
കൊട്ടാരക്കര: സീറ്റ് കിട്ടിയില്ലെങ്കില്‍ സിപിഐഎം വിടുമെന്ന പ്രാചാരണങ്ങള്‍ തള്ളി കൊട്ടരക്കര എംഎല്‍എ അയിഷ പോറ്റി. ഇതാരുടെ മനസ്സില്‍ തോന്നിയ കാര്യമാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല. താന്‍ പാര്‍ട്ടി വിടുന്നു എന്ന് പറയാന്‍ ആര്‍ക്കാണ് ഇത്ര ധൈര്യം വന്നതെന്നും ആയിഷ പോറ്റി ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അയിഷ പോറ്റിയുടെ പ്രതികരണം.
പാര്‍ട്ടി കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ കുത്സിത ബുദ്ധിയാണ്. അധികാരത്തിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ചാടില്ല. തന്നെ ഇത്ര ഇടിച്ചുതാഴ്ത്താന്‍ നോക്കുന്നതാരാണെന്ന് മനസ്സിലാകുന്നില്ല.
അയിഷ പോറ്റി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു
രണ്ടിലധികം തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് പാര്‍ട്ടി ഇക്കുറി സീറ്റ് നല്‍കിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് അയിഷ പോറ്റി പാര്‍ട്ടി വിട്ടേക്കും എന്ന പ്രചാരണങ്ങള്‍ ഉണ്ടാവുന്നത്.
താന്‍ അധികാരം മോഹിച്ച് വന്ന ആളല്ല. ഇതെല്ലാം തന്റെ പാര്‍ട്ടിയും ജനങ്ങളും ചേര്‍ന്ന് നല്‍കിയതാണ്. തന്റെ ചുമതല കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് പറഞ്ഞ അവര്‍ തനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും ലഭിച്ചില്ലെങ്കിലും യാതോരുവിധ മോഹഭംഗവും സംഭവിക്കില്ലെന്നും വ്യക്തമാക്കി. തന്നെ അറയാത്തവര്‍ ഇറക്കി വിടുന്ന വ്യാജ പ്രചാരണമാണിതെന്നും അയിഷ പോറ്റി ആരോപിച്ചു. ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തനിക്ക് യാതൊരു വിധ അഭിപ്രായവും ഇല്ലെന്നും എല്ലാം പാര്‍ട്ടി തീരുമാനമായിരിക്കുമെന്നും അയിഷ പോറ്റി പറഞ്ഞു. മണ്ഡലത്തില്‍ ആര് മത്സരിച്ചാലും വിജയം ഇടത് മുന്നണിക്കായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
- TAGS:
- Ayisha Potty
- CPIM
- Kottarakkara