Top

‘റസാഖുമായി ഞാനോ കുഞ്ഞാലിക്കുട്ടി സാഹിബോ ചര്‍ച്ച നടത്തിയിട്ടില്ല’; കാരാട്ട് റസാഖിനെ തള്ളി കെപിഎ മജീദ്‌

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി മുസ്‌ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കെപിഎ മജീദ്. കാരാട്ട് റസാഖുമായി താനോ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയോ യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മജീദ് പറഞ്ഞു. അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ […]

21 Feb 2021 2:09 AM GMT

‘റസാഖുമായി ഞാനോ കുഞ്ഞാലിക്കുട്ടി സാഹിബോ ചര്‍ച്ച നടത്തിയിട്ടില്ല’; കാരാട്ട് റസാഖിനെ തള്ളി കെപിഎ മജീദ്‌
X

കോഴിക്കോട്: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖുമായി മുസ്‌ലിം ലീഗ് നേതൃത്വം ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ കെപിഎ മജീദ്. കാരാട്ട് റസാഖുമായി താനോ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായ പി കെ കുഞ്ഞാലിക്കുട്ടിയോ യാതൊരു വിധ ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും മജീദ് പറഞ്ഞു.

അങ്ങനെ ചര്‍ച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് സംശയിക്കുന്നുവെന്നും കെപിഎ മജീദ് അഭിപ്രായപ്പെട്ടു.

തന്റെ ലീഗിലേക്കുള്ള വരവിന് തടസമാകുന്നത് ജില്ലാ നേതൃത്വമാണെന്ന് വ്യക്തമാക്കി കാരാട്ട് റസാഖ് രംഗത്തെത്തിയതിന് പിന്നലെയാണ് വിഷയത്തോട് പ്രതികരിച്ച് കെപിഎ മജീദ് രംഗത്തെത്തിയത്.

താന്‍ ലീഗിലേക്ക് തിരിച്ചുവരണമെന്ന ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ തന്നെ സമീപിച്ചെന്നായിരുന്നു കാരാട്ട് റസാഖ് മാധ്യമങ്ങളോട് പറഞ്ഞത്. യുഡിഎഫ് നേതാക്കളാണ് ചര്‍ച്ച നടത്തിയതെന്നും എന്നാല്‍ പ്രാദേശിക ലീഗ് നേതൃത്വം തന്നോടുള്ള എതിര്‍പ്പ് യുഡിഎഫ് നേതാക്കളെ അറിയിച്ചിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

‘ലീഗ് നേതൃത്വത്തിനോട് എനിക്ക് വിയോജിപ്പുകളൊന്നുമില്ല. സ്ഥാനത്തുനിന്ന് മാത്രമേ ഞാന്‍ രാജി വെച്ചിട്ടുള്ളു. ലീഗില്‍നിന്ന് രാജി വെച്ചിട്ടില്ല. ലീഗ് എന്നെ പുറത്താക്കിയിട്ടുമില്ല. ഒരു ചര്‍ച്ച നടത്തി അങ്ങോട്ടും ഇങ്ങോട്ടും ധാരണകളിലെത്തേണ്ട കാര്യമേയുള്ളു. ആ ചര്‍ച്ച നടത്തുന്നതിലെ പ്രയാസങ്ങളാണ് നിലവിലുള്ളത്. ഞാന്‍ തിരിച്ചുപോവുകയാണെങ്കില്‍ ഒരു മെമ്പര്‍ഷിപ്പുപോലും എടുക്കേണ്ടതില്ല. ഞാന്‍ ലീഗുകാരന്‍ തന്നെയാണെന്ന് കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആളുകള്‍ തെളിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് അവരുടെ വോട്ടുകൊണ്ട്് ഞാന്‍ ജയിച്ചത്. അത് ഇപ്പോഴും അങ്ങനെത്തന്നെയാണ്’, കാരാട്ട് റസാഖ് പറഞ്ഞു.

പികെ കുഞ്ഞാലിക്കുട്ടി ഇക്കാര്യം സംസാരിച്ചോ എന്നതും കാരാട്ട് റസാഖ് നിഷേധിച്ചിരുന്നില്ല. ‘അദ്ദേഹം ഇടപെടാതെ ലീഗ് സംസ്ഥാന നേതൃത്വം സംസാരിച്ചെന്ന് എനിക്ക് പറയാന്‍ കഴിയില്ലല്ലോ’, എന്നായിരുന്നു മറുപടി. ഇക്കാര്യം തള്ളിയാണ് കെപിഎ മജീദ് രംഗത്തെത്തിയിരിക്കുന്നത്.

ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞാണ് എല്‍ഡിഎഫ് സ്വതന്ത്രനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ലീഗിന്റെ ജില്ലാ സെക്രട്ടറികൂടിയായിരുന്ന എംഎ റസാഖിനെ പരാജയപ്പെടുത്തിയായിരുന്നു കാരാട്ട് റസാഖ് ജയിച്ചുകയറിയത്. ഇത് ലീഗിന് ചെറുതല്ലാത്ത ക്ഷീണമുണ്ടാക്കിയിരുന്നു

Next Story