
2001 മുതല്‍ കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി അഞ്ച് ടേം ജയിച്ച കോവൂര്‍ കുഞ്ഞുമോന് ക്യാബിനറ്റ് പദവി നല്കാന് സിപിഐഎമ്മിനുള്ളില്‍ ആലോചന. ചീഫ് വിപ്പ് പദവിയിലേക്ക് കുഞ്ഞുമോനെ പരിഗണിക്കാന്‍ സാധ്യതയുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് മന്ത്രിസ്ഥാനത്തിനുവേണ്ടി ശക്തമായ നീക്കം നടത്തിയ കേരള കോണ്‍ഗ്രസിന് ഒരു മന്ത്രിയും ക്യാബിനറ്റ് സ്ഥാനമുള്ള മറ്റൊരു പദവിയും നല്‍കാനും നേതൃത്വം ആലോചിക്കുന്നുണ്ട്. അഞ്ച് ടേം ജയിച്ചത് പരിഗണിച്ച് തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍പ് കോവൂര്‍ കുഞ്ഞുമോന് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
സിപിഐഎം, സിപിഐ, ജനതാദള്‍ എസ്, എന്‍സിപി എന്നിവരുടെ മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ നിലവില്‍ ധാരണയായിട്ടുണ്ട്. ചെറുകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസ്ഥാനമുണ്ടാകുമെന്ന തീരുമാനം ഇന്നുണ്ടായേക്കും. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിനുമുന്‍പായി ഘടകക്ഷികളുമായി എത്രയും പെട്ടെന്ന് ധാരണയിലെത്താന്‍ സിപിഐഎം ശ്രമം നടത്തിവരികയാണ്.
ജനതാദളും എല്‍ജെഡിയും രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടട്ടേ എന്ന നിര്‍ദ്ദേശമാണ് സിപിഐഎം മുന്നോട്ടുവെയ്ക്കാനിരിക്കുന്നത്. കേരള കോണ്‍ഗ്രസിന് വൈദ്യുതി വകുപ്പോ പൊതുമരാമത്ത് വകുപ്പോ നല്‍കാനാണ് സാധ്യതയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വനം എന്‍സിപിയ്ക്കും ഗതാഗത വകുപ്പ് കെബി ഗണേഷ് കുമാറിനും നല്‍കിയേക്കും.
സിപിഐക്ക് ഇത്തവണ നാല് മന്ത്രി സ്ഥാനങ്ങൾ നൽകും. ഡപ്യൂട്ടി സ്പീക്കർ പദവും സിപിഐക്ക് തന്നെയായിരിക്കും. ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്ന് സിപിഐ അറിയിച്ചിയിട്ടുണ്ട്. സിപിഐഎം നിർണായക വകുപ്പുകൾ വിട്ടുനൽകില്ലെങ്കിൽ വൈദ്യുത വകുപ്പ് വേണമെന്നായിരിക്കും കേരളാ കോൺഗ്രസ് ആവശ്യപ്പെടുക.