Top

‘മത്സരിക്കുമെങ്കില്‍ സ്ഥാനമൊഴിയും’; കൂടുതല്‍ സീറ്റ് ചോദിക്കാന്‍ അര്‍ഹതയുണ്ടെന്ന് കെപിഎ മജീദ്

ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ അര്‍ഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

23 Jan 2021 9:40 PM GMT

‘മത്സരിക്കുമെങ്കില്‍ സ്ഥാനമൊഴിയും’; കൂടുതല്‍ സീറ്റ് ചോദിക്കാന്‍ അര്‍ഹതയുണ്ടെന്ന് കെപിഎ മജീദ്
X

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെങ്കില്‍ സ്ഥാനം ഒഴിയുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഒരേസമയം രണ്ട് ചുമതലകള്‍ നിര്‍വഹിക്കുന്നത് അപ്രായോഗീകമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ അര്‍ഹതയുണ്ടെന്നും മജീദ് വ്യക്തമാക്കി.

കൂടുതല്‍ സീറ്റു ആവശ്യപ്പെടുന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടി യോഗം ചേര്‍ന്നതിന് ശേഷമേ വ്യക്തതവരുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേസ് നേരിടുന്ന എംഎല്‍എമാര്‍ മത്സരിക്കണോ എന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ എംഎല്‍എമാരായ കെഎം ഷാജി, എംസി കമറുദ്ദീന്‍, മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലികുട്ടി എംപിക്ക് പുറമേ പിവി അബ്ദുള്‍ വഹാബ് എംപിയും മത്സരിക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തുടങ്ങാനാണ് പാര്‍ട്ടി തീരുമാനം. മലപ്പുറം ജില്ലയില്‍ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാഥ നടത്തും. ജില്ലയിലെ 12 ഇടത്തും ലീഗാണ് മത്സരിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് മുസ്ലിം ലീഗ് ചോദിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. അതിനുള്ള അവകാശവും അര്‍ഹതയും ലീഗിന് ഉണ്ടെന്ന പ്രതികരണവുമായി മുനവറലി തങ്ങളും രംഗത്തെത്തിയിരുന്നു.

Next Story