പക്ഷിപ്പനി: ‘മനുഷ്യരിലേക്ക് പകരില്ലെന്ന് സ്ഥിരീകരിച്ചിട്ടില്ല’; പ്രഹര ശേഷി കുറവാണെന്ന് കോട്ടയം ഡിഎംഒ
ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷേ താരതമ്യേന അതിനുള്ള സാധ്യത വളരെ കുറവാണ് എന്ന് പറയാന്‍ സാധിക്കും. പക്ഷിപ്പനി സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല.
4 Jan 2021 8:52 AM GMT
സുജു ബാബു

നീണ്ടൂര്‍ പരിസരത്തായി താറവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതെന്ന് കോട്ടയം ഡിഎംഒ ഡോ. ജേക്കബ് വര്‍ഗ്ഗീസ്. ഇത് മനുഷ്യരിലേക്ക് പകരില്ലെന്ന സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല. പക്ഷേ താരതമ്യേന അതിനുള്ള സാധ്യത വളരെ കുറവാണ് എന്ന് പറയാന്‍ സാധിക്കും. പക്ഷിപ്പനി സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെയും ലഭിച്ചിട്ടില്ല. അത് മൃഗ സംരക്ഷണ വകുപ്പിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായാരുന്നു ഡോ. ജേക്കബ് വര്‍ഗ്ഗീസിന്റെ പ്രതികരണം.
ഇതേ കാലയളവില്‍ തന്നെ ആലപ്പുഴ ജില്ലയിലെ ചില സ്ഥലങ്ങളിലും സമാന സംഭവം ഉണ്ടാവുകയും പരിശോധിച്ചപ്പോള്‍ അതും പക്ഷിപ്പനിയാണെന്ന സ്ഥിരീകരണമാണ് ഉണ്ടായിരിക്കുന്നത്. ഏഴ് വര്‍ഷം മുമ്പ് സംസ്ഥാനത്ത് സ്ഥിരീകരിച്ച പക്ഷിപ്പനിക്ക് സമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത് എന്നേ പറയാന്‍ സാധിക്കു. ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത് വൈറസിന്റെ മറ്റൊരു വകഭേദമാണ്. അന്നത്തത്ര അപകടകരമല്ല ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത് എച്ച്5 എന്‍8 എന്ന വൈറസാണ്. നേരത്തെ ഇവിടെ സ്ഥിരീകരിച്ചിട്ടുള്ളത് എച്ച്5 എന്‍1 എന്ന വകഭേദമായിരുന്നു. എന്നാല്‍ അന്ന് നടത്തിയ നിരീക്ഷണത്തിലും രോഗം ആളുകളിലേക്ക് വ്യാപിച്ചിരുന്നില്ല. എന്നാല്‍ മറിച്ച് സംഭവിച്ചാല്‍ അപകടകരമാകും.
ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്ന വൈറസിന് പ്രഹര ശേഷി കുറവാണ് എന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വ്യാപനശേഷി പഴയതിനേക്കാള്‍ കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പക്ഷെ ശക്തമായ കരുതല്‍ നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത് ആത്യാവശ്യമാണ്.
പക്ഷിപ്പനി സ്ഥിരീകരിച്ച നീണ്ടുരിലുള്ള താറാവുകളെയെല്ലാം കൊന്നുകളയാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ തന്നെ നടപടികളുമായി മുന്നോട്ട് പോകുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എട്ട് പേര് വീതമുള്ള അഞ്ച് ടീമുകളേയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവരെ നാല്‍പ്പത് പേരെയും ഇതിന് ശേഷം നിരീക്ഷണത്തില്‍ വെയ്ക്കും. മുന്‍ കരുതല്‍ നടപടിയെന്നോണം അവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാനാണ് തൂരുമാനം. ഈ വൈറസ് ഇതിന് മുമ്പ് എവിടെയെങ്കിലും വന്നിട്ടുണ്ടോ എന്നത് സംബന്ധിച്ചുള്ള വിവരവും ലഭ്യമല്ല.
എന്നാല്‍ 2014ല്‍ സ്ഥിരീകരിച്ചതില്‍ നിന്നും മരണ നിരക്ക് കുറഞ്ഞ വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് വേണ്ടുന്ന എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയും പനി പോലുള്ള ലക്ഷണമുള്ളവരെ നിരീക്ഷണത്തില്‍ വെച്ചുകൊണ്ട് അവര്‍ക്ക് ഹീമോ പ്രപ്പൊലെന്റ്സ് നല്കുന്നുതുള്പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പത്ത് ദിവസത്തേക്കാണ് ഇവരെ നിരീക്ഷണത്തില്‍ വെയ്ക്കുന്നതെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.