കെപിസിസിക്ക് ഇന്ന് നൂറുവയസ്
ഭാഷാടിസ്ഥാനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളെ ചേര്‍ത്ത് ഒറ്റസംസ്ഥാനമായി നിലവില്‍വന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (കെ.പി.സി.സി.) ഇന്ന് ജന്മശതാബ്ദി. ആദ്യ അമരക്കാരനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ കെ. മാധവന്‍നായരെ ബ്രിട്ടിഷ് സര്‍ക്കാര്‍ ജയിലിലടച്ചു. 1920-ല്‍ നാഗ്പുരില്‍ ചേര്‍ന്ന എ.ഐ.സി.സി. സമ്മേളനത്തിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന പ്രമേയം അംഗീകരിച്ചത്. കെ. മാധവന്‍നായരായിരുന്നു പ്രമേയാവതാരകന്. മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് പിന്താങ്ങി. മദ്രാസില്‍നിന്നുള്ള അംഗങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് പ്രമേയം അംഗീകരിച്ചത്. 1921 ജനുവരി 30-ന് കോഴിക്കോട്ടെ ചാലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ പാലക്കാട്, […]

ഭാഷാടിസ്ഥാനത്തില്‍ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങളെ ചേര്‍ത്ത് ഒറ്റസംസ്ഥാനമായി നിലവില്‍വന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിക്ക് (കെ.പി.സി.സി.) ഇന്ന് ജന്മശതാബ്ദി.
ആദ്യ അമരക്കാരനായി ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ കെ. മാധവന്‍നായരെ ബ്രിട്ടിഷ് സര്‍ക്കാര്‍ ജയിലിലടച്ചു. 1920-ല്‍ നാഗ്പുരില്‍ ചേര്‍ന്ന എ.ഐ.സി.സി. സമ്മേളനത്തിലാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപവത്കരിക്കണമെന്ന പ്രമേയം അംഗീകരിച്ചത്. കെ. മാധവന്‍നായരായിരുന്നു പ്രമേയാവതാരകന്. മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് പിന്താങ്ങി. മദ്രാസില്‍നിന്നുള്ള അംഗങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് പ്രമേയം അംഗീകരിച്ചത്. 1921 ജനുവരി 30-ന് കോഴിക്കോട്ടെ ചാലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ പാലക്കാട്, കോഴിക്കോട്, തലശ്ശേരി, കൊച്ചി, തിരുവിതാംകൂര്‍ എന്നിങ്ങനെ അഞ്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുണ്ടാക്കി ആദ്യ കെ.പി.സി.സി. നിലവില്‍വന്നു. ഭരണഘടനയനുസരിച്ച് പ്രസിഡന്റ് ഇല്ല. സ്ഥാപക സെക്രട്ടറിയായി കെ. മാധവന്‍നായരെയും ജോ. സെക്രട്ടറിയായി യു. ഗോപാലമേനോനെയും തിരഞ്ഞെടുത്തു. കെ.വി. കുഞ്ഞുണ്ണിമേനോനായിരുന്നു ഓഫീസ് സെക്രട്ടറി.
1910-ല്‍ മലബാറില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ചെങ്കിലും കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഇംഗ്ലണ്ടില്‍നിന്ന് ബാരിസ്റ്റര്‍ പരീക്ഷ പാസായി കെ.പി. കേശവമേനോന് കോഴിക്കോട്ട് പ്രാക്ടീസ് ആരംഭിച്ചശേഷമാണ് മലബാറില്‍ കോണ്‍ഗ്രസ് ചലിച്ചുതുടങ്ങിയത്. 1916-ല്‍ കോഴിക്കോട് ആസ്ഥാനമായി മലബാര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രൂപവത്കരിച്ചു. ആനിബസന്റിന്റെ നേതൃത്വത്തിലുള്ള ഹോംറൂള്‍ പ്രസ്ഥാനത്തിന്റെ നേതാക്കളായ കെ.പി. കേശവമേനോന്, കെ. മാധവന്‍നായര്‍, മഞ്ചേരി രാമയ്യര്, അച്യുതന് വക്കീല്‍ എന്നിവരൊക്കെയായിരുന്നു കോണ്‍ഗ്രസിന്റെയും നേതാക്കള്‍. കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന കെ.പി. രാമന്മേനോനായിരുന്നു ജില്ലാ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്. സെക്രട്ടറി കെ.പി. കേശവമേനോനും. 1916 മേയ് നാല്, അഞ്ച് തീയതികളില്‍ ഒന്നാമത്തെ മലബാര്‍ ജില്ലാ സമ്മേളനം ആനിബസന്റിന്റെ അധ്യക്ഷതയില്‍ പാലക്കാട്ട് നടന്നു. 1920 ഏപ്രില്‍ 28, 29 തീയതികളില്‍ മഞ്ചേരിയില്‍ നടന്ന അഞ്ചാം മലബാര്‍ ജില്ലാ സമ്മേളനത്തിലാണ് കെ. മാധവന് നായര്‍ നേതൃനിരയിലേക്ക് വരുന്നത്. 1921-ല്‍ കെ.പി.സി.സി. നിലവില്‍വന്നതോടെ മലബാര്‍ ജില്ലാ കമ്മിറ്റി ഇല്ലാതായി. നൂറുപേരായിരുന്നു അംഗങ്ങള്‍.
പ്രവര്‍ത്തനം തുടങ്ങുംമുമ്പേ മാധവന്‍നായരെ ബ്രിട്ടിഷ് സര്‍ക്കാര്‍ ആറുമാസത്തേക്ക് കണ്ണൂര്‍ ജയിലിലടച്ചു. കെ.പി. കേശവമേനോനായി സെക്രട്ടറിയുടെ ചുമതല. ഓഗസ്റ്റ് 17-ന് പുറത്തുവന്നു. മലബാര്‍ കലാപം തുടങ്ങിയതോടെ കോണ്‍ഗ്രസിന്റെ സംഘടനാപ്രവര്‍ത്തനം നിശ്ചലമായി. ഈ സമയം ഖാദിനൂല്നൂല്പ്പ്, മദ്യനിരോധനം, അയിത്തോച്ചാടനം തുടങ്ങിയ മേഖലകളിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ചത്. 1923-ല്‍ മാതൃഭൂമി പിറവിയെടുത്തപ്പോള്‍ സ്ഥാപക മാനേജിങ് ഡയറക്ടറായിരുന്നു മാധവന്‍നായര്‍. 1925 ജൂലായി 20-ന് കോഴിക്കോട്ട് ചേര്‍ന്ന കെ.പി.സി.സി. യോഗത്തിലാണ് മാധവന്‍നായരെ കെ.പി.സി.സി.യുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുത്തത്. കെ. കേളപ്പനായിരുന്നു സെക്രട്ടറി.
തീണ്ടല് ബോര്‍ഡുകള്‍ നീക്കി ആദ്യസമരം സാമൂതിരിരാജയുടെ ഭരണകാലത്ത് തളിയിലെ റോഡില്‍ തീണ്ടല് ജാതിക്കാര്‍ക്ക് വഴിപോവാന്‍ അനുവാദമുണ്ടായിരുന്നില്ല. 1917-ല്‍ തളിയിലെ റോഡില്‍ തീണ്ടല്ബോര്ഡുകള് സ്ഥാപിച്ചത് മാധവന്‍നായരും കേശവമേനോനും അറിഞ്ഞു. ഒരു ദിവസം വൈകുന്നേരം ഇവരും മിതവാദി പത്രാധിപര്‍ സി. കൃഷ്ണനും മഞ്ചേരി രാമയ്യരും ചേര്‍ന്ന് ഈ റോഡിലൂടെ നടന്നു. സി. കൃഷ്ണന് ഒഴിച്ചുള്ളവര്‍ക്ക് റോഡിലൂടെ നടക്കുന്നതിന് തടസ്സമില്ല. നാലുപേരും നേരെ ചെന്ന് തീണ്ടല്‍ബോര്‍ഡ് വലിച്ചുനീക്കി തളിക്കുളത്തിലെറിഞ്ഞു. അതോടെ തളിറോഡിലെ തീണ്ടല് പ്രശ്നം തീര്‍ന്നു. മാധവന്‍നായര്‍ പങ്കെടുത്ത ആദ്യസമരമായിരുന്നു ഇത്.