Top

പ്ലസ്ടു അഴിമതി കേസ്‌; കെഎം ഷാജിയുടെ വീട് അളക്കുന്നു, നടപടി ഇ ഡിയുടേത്

എംഎല്‍എ കെ എം ഷാജിയുടെ വീട് അളക്കുന്ന നടപടിയുമായി കോഴിക്കോട് നഗരസഭ ഉദ്ദ്യോഗസ്ഥര്‍.

22 Oct 2020 4:12 AM GMT

പ്ലസ്ടു അഴിമതി കേസ്‌; കെഎം ഷാജിയുടെ വീട് അളക്കുന്നു,  നടപടി ഇ ഡിയുടേത്
X

എംഎല്‍എ കെ എം ഷാജിയുടെ വീട് അളക്കുന്ന നടപടിയുമായി കോഴിക്കോട് നഗരസഭ ഉദ്ദ്യോഗസ്ഥര്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

കണ്ണൂര്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കെ എം ഷാജിക്കെതിരായ പരാതിയിന്മേലാണ് ഇ ഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തുടര്‍ന്നാണ് എംഎല്‍എയുടെ വീട് അളക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിച്ചിരിക്കുന്നത്.

എന്‍ഫോഴ്സ്മെന്റിന്റെ കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് എംഎല്‍എയ്ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. കെഎം ഷാജി ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് മൊഴിയെടുക്കുന്നതിനായി ഇഡി നോട്ടീസ് നല്‍കി. ഷാജിയോട് അടുത്തമാസം 10ന് ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭനാണ് ഷാജിയ്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഈ കേസില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിച്ചതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കേന്ദ്രഏജന്‍സി സമഗ്ര അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് വിവരം.

യുഡിഎഫ് ഭരണകാലത്ത് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പണം ആവശ്യപ്പെട്ടതായി മുന്‍പ് തന്നെ പരാതികള്‍ ഉയര്‍ന്നിരുന്നു. പ്ലസ്ടു ബാച്ച് അനുവദിച്ചതിന്റെ ചെലവുകള്‍ പിടിഎയുടെ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചപ്പോള്‍ ഷാജിയ്ക്ക് 25 ലക്ഷം രൂപ നല്‍കിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഷാജിക്കെതിരെ ഇഡി അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

Next Story