രാമകൃഷ്ണന് പറഞ്ഞതുതന്നെയാണ് സത്യമെന്ന് കെപിഎസി ലളിത; ‘ഭൂകമ്പമുണ്ടാക്കേണ്ട, കൂടുതല്‍ പ്രതികരിക്കാനില്ല’
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെപിഎസി ലളിതയുടേതായി പുറത്തുവന്ന പത്രക്കുറിപ്പ് അക്കാദമി സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും കെപിഎസി ലളിത ഒരിക്കലും അങ്ങനെ പറയില്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന്

സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തില്‍ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പ് സ്ഥിരീകരിച്ച് കെപിഎസി ലളിത. പത്രക്കുറിപ്പിനെക്കുറിച്ച് രാമകൃഷ്ണന് പറഞ്ഞതാണ് ശരി. ഇനി ഈ വിഷയത്തില്‍ ഭൂകമ്പം ഉണ്ടാക്കേണ്ടതില്ല. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കെപിഎസി ലളിത മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
നൃത്തത്തില്‍ പങ്കെടുക്കാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും പറഞ്ഞ് കെപിഎസി ലളിതയുടേതായി പുറത്തുവന്ന പത്രക്കുറിപ്പ് അക്കാദമി സെക്രട്ടറിയുടെ കളിയായിരിക്കുമെന്നും കെപിഎസി ലളിത ഒരിക്കലും അങ്ങനെ പറയില്ലെന്നും ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞിരുന്നു.
മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ച വിവാദത്തെത്തുടര്‍ന്ന് ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഉറക്കഗുളിക കഴിച്ചാണ് അദ്ദേഹം ആത്മഹത്യാശ്രമം നടത്തിയത്.
വിഷയത്തില്‍ കെപിഎസി ലളിത നടത്തിയത് കൂറുമാറ്റമാണെന്ന് സൂചിപ്പിച്ച് ആര്‍എല്‍വി രാമകൃഷ്ണന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആത്മഹത്യാശ്രമം.
‘കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ 8 ഓളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്. വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചുനില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പു.ക.സയിലെയും PK S യിയിലെയും അംഗമാണ്’, രാമകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ആത്മഹത്യാ ശ്രമത്തിന് ശേഷം ഇനി അനുവദിച്ചാലും സര്‍ഗ ഭൂമികയില്‍ നൃത്തം അവതരിപ്പിക്കില്ലെന്ന് രാമകൃഷ്ണന് പറഞ്ഞിരുന്നു.
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരനും പ്രശസ്ത നര്‍ത്തകനുമാണ് ആര്‍എല്‍വി രാമകൃഷ്ണന്. രാമകൃഷന് ഓണ്‍ലൈന്‍ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം നിഷേധിച്ചത് അക്കാദമിയുടെ ഭാഗത്തുനിന്നുണ്ടായ ജാതിവിവേചനമാമെന്ന് സൂചിപ്പിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു
സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഓണ്‍ലൈന്‍ നൃത്തപരിപാടി സര്‍ഗഭൂമികയില്‍ നൃത്തം ചെയ്യുന്നതിന് രാമകൃഷ്ണന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ മോഹിനിയാട്ടത്തിന് അവസരമില്ലെന്നും പ്രഭാഷണത്തിന് അവസരം നല്‍കാമെന്നുമായിരുന്നു അക്കാദമി സെക്രട്ടറിയുടെ മറുപടി. തുടര്‍ന്ന് അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയുമായി സംസാരിക്കുകയും സെക്രട്ടറിയുമായി സംസാരിച്ച് അവസരം ഒരുക്കാമെന്ന് വാക്കു നല്‍കുകയും ചെയ്തിരുന്നതായി ആര്‍എല്‍വി രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു. പിന്നീട് ലളിത വാക്കുമാറ്റിയതായാണ് ആരോപണം.