‘ആരും പണം നല്‍കിയിട്ടില്ല, തന്നത് ഇന്ധനം മാത്രം’; രാഹുലിന്റെ കടല്‍യാത്ര നാടകമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോട്ട് ഉടമ
രാഹുല്‍ ഗാന്ധിയുടെ കടല്‍യാത്ര പണം നല്‍കിയുള്ള നാടകമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോട്ട് ഉടമ ബിജു ലോറന്‍സ്. കടല്‍യാത്രയ്ക്ക് ആരും തനിക്ക് പണം നല്‍യിട്ടില്ലെന്നും രാവിലെ ബോട്ട് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ്, വന്നത് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞതെന്നും ബിജു ലോറന്‍സ് മീഡിയ വണിനോട് പറഞ്ഞു. ബിജു ലോറന്‍സിന്റെ വാക്കുകള്‍: ”ആരും പണം നല്‍കിയിട്ടില്ല. സുഹൃത്ത് പറഞ്ഞു, ഒരു പഠനം നടത്താന്‍ ടിഎന്‍ പ്രതാപന് കടലിലേക്ക് യാത്ര പോകണമെന്ന്. പോകാനുള്ള ഇന്ധനം അവരാണ് തന്നത്. രാഹുല്‍ ഗാന്ധി വന്ന് എല്ലാ ജോലിക്കാരോടും […]

രാഹുല്‍ ഗാന്ധിയുടെ കടല്‍യാത്ര പണം നല്‍കിയുള്ള നാടകമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബോട്ട് ഉടമ ബിജു ലോറന്‍സ്. കടല്‍യാത്രയ്ക്ക് ആരും തനിക്ക് പണം നല്‍യിട്ടില്ലെന്നും രാവിലെ ബോട്ട് പുറപ്പെടാന്‍ നില്‍ക്കുമ്പോഴാണ്, വന്നത് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞതെന്നും ബിജു ലോറന്‍സ് മീഡിയ വണിനോട് പറഞ്ഞു.
ബിജു ലോറന്‍സിന്റെ വാക്കുകള്‍: ”ആരും പണം നല്‍കിയിട്ടില്ല. സുഹൃത്ത് പറഞ്ഞു, ഒരു പഠനം നടത്താന്‍ ടിഎന്‍ പ്രതാപന് കടലിലേക്ക് യാത്ര പോകണമെന്ന്. പോകാനുള്ള ഇന്ധനം അവരാണ് തന്നത്. രാഹുല്‍ ഗാന്ധി വന്ന് എല്ലാ ജോലിക്കാരോടും സംസാരിച്ചു, വിശേഷങ്ങള്‍ തിരക്കി, അവര്‍ക്കൊപ്പം ജോലി ചെയ്യുകയാണ് ചെയ്തത്. അല്ലാതെ മറ്റുള്ളവര്‍ പറയുന്നത് പോലെ രാഹുല്‍ ടൂര്‍ പോകാന്‍ വന്നതല്ല. മത്സ്യത്തൊഴിലാളികളെക്കുറിച്ച് പഠിക്കാനാണ് വന്നത്. ആളുമായി പോയി വലയടിച്ച് തിരിച്ചുവരാന്‍ ഒന്നരമണിക്കൂര്‍ മതി. അതിന് മൂന്നു മണിക്കൂറോ, ആറു മണിക്കൂറോ വേണമെന്നില്ല. ചൂണ്ടക്കാര്‍ക്കാണ് ദൂരെ പോയി എട്ടു മണിക്കൂറും ആറു മണിക്കൂറും ജോലി ചെയ്യേണ്ടത്. പ്രതാപന്റെ സുഹൃത്ത് വരുന്നു എന്ന് മാത്രമേ അറിഞ്ഞിരുന്നുള്ളൂ. വന്ന് വള്ളത്തില്‍ കയറിയപ്പോഴാണ് രാഹുല്‍ ഗാന്ധിയാണെന്ന് അറിഞ്ഞത്. വള്ളത്തില്‍ ചാട്ടക്കാരന് ചാടുന്നത് കണ്ടിട്ട് രാഹുല്‍ ചോദിച്ചു എന്താണെന്ന്. മീന്‍ തടഞ്ഞ് നിര്‍ത്താനാണെന്ന് പറഞ്ഞപ്പോള്‍ ഞാനും ചാടട്ടേയെന്ന് ചോദിച്ച് ചാടുകയായിരുന്നു.”
രാഹുല്‍ ഗാന്ധി കടലില്‍ പോയതും വെള്ളത്തില്‍ ചാടിയതും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊല്ലത്തെ മത്സ്യത്തൊഴിലാളികളായ റോബിന്, ബിജു സെബാസ്റ്റ്യന്‍ എന്നിവരാണ് ഇക്കാര്യം ദേശാഭിമാനിയോട് വെളിപ്പെടുത്തിയത്.
റോബിന് പറഞ്ഞത് ഇങ്ങനെ: ”നല്ല നടനാണെന്ന് അദ്ദേഹം തെളിയിച്ചു. എന്നാല്‍, മത്സ്യത്തൊഴിലാളികളുടെ മുഖത്തടിച്ചതുപോലെയായി. രാവിലെ ആറിന് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വള്ളത്തില്‍ കടലില്‍ പോയി മീന്‍പിടിച്ച് രണ്ടര മണിക്കൂറില്‍ തിരിച്ചെത്തിയത്രെ. കിലോമീറ്ററുകള്‍ കടന്നുവേണം വല ഉറപ്പിക്കാന്‍. കടലിലേക്കുള്ള യാത്രയ്ക്കുമാത്രം വേണം രണ്ടുമണിക്കൂര്‍. പോയിവരാന്‍ കുറഞ്ഞത് നാലുമണിക്കൂറെങ്കിലും എടുക്കും.”
ബിജു പറഞ്ഞത് ഇങ്ങനെ: ”മുപ്പതിനായിരം രൂപ നല്കി കരാര്‍ ഉറപ്പിച്ചായിരുന്നു കടല്‍ നാടകം. കരയില്‍നിന്ന് പോകുമ്പോള്‍ത്തന്നെ വള്ളത്തില്‍ മീനുണ്ടായിരുന്നു. എന്തെങ്കിലും ആത്മാര്‍ഥത ഉണ്ടായിരുന്നെങ്കില്‍ മീന്‍പിടിക്കുന്ന കഷ്ടപ്പാട് നേരില്‍ കാണാന്‍ അദ്ദേഹം തയ്യാറാകണമായിരുന്നു. 9 എംഎം കണ്ണി വലിപ്പമുള്ള ചൂടന്‍ വലയില്‍ മത്സ്യം കയറുമ്പോള്‍ പുറത്തേക്കു പോകാതിരിക്കാനാണ് സാധാരണ തൊഴിലാളികള്‍ വെള്ളത്തിലേക്ക് ചാടുന്നത്. മീന്‍ കിട്ടാതിരുന്നപ്പോള്‍ കടലില്‍ ചാടിയെന്ന് പറയുന്ന രാഹുല്‍ തൊഴിലാളികളെ കളിയാക്കുകയാണ്. തെരഞ്ഞെടുപ്പ് വരും, പോകും. സത്യത്തെ വളച്ചൊടിക്കരുത്. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുടെ നന്മയ്ക്കായി കിട്ടാന്‍ ബാക്കി ഒന്നുമില്ല. എന്നിട്ടും എന്തിനാണീ നാടകം. ”