Top

കോന്നി മെഡിക്കല്‍ കോളേജ്: അത്യാഹിത വിഭാഗം ജൂലൈ അവസാനം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ശബരമലയുമായി അടുത്തുള്ള മെഡിക്കല്‍ കോളേജെന്ന നിലയില്‍ തീര്‍ത്ഥാടനകാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്. കോന്നി മെഡിക്കല്‍ കോളേജില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ അത്യാഹിത വിഭാഗത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം […]

9 Jun 2021 7:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോന്നി മെഡിക്കല്‍ കോളേജ്: അത്യാഹിത വിഭാഗം ജൂലൈ അവസാനം പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ശബരമലയുമായി അടുത്തുള്ള മെഡിക്കല്‍ കോളേജെന്ന നിലയില്‍ തീര്‍ത്ഥാടനകാലം കൂടി മുന്നില്‍ കണ്ടാണ് അത്യാഹിത വിഭാഗം വേഗത്തില്‍ സജ്ജമാക്കുന്നത്.

കോന്നി മെഡിക്കല്‍ കോളേജില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ അത്യാഹിത വിഭാഗത്തിനുള്ള പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനകം ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും യോഗത്തില്‍ അറിയിച്ചു. എത്രയും വേഗം ആശുപത്രി വികസന സമിതി രൂപീകരിക്കാനും നിര്‍ദേശം മന്ത്രി നല്‍കി.

കോന്നി മെഡിക്കല്‍ കോളേജിലെ നിലവിലുള്ള സംവിധാനം വര്‍ധിപ്പിക്കും. ഒപി സംവിധാനം ശക്തപ്പെടുത്തിയ ശേഷം അത്യാഹിത വിഭാഗം, ഐസിയു സംവിധാനം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവ സജ്ജമാക്കും. ജീവനക്കാരെ എത്രയും വേഗം നിയമിക്കാനുള്ള നടപടി സ്വീകരിക്കും. വര്‍ക്കിംഗ് അറേജ്‌മെന്റില്‍ പോയ ജീവനക്കാരെ തിരിച്ചു വിളിക്കും. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും ജീവനക്കാരെ നിയമിക്കും. അധിക തസ്തികള്‍ സൃഷ്ടിക്കാനായുള്ള പ്രൊപ്പോസല്‍ പരിശോധിച്ച് അത്യാവശ്യമായത് സര്‍ക്കാരിന് നല്‍കേണ്ടതാണെ്ന്നും നിര്‍ദേശത്തില്‍ പറയുന്നു.

മൂന്നാം തരംഗത്തെ നേരിടാന്‍ ജില്ലയെ ഒരുക്കാന്‍ മെഡിക്കല്‍ കോളേജില്‍ ശിശുരോഗ വിഭാഗം ആരംഭിക്കാനും മെഡിക്കല്‍ കോളേജില്‍ അടിയന്തരമായി പീഡിയാട്രിക് ഐസിയു സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നുണ്ട്. പ്രധാന ഉപകരണങ്ങളെല്ലാം കെഎംഎസ്‌സിഎല്‍ എത്തിച്ചു. ബാക്കിയുള്ളവ എത്രയും വേഗം എത്തിക്കും. സ്വീവേജ് ട്രീറ്റിംഗ് പ്ലാന്റ്, ഫയര്‍ ടാങ്ക് എന്നിവ സജ്ജമാക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതാണ്. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മെഡിക്കല്‍ വിദ്യാഭ്യാസ ജോ.ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംബിബിഎസ് കോഴ്‌സ് തുടങ്ങുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ മാറിയാലുടന്‍ മെഡിക്കല്‍ കോളേജില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും.

Also Read: സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കൊവിഡ്; 156 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

Next Story