വിട്ടുകൊടുക്കില്ലെന്നും തിരിച്ചുപിടിക്കുമെന്നും ഉറപ്പിച്ച് എല്‍ഡിഎഫും യുഡിഎഫും; ഹെലികോപ്റ്ററില്‍ വന്നിറങ്ങി സുരേന്ദ്രന്; ആര് വിജയിക്കും ഈ കോന്നി പോരില്‍
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് വേദികളിലൊന്നാണ് കോന്നി. എല്‍ഡിഎഫ് – യുഡിഎഫ് – എന്‍ഡിഎ ത്രികോണ പോരാട്ടം പ്രവചിക്കപ്പെടുന്ന മണ്ഡലം മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് അടൂര്‍ പ്രകാശിന്റെ കോട്ടയായിരുന്ന കോന്നി 2016-ലെ ഇടതുതരംഗത്തില്‍ പോലും ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് നല്‍കിയത്. എന്നാല്‍ 2019-ഓടെ മണ്ഡലത്തിലെ കഥമാറി. ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥാനമൊഴിഞ്ഞ് പാര്‍ലമെന്റിലേക്ക് പോയി. തുടര്‍ന്ന ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ഇതിനിടെ ആദ്യം ചരിത്രവിധിയെന്ന് വിശേഷിപ്പിക്കപ്പെട്ട […]
2 April 2021 11:19 AM GMT
അനുപമ ശ്രീദേവി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് വേദികളിലൊന്നാണ് കോന്നി. എല്‍ഡിഎഫ് – യുഡിഎഫ് – എന്‍ഡിഎ ത്രികോണ പോരാട്ടം പ്രവചിക്കപ്പെടുന്ന മണ്ഡലം മൂന്ന് മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് അടൂര്‍ പ്രകാശിന്റെ കോട്ടയായിരുന്ന കോന്നി 2016-ലെ ഇടതുതരംഗത്തില്‍ പോലും ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് നല്‍കിയത്. എന്നാല്‍ 2019-ഓടെ മണ്ഡലത്തിലെ കഥമാറി. ലോക്സഭാതെരഞ്ഞെടുപ്പില്‍ വിജയിച്ച അടൂര്‍ പ്രകാശ് എംഎല്‍എ സ്ഥാനമൊഴിഞ്ഞ് പാര്‍ലമെന്റിലേക്ക് പോയി. തുടര്‍ന്ന ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. ഇതിനിടെ ആദ്യം ചരിത്രവിധിയെന്ന് വിശേഷിപ്പിക്കപ്പെട്ട ശബരിമലയിലെ സുപ്രീംകോടതി വിധി വിവാദ വിധിയായി. യുവതീപ്രവേശനവും ആചാര സംരക്ഷണ പ്രക്ഷോഭങ്ങളുമായി പ്രക്ഷുബ്ദമായ കാലാവസ്ഥയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന് ആചാരസംരക്ഷണത്തിനുവേണ്ടി വോട്ടുചോദിച്ചു.
കാല് നൂറ്റാണ്ടിലധികം കാലം ഒപ്പം നിന്ന സിറ്റിംഗ് മണ്ഡലത്തില്‍ യുഡിഎഫിനും അട്ടിമറി ഭയമുണ്ടായിരുന്നില്ല. പക്ഷേ സര്‍ക്കാരിനുള്ള മറുപടിയാകുമെന്ന് യുഡിഎഫ് – എന്‍ഡിഎ മുന്നണികള്‍ പ്രവചിച്ച മണ്ഡലത്തില്‍ ഫലമെത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജെനീഷ് കുമാര്‍ 9953 വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടി. കോണ്‍ഗ്രസിന്റെ പി മോഹന്‍ രാജ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആ അപ്രതീക്ഷിത തോല്‍വിയോടെ ജില്ലയിലെ അവസാന മണ്ഡലം കൂടിയായിരുന്നു കോണ്‍ഗ്രസിന് കൈവിട്ടുപോയത്. അതേസമയം, അവകാശപ്പെട്ടതുപോലെ വിജയത്തിലെത്താനായില്ലെങ്കിലും 2016-ലെ പതിനാറായിരത്തില്പരം വോട്ടുകളില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം വോട്ടുകളിലേക്കായിരുന്നു ബിജെപിയുടെ വളര്‍ച്ച. കെ സുരേന്ദ്രന് താര സ്ഥാനാര്‍ത്ഥി പദത്തിലേക്കെത്തിയ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തിലേക്ക് 3.14 ശതമാനം വോട്ടുകളുടെ ദൂരമായിരുന്നു ബിജെപിക്കുണ്ടായത്. അതോടെ ബിജെപിയുടെ എ പ്ലസ് മണ്ഡലമായ കോന്നി.
വരുന്ന പൊതുതെരഞ്ഞെടുപ്പിലും ശബരിമല വിഷയം തന്നെ വീണ്ടും പ്രധാന ചര്‍ച്ചയാക്കുന്ന യുഡിഎഫ് – എന്‍ഡിഎ മുന്നണികളെ തള്ളി കോന്നി ഉറപ്പിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. എന്നാല്‍ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണ്ണയ ഘട്ടം മുതല്‍ മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് തന്ത്രങ്ങള്‍ മെനയുന്നത്. എന്‍ഡിഎയുടെ പ്രധാന പോരാളിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായാണ് കെ സുരേന്ദ്രന് ഇത്തവണ കോന്നിയില്‍ രണ്ടാമങ്കത്തിനെത്തുന്നത്. ഇത്തവണ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ച് വിജയിക്കാനുള്ള എല്ലാ സാധ്യതയും പരീക്ഷിക്കുന്ന സുരേന്ദ്രനുവേണ്ടി പ്രധാനമന്ത്രി തന്നെ കോന്നിയിലെ തെരഞ്ഞെടുപ്പ് വേദിയില്‍ ശരണം വിളിക്കുകയും ചെയ്തിട്ടുണ്ട്.
കോന്നിയുടെ വിധി പ്രവചിക്കുന്ന സര്‍വ്വേകളില്‍ മനോരമ പ്രീ പോള്‍ ഉപതെരഞ്ഞെടുപ്പില്‍ പിടിച്ച എല്‍ഡിഎഫ് തന്നെ മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചിക്കുന്നത്. യുഡിഎഫിന്റെ റോബിന് പീറ്ററിന് രണ്ടാം സ്ഥാനം നല്കുന്ന സര്‍വ്വേ കെ സുരേന്ദ്രന് മൂന്നാം സ്ഥാനത്താണെന്ന് പറയുന്നു. ഇത്തവണയും ശബരിമല വിഷയം സുരേന്ദ്രനെ പിന്തുണയ്ക്കില്ലെന്നാണ് മനോരമ സര്‍വ്വേ റിപ്പോര്‍ട്ട്. അതേസമയം, 24 മെഗാ പ്രീ പോള്‍ പ്രവചനം പ്രകാരം കോന്നിയില്‍ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രണ്ട് മുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുമ്പോള്‍ ബിജെപിക്ക് വലിയ മുന്നേറ്റം പ്രതീക്ഷിക്കാനില്ലെന്നാണ് സര്‍വ്വേ പറയുന്നത്. ഉപതെരഞ്ഞെടുപ്പില്‍ 28.65 ശതമാനം വോട്ടുകള്‍ പിടിച്ച കെ സുരേന്ദ്രന് ഇത്തവണയും ഇരുപത് ശതമാനത്തിലധികം വോട്ടുകളോടെ മൂന്നാം സ്ഥാനത്ത് തുടരുമെന്ന് 24 ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നു.
1965 മുതല്‍ നിലവിലുള്ള കോന്നി മണ്ഡലത്തില്‍ 1965ല്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ എം ജോര്‍ജിനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിന്റെ പി ജെ തോമസിനും 1967ല്‍ പി ജെ തോമസിനെ പിന്തള്ളിയ സിപിഐയുടെ പന്തളം പി ആര് എം പിള്ളയ്ക്കുമായിരുന്നു വിജയം. 1970ല്‍ മണ്ഡലത്തിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പി ജെ തോമസ് 1977ലും വിജയമാവര്‍ത്തിച്ചു. രണ്ട് തെരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ആര് സി ഉണ്ണിത്താനായിരുന്നു പ്രധാന എതിരാളി. 1980, 1982 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായ ജി ഗോപിനാഥന് നായരെയും പി ജെ തോമസിനെയും പരാജയപ്പെടുത്തി സിപിഐഎമ്മിന്റെ വി എസ് ചന്ദ്ര ശേഖര്‍ പിള്ള വിജയിച്ചു. എന്നാല്‍ 1987ല്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന് എന്‍ഡിപി സ്വതന്ത്രനായെത്തിയ ചിറ്റൂര്‍ ശശാങ്കന് നായര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ചു.
1991ല്‍ മണ്ഡലം വീണ്ടും എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ എ പത്മകുമാറായിരുന്നു ഇടത് സ്ഥാനാര്‍ഥി, എന്‍ഡിപി സ്ഥാനാര്‍ഥി സി പി രാമചന്ദ്രന് പ്രധാന എതിരാളിയും. തുടര്‍ന്ന് 1996ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് മണ്ഡലത്തിലെ ആദ്യ ജയം സ്വന്തമാക്കി തന്റെ ജൈത്രയാത്ര ആരംഭിച്ചു. 96-ല്‍ സിറ്റിംഗ് എംഎല്‍എ എ പത്മകുമാറിനെ പരാജയപ്പെടുത്തി മണ്ഡലം പിടിച്ച അടൂര്‍ പ്രകാശ് പിന്നീട് 5 ടേം തുടര്‍ച്ചയായി വിജയിച്ച് രണ്ടരപതിറ്റാണ്ടാണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 96ല്‍ എ പത്മകുമാര്‍ എംഎല്‍എയെ 806 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ അടൂര്‍ പ്രകാശ്, 2001ല്‍ ഇടത് സ്വതന്ത്രനായ പ്രശസ്ത കവി കടമനിട്ട രാമകൃഷ്ണനെ 14050 വോട്ടുകള്‍ക്കും 2011ല്‍ സിപിഐഎമ്മിന്റെ എം എസ് രാജേന്ദ്രനെ 7774 വോട്ടുകള്‍ക്കും 2016ല്‍ സിപിഐഎമ്മിന്റെ ആര് സനല്‍കുമാറിനെ 20748 വോട്ടുകള്‍ക്കുമായിരുന്നു പരാജയപ്പെടുത്തിയത്.

എന്നാല്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി കോണ്‍ഗ്രസ് കോട്ട പൊളിച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ പാര്ട്ടികകത്തുണ്ടായ തര്‍ക്കങ്ങളും വിവാദങ്ങളുമാണ് ആ പരാജയത്തിനുകാരണമായി നിരീക്ഷിക്കപ്പെട്ടത്. അടൂര്‍ പ്രകാശ് എംപി നിര്‍ദ്ദേശിച്ച റോബിന് പീറ്ററിന് ജില്ലാ നേതൃത്വം സ്ഥാനാര്‍ഥിത്വം നിഷേധിക്കുകയും എ മോഹന്‍രാജ് സ്ഥാനാര്‍ഥിയാവുകയും ചെയ്തതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
റോബിന് പീറ്ററും അടൂര്‍ പ്രകാശും ഡിസിസി നേതൃത്വത്തിനെ വിമര്‍ശനം ഉന്നയിക്കുകയും അത് പിന്നീട് പരസ്യപോരിലേക്ക് എത്തുകയും ചെയ്തു. മണ്ഡലത്തില്‍ പരാജയപ്പെട്ടതിനുശേഷവും ഈ തര്‍ക്കം തുടര്‍ന്നു. അടൂര്‍ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ എ മോഹന്‍രാജിനെ കാലുവാരി പരാജയപ്പെടുത്തിയതാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എ മോഹന്‍രാജിനെ എന്‍എസ്എസ് സ്ഥാനാര്‍ഥിയായി അടൂര്‍ പ്രകാശ് അവതരിപ്പിച്ചത് കോന്നിയില്‍ ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണമുണ്ടാക്കിയെന്നും ആരോപണമുയര്‍ന്നിരുന്നു.
2021 തെരഞ്ഞെടുപ്പില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ അടൂര്‍ പ്രകാശ് എംപിയെതന്നെ മുന്നണിയിലിറക്കിയായിരുന്നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍. എന്നാല്‍ അടൂര്‍ പ്രകാശിന് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലടക്കം ഇടപെടാനവസരം നല്കിയ നടപടിയില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം അസംതൃപ്തിയറിച്ച് രംഗത്തുവന്നത് യുഡിഎഫിന് തലവേദനയായിരുന്നു. സ്ഥാനാര്‍ഥി നിര്ണ്ണയത്തിനുമുന്പ് തന്നെ റോബിന് പീറ്ററാണ് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെന്ന് മാധ്യമങ്ങളോട് പ്രഖ്യാപിച്ച അടൂര്‍ പ്രകാശ് അച്ചടക്കലംഘനം നടത്തിയെന്നുവരെ ഒരു വിഭാഗം ആരോപിച്ചു.
എന്നാല്‍ ജില്ലാനേതൃത്വത്തിന്റെ അസംതൃപ്തിയെ തള്ളിയ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശത്തോട് അനുകൂല നിലപാടെടുത്തതോടെ റോബിന് പീറ്റര്‍ തന്നെ സ്ഥാനാര്‍ത്ഥിയായി. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയും 22 വര്‍ഷം ഡിസിസി പ്രസിഡന്റുമായിരുന്ന പി മോഹന്‍രാജ് കോണ്‍ഗ്രസ് വിട്ടിരുന്നു. താന്‍ പാര്‍ട്ടി വിടുന്നതിനുകാരണം തന്നെ ഉപതെരഞ്ഞെടുപ്പില്‍ കാലുവാരി തോല്‍പ്പിച്ച റോബിന് പീറ്ററിന്റെ സ്ഥാനാര്‍ത്ഥിത്വമാണെന്ന് കൂടി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാജി. പിന്നീട് ഉമ്മന്‍ചാണ്ടി ഇടപെട്ടായിരുന്നു മോഹന്‍രാജിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിച്ചത്.

ഈ പശ്ചാത്തലത്തില്‍ അടൂര്‍ പ്രകാശത്തിന്റെ അഭിമാന പ്രശ്നം കൂടിയായ തെരഞ്ഞെടുപ്പില്‍ എന്തുവിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുറച്ചാണ് റോബിന് പീറ്ററെത്തുന്നത്. നിലവില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന റോബിന് പീറ്ററിന്റെ ജനപിന്തുണ അനുകൂല സാഹചര്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അദ്ദേഹം സ്ഥാനാര്‍ഥിയായാല്‍ ജാതിസമവാക്യങ്ങളില്‍ കോണ്‍ഗ്രസിന് നഷ്ടമുണ്ടാകുന്നമെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്. അടൂര്‍ പ്രകാശ് ഈ വാദത്തെ തള്ളുന്നെങ്കില്‍ കൂടി ജില്ലാ തലത്തിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കുക്കാന് കോണ്‍ഗ്രസിന് ഇത്തവണയും ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
അതേസമയം, കോന്നിയില്‍ എല്‍ഡിഎഫ്- സുരേന്ദ്രന് ഡീല്‍ ഉണ്ടെന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ ആരോപണം അടൂര്‍ പ്രകാശും ആവര്‍ത്തിച്ചിരുന്നു. ബിജെപിയും സിപിഐഎമ്മും മണ്ഡലത്തില്‍ വോട്ടുമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച അടൂര്‍ പ്രകാശ് കെ സുരേന്ദ്രനെ മഞ്ചേശ്വരത്ത് വിജയിപ്പിക്കാനും പകരം കോന്നിയില്‍ ബിജെപി സിപിഐഎമ്മിന് വോട്ടുമറിക്കുമെന്നുമാണ് ഡീല്‍ എന്നായിരുന്നു പറഞ്ഞത്.
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, മലയാലപ്പുഴ, തണ്ണിത്തോട്, കലഞ്ഞൂര്‍, കോന്നി, വള്ളിക്കോട്, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളും അടൂര്‍ താലൂക്കിലെ ഏനാദിമംഗലം പഞ്ചായത്തും ഉള്‍പ്പെടുന്ന കോന്നി മണ്ഡലം കര്‍ഷക കര്‍ഷകതൊഴിലാളി വോട്ടര്‍മാര്‍ക്ക് ഭൂരുപക്ഷമുള്ള മലയോരമേഖലയാണ്. ശബരിമല മുതല്‍ ആവണിപ്പാറ വരെയാണ് മണ്ഡലത്തിന്റെ അതിര്‍ത്തികള്‍. ശബരിമല ക്ഷേത്രവും ഗവിയും കോന്നി ആനത്താവളവും അടവി കുട്ട വഞ്ചി കേന്ദ്രവും മണിയാര്‍ ഉള്‍പ്പടെയുള്ള ജലവൈദ്യുതി പദ്ധതികളും ഉള്‍പ്പെടുന്ന മണ്ഡലം സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്.
ജനസംഖ്യയില്‍ ഈഴവ സമുദായത്തിനാണ് ഭൂരിപക്ഷമെങ്കിലും കോന്നിയില്‍ നായര്‍-ക്രിസ്ത്യന്‍ സമുദായങ്ങളും നിര്‍ണായക വോട്ടുബാങ്കുകളാണ്. അതിനാല്‍ തന്നെ ശബരിമല വിഷയത്തിനൊപ്പം ഓര്‍ത്തഡോക്സ്, യാക്കോബായ പള്ളിത്തര്‍ക്കങ്ങളും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചയാകും. ഈഴവ, നായര്‍, ക്രിസ്ത്യന്‍ വോട്ടുബാങ്കുകള്‍ തങ്ങള്‍ക്കനുകൂലമാക്കി ഏകീകരിക്കാനുള്ള ശ്രമമാണ് മൂന്നു മുന്നണികള്‍ക്കും വെല്ലുവിളിയാകുന്നത്. പി മോഹന്‍രാജിനെ തഴഞ്ഞ നിലപാട് നായര്‍ വോട്ടുകള്‍ നഷ്ടപെടാനുള്ള കാരണമായേക്കുമെന്നത് യുഡിഎഫിനെ അസ്വസ്ഥമാക്കുമ്പോള്‍ ശബരിമല വിഷമാണ് എല്‍ഡിഎഫിനെ അലട്ടുന്നത്. അതേസമയം, രണ്ട് മുന്നണികളില്‍ നിന്നുമുണ്ടാകാവുന്ന വോട്ടുചോര്‍ച്ച ലക്ഷ്യം വെയ്ക്കുന്ന ബിജെപി ഇത്തവണ ക്രിസ്ത്യന്‍ സഭകളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇത്തവണ സ്ഥാനാര്‍ത്ഥികളില്‍ കെ സുരേന്ദ്രനും കെ യു ജെനീഷ് കുമാറും ഈഴവ സമുദായക്കാരും റോബിന് പീറ്റര്‍ ക്രിസ്ത്യന്‍ സമുദായാംഗവുമാണ്.
ഈഴവ സമുദായത്തിന് വലിയ സ്വാധീനമുള്ള മേഖലയില്‍ ഒരുകാലത്ത് എന്‍ഡിപിയുടെ വലിയ പിന്തുണയാണ് യുഡിഎഫിനുണ്ടായിരുന്നത്. എന്നാല്‍ 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെ ഇടതുപക്ഷത്തിന്റെ അടിത്തറ കൂടുതല്‍ ശക്തമായെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 46946 വോട്ടുകളോടെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇടതുപക്ഷം തദ്ദേശതെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമായിരുന്നു ഉണ്ടാക്കിയത്. ആകെയുള്ള പതിനൊന്ന് പഞ്ചായത്തുകളില്‍ ഒമ്പതും നേടിയ എല്‍ഡിഎഫിന് കോണ്‍ഗ്രസിന്റെ പ്രമാടം, മൈലപ്ര പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനുമായിരുന്നു. ചിറ്റാറില്‍ യുഡിഎഫ് ഭൂരിപക്ഷം പിടിച്ചെങ്കിലും അട്ടിമറിയിലൂടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം സ്വന്തമാക്കിയിരുന്നു. രണ്ട് പഞ്ചായത്തുകളില്‍ യുഡിഎഫും ഭരണത്തിലുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശിന് ഈ മണ്ഡലത്തില്‍ 2721 വോട്ടുകള്‍ മാത്രമാണ് ലീഡ് ഉണ്ടായിരുന്നത് എന്നതും എല്‍ഡിഎഫിന് അനുകൂലമാണ് ട്രെന്റായി നിരീക്ഷിക്കപ്പെടുന്നു.

ഉപതിരഞ്ഞെടുപ്പിലൂടെ കോന്നി പിടിച്ചെടുത്ത കെ യു ജനീഷ് കുമാറിനെ തന്നെ 2021 തെരഞ്ഞെടുപ്പിലും രംഗത്തിറക്കി മണ്ഡലം നിലനിര്‍ത്താമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. എസ്എന്‍ഡിപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഈഴവ സമുദായക്കാരനും തദ്ദേശീയനുമായ സിറ്റിംഗ് എംഎല്‍എക്ക് സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ പതിനാറ് മാസത്തിനകം മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി വോട്ടുചോദിക്കുന്ന ജെനീഷ് കുമാര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പൂര്ത്തീകരണമടക്കെ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വളര്‍ച്ചയും സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട നൂറു റോഡുകളുടെ ഉദ്ഘാടനവുമെല്ലാം എല്‍ഡിഎഫ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു.
എന്നാല്‍, അടൂര്‍ പ്രകാശ് എംഎല്‍എയായിരുന്ന കാലത്തെ പദ്ധതികളാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നതെന്നാണ് യുഡിഎഫിന്റെ ആരോപണം. ശബരിമല വിഷയം ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന എല്‍ഡിഎഫ് ബിജെപിയും യുഡിഎഫും വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരോപിച്ചാണ് പ്രതിരോധം തീര്‍ക്കുന്നത്. ഒപ്പം വിശ്വാസികളുടെ താത്പര്യത്തിന് വിരുദ്ധമായ നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ് വോട്ടുചോര്‍ച്ചയെ തടയാനും ശ്രമിക്കുന്നു.
അതേസമയം 2019-ല്‍ മഞ്ചേശ്വരം വിട്ടുവന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇത്തവണ മഞ്ചേശ്വരത്തേയും കൂട്ടിയാണ് കോന്നിയില്‍ മത്സരത്തിനെത്തുന്നത്. കഴിഞ്ഞ ലോക്സഭാ- നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലെത്തുന്ന സുരേന്ദ്രന് ഇത്തവണ ശബരിമല വിശ്വാസ സംരക്ഷണത്തിനൊപ്പം കേന്ദ്രസര്‍ക്കാര്‍ പദ്ധതികളും എണ്ണിപ്പറഞ്ഞാണ് വോട്ടുതേടുന്നത്. 2019ല്‍ മണ്ഡലത്തിലെ 28.65 ശതമാനം വോട്ടുകളായിരുന്നു കെ സുരേന്ദ്രന് മണ്ഡലത്തില്‍ സ്വന്തമാക്കിയത്. ശബരിമലയില്‍ ആചാര സംരക്ഷണത്തിന്റെ മുന്നണി പോരാളിയായി മണ്ഡലത്തിലെത്തിയ സുരേന്ദ്രന് 2016ലേതിനേക്കാള്‍ 16.99 ശതമാനം വോട്ടുവളര്‍ച്ചയാണ് ഉണ്ടാക്കിയത്. തുടര്‍ന്ന നടന്ന ലോക്സഭാതെരഞ്ഞെടുപ്പിലും കോന്നി മണ്ഡലത്തില്‍ നിന്ന് 46064 വോട്ടുകള്‍ സുരേന്ദ്രന് ലഭിച്ചു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആ മുന്നേറ്റം ആവര്‍ത്തിക്കാന്‍ ബിജെപിക്കായിരുന്നില്ല.

എന്നിരുന്നാലും മണ്ഡലത്തില്‍ ബിജെപിക്ക് ജനപിന്തുണ വര്‍ധിച്ചതായി അവകാശപ്പെടുന്ന കെ സുരേന്ദ്രന് കോന്നിയിലെ ജനങ്ങളുമായുള്ള വൈകാരികമായ അടുപ്പം കൊണ്ടാണ് മത്സരിക്കുന്നതെന്നാണ് പറയുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ഓടിനടന്ന് പ്രചാരണം നയിക്കുന്ന സുരേന്ദ്രന് പിന്തുണയുമായി കേന്ദ്ര നേതൃത്വം ഹെലികോപ്ടറും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കോന്നിയില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ ആരോപണവും ഏറ്റുവാങ്ങിയാണ് സുരേന്ദ്രന് തെരഞ്ഞെടുപ്പ് നേരിടുന്നത്. അതേസമയം, ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മഞ്ചേശ്വരത്ത് പ്രചാരണം നടത്താതെ, മൂന്നാം സ്ഥാനത്തുള്ള കോന്നിയിലേക്ക് പ്രധാന മന്ത്രിയെത്തിയതിനുപിന്നിലും ബിജെപിയുടെ ശക്തമായ നീക്കങ്ങളുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.