവാദിത്വം എന്റെയും എന്റെ കുടുംബത്തിന്റെയും മാത്രമാണ്.

ഇക്കാലമത്രയും ഇതേ പ്രതിസന്ധിയിലൂടെയൊക്കെത്തന്നെയാണ് ഞാന്‍ ജീവിച്ചതും പൊതു പ്രവര്‍ത്തനം നടത്തിയതും. പൊതുപ്രവര്‍ത്തനത്തിനും മറ്റു ജനങ്ങളെ സഹായിക്കുന്നതിനും എന്നോടൊപ്പമെന്നും നിന്നിട്ടുള്ള നിങ്ങളോടുള്ള ഇഷ്ടവും സ്‌നേഹവും എന്നും എപ്പോഴും ഹൃദയത്തിലുണ്ടാകും. ഞാന്‍ വിശ്വസിക്കുന്ന പൊതുപ്രവര്‍ത്തനത്തിലെ മൂല്യങ്ങള്‍ ഒരിക്കലും കൈമോശം വരാതിരിക്കാന്‍ നിങ്ങളുടെ പിന്തുണയും ഇനിയുമുണ്ടാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും എന്നെ വര്‍ഗീയവാദിയാക്കിയും ബിനാമി സമ്പാദ്യ പേരു പറഞ്ഞും – വ്യാജ പീഡന വാര്‍ത്തകള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നു. അതവര്‍ തുടരട്ടെ.

സി.ആര്‍.മഹേഷ്’.

അമ്മയും സഹോദരനും മഹേഷിന്റെ ഭാര്യയും മൂന്ന് കുട്ടികളും അടക്കം എട്ട് പേരാണ് ഈ വീട്ടില്‍ താമസം. മഹേഷിന്റെ അച്ഛന്‍ ആറ് വര്‍ഷം മുമ്പ് മരിച്ചു. മഹേഷിന്റെ ജ്യേഷ്ഠന്‍ സി ആര്‍ മനോജും ഭാര്യയും ഈ വീട്ടില്‍ തന്നെയാണ് താമസം. രണ്ട് പ്രമാണങ്ങളാണ് വസ്തുവിനുള്ളത്. ഒരു ഭാഗം തഴവ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണയം വെച്ച് വായ്പയെടുത്തതും കുടിശ്ശികയിലായി.

മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ സി ആര്‍ മഹേഷിന് മറ്റ് ജോലികളില്ല. സിപിഐ-എഐവൈഎഫ് നേതായിരുന്ന സി ആര്‍ മനോജ് മുഴുവന്‍ സമയ നാടകപ്രവര്‍ത്തകനാണ്. കൊവിഡ് മൂലം നാടകത്തിലൂടെ കുടുംബത്തിന് ലഭിച്ചിരുന്ന വരുമാനം നിലച്ചു.

2015ല്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ മത്സരിച്ച സി ആര്‍ മഹേഷ് പരാജയപ്പെട്ടിരുന്നു. സ്ഥാനാര്‍ത്ഥിയായ സമയത്തെ തെരഞ്ഞെടുപ്പ് പ്രചരണച്ചെലവും കടത്തിന്റെ ആക്കം കൂട്ടി. സിപിഐയുടെ ആര്‍ രാമചന്ദ്രനോട് 1759 വോട്ടിനാണ് സി ആര്‍ മഹേഷ് തോറ്റത്. രാമചന്ദ്രന്‍ 69,902 വോട്ടും മഹേഷ് 68,143 വോട്ടുകളും നേടി.

Next Story