Top

‘യഥാര്‍ഥ അയോധ്യയില്‍ ഞങ്ങള്‍ രാമക്ഷേത്രത്തിന്റെ പണി തുടങ്ങി’; രാമജന്മഭൂമിയില്‍ അവകാശവാദമുന്നയിച്ച് വീണ്ടും കെപി ശര്‍മ്മ ഒലി

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുശേഷം ഈ പ്രദേശത്തെ പ്രധാനഹിന്ദു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റാനാണ് തന്റെ പദ്ധതിയെന്ന് ഒലി വിശദീകരിച്ചു.

31 Jan 2021 2:14 AM GMT

‘യഥാര്‍ഥ അയോധ്യയില്‍ ഞങ്ങള്‍ രാമക്ഷേത്രത്തിന്റെ പണി തുടങ്ങി’; രാമജന്മഭൂമിയില്‍ അവകാശവാദമുന്നയിച്ച് വീണ്ടും കെപി ശര്‍മ്മ ഒലി
X

രാമജന്മഭൂമിയെച്ചൊല്ലി ഒരു ഇടവേളയ്ക്കുശേഷം വീണ്ടും വിവാദങ്ങള്‍ ആളിക്കത്തിച്ച് നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലി. രാമന്റെ ജന്മഭൂമിയായ യഥാര്‍ഥ അയോധ്യ എന്ന് ഒലി അവകാശപ്പെടുന്ന ബിര്‍ജുംഗ് പ്രദേശത്ത് രാമക്ഷേത്രത്തിന്റെ പണി തങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം പണിയുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ വിഗ്രഹം തയ്യാറാക്കിക്കഴിഞ്ഞു. സീതാദേവിയുടെ വിഗ്രഹം ഉടന്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനുശേഷം ഈ പ്രദേശത്തെ പ്രധാനഹിന്ദു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റാനാണ് തന്റെ പദ്ധതിയെന്ന് ഒലി വിശദീകരിച്ചു. മതവിശ്വാസികള്‍ മാത്രമല്ല പുരാവസ്തുഗവേഷകരും ചരിത്രവിദ്യാര്‍ഥികളും സാംസ്‌കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഒത്തുചേരുന്ന ഒരു ഹബ്ബാക്കി ക്ഷേത്രത്തെ മാറ്രുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേപ്പാളിലാണ് ശ്രീരാമന്‍ ജനിച്ചത് എന്ന ശര്‍മ്മ ഒലിയുടെ വാദത്തിനുനേരെ ഇന്ത്യയില്‍ നിന്നുമാത്രമല്ല, നേപ്പാളില്‍നിന്നുതന്നെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നേപ്പാളിലെ കമ്മ്യൂണിസ്റ്റുകാര്‍ ജനതയുടെ വിശ്വാസത്തെ തൊട്ട് കളിക്കരുതെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരെ പരാജയപ്പെടുത്തിയ അവസ്ഥ തന്നെ നിങ്ങള്‍ക്കും നേരിടേണ്ടി വരുമെന്നും ബിജെപി നേതൃത്വം മുന്‍പ് താക്കീത് നല്‍കിയിരുന്നു. ഇന്ത്യയിലെ അയോദ്ധ്യ ഒരു തര്‍ക്കഭൂമിയാണ്, എന്നാല്‍ തന്റെ രാജ്യത്തെ അയോദ്ധ്യ സംബന്ധിച്ച് യാതൊരു തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും നിലനില്‍ക്കുന്നില്ലെന്നും ഒലി മുന്‍പ് സൂചിപ്പിച്ചിരുന്നു.

Next Story