Top

വാക്‌പോര് കടുപ്പിച്ച് മുകേഷും ബിന്ദു കൃഷ്ണയും; പോരാട്ടം ഇഞ്ചോടിഞ്ച്

സംസ്ഥാനത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. 2016-ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സിനിമാതാരം എം മുകേഷ് രാഷ്ട്രീയം പറഞ്ഞ് വിജയിച്ചു കയറിയ കൊല്ലം 2006 മുതല്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. എന്നാല്‍ 2021-ല്‍ പ്രവചനങ്ങള്‍ അസാധ്യമാണെന്ന് നിരീക്ഷിക്കപ്പെടുന്ന മണ്ഡലത്തില്‍ ഏത് ഒഴുക്കുകളെയും തങ്ങള്‍ക്കനുകൂലമാക്കാന്‍ ശേഷിയുള്ള ശക്തരായ സ്ഥാനാര്‍ത്ഥികളുമായാണ് മുന്നണികളെത്തുന്നത്. സിറ്റിംഗ് എംഎല്‍എയായ മുകേഷിനെ തന്നെ കളത്തിലിറക്കിയാണ് മണ്ഡലം നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ കരുനീക്കങ്ങള്‍. മറുപക്ഷത്ത് പ്രധാന എതിരാളികളായ യുഡിഎഫ് ഇത്തവണ ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയെ കളത്തിലിറക്കി […]

3 April 2021 3:15 AM GMT
അനുപമ ശ്രീദേവി

വാക്‌പോര് കടുപ്പിച്ച്  മുകേഷും ബിന്ദു കൃഷ്ണയും;  പോരാട്ടം ഇഞ്ചോടിഞ്ച്
X

സംസ്ഥാനത്ത് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് വേദിയാകുന്ന മണ്ഡലങ്ങളിലൊന്നാണ് കൊല്ലം. 2016-ല്‍ ഇടത് സ്ഥാനാര്‍ത്ഥിയായ സിനിമാതാരം എം മുകേഷ് രാഷ്ട്രീയം പറഞ്ഞ് വിജയിച്ചു കയറിയ കൊല്ലം 2006 മുതല്‍ സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ്. എന്നാല്‍ 2021-ല്‍ പ്രവചനങ്ങള്‍ അസാധ്യമാണെന്ന് നിരീക്ഷിക്കപ്പെടുന്ന മണ്ഡലത്തില്‍ ഏത് ഒഴുക്കുകളെയും തങ്ങള്‍ക്കനുകൂലമാക്കാന്‍ ശേഷിയുള്ള ശക്തരായ സ്ഥാനാര്‍ത്ഥികളുമായാണ് മുന്നണികളെത്തുന്നത്.

സിറ്റിംഗ് എംഎല്‍എയായ മുകേഷിനെ തന്നെ കളത്തിലിറക്കിയാണ് മണ്ഡലം നിലനിര്‍ത്താനുള്ള എല്‍ഡിഎഫിന്റെ കരുനീക്കങ്ങള്‍. മറുപക്ഷത്ത് പ്രധാന എതിരാളികളായ യുഡിഎഫ് ഇത്തവണ ഡിസിസി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയെ കളത്തിലിറക്കി മത്സരം കടുപ്പിക്കുന്നു. പ്രചാരണ ഘട്ടത്തില്‍ തന്നെ വാഗ്വാദങ്ങളിലൂടെ പരസ്പരം ശക്തമായ ഏറ്റുമുട്ടുന്ന സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിലും അതേ മത്സരം ആവര്‍ത്തിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. അതേസമമയം, മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബിജെപി പിടിക്കുന്ന വോട്ടുകളും എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിധിയെ സ്വാധീനിച്ചേക്കും.

ഇരുമുന്നണികള്‍ക്കും വേരോട്ടമുണ്ടെങ്കിലും പൊതുവെ ഇടത് അനുകൂല മണ്ഡലമായാണ് കൊല്ലം പരിഗണിക്കപ്പെടുന്നത്. 2016-ല്‍ സിനിമാതാരമെന്ന ടാഗുമായി മത്സരക്കളത്തിലിറങ്ങിയ മുകേഷ് അഞ്ചുവര്‍ഷത്തിനിപ്പുറം എംഎല്‍എ വേഷത്തിലാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ കാഴ്ചവെച്ച പ്രകടനം വിലയിരുത്തപ്പെടുന്ന തെരഞ്ഞെടുപ്പില്‍ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഇടത് സ്ഥാനാര്‍ത്ഥിയുടെ വോട്ടുതേടല്‍. എന്നാല്‍ മണ്ഡലത്തിലില്ലാത്ത എംഎല്‍എ എന്ന പഴി സജീവമാണ്. എന്നാല്‍ വികസനം സാധ്യമാക്കാന്‍ മണ്ഡലത്തിലിരുന്നാല്‍ പോരെന്ന് എതിര്‍പക്ഷത്തിന്റെ ആരോപണത്തെ തിരിച്ചടിച്ച് മുകേഷ് മറുപടി കൊടുക്കുന്നു.

പ്രധാന എതിരാളിയായ ബിന്ദു കൃഷ്ണയും ഒരു പടിപോലും പിന്നോട്ടില്ലെന്ന നിലപാടിലാണ്. മണ്ഡലത്തില്‍ നിന്നു പ്രവര്‍ത്തിക്കുന്ന എംഎല്‍എയെയാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നാണ് ബിന്ദു കൃഷ്ണയുടെ പക്ഷം. നാലര വര്‍ഷമായി കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിന്ദു കൃഷ്ണ കൊല്ലത്തുകാര്‍ക്ക് നല്‍കുന്ന വാഗ്ദാനവും അതാണ്. ആഴക്കടല്‍ മത്സ്യ ബന്ധനകരാറടക്കം ശക്തമായ പ്രചാരണായുധമാക്കി മണ്ഡലം തിരിച്ചു പിടിക്കാന്‍ എത്തുന്ന ബിന്ദു കൃഷ്ണയ്ക്ക് ഇത് അഭിമാന പോരാട്ടം കൂടിയാണ്. സ്ഥാനാര്‍ത്ഥിത്വത്തിലേക്കെത്താന്‍ കടന്ന കടമ്പകള്‍ക്ക് വിജയിച്ച് മറുപടി കൊടുക്കാന്‍ ഉറച്ചിറങ്ങുന്ന ബിന്ദു കൃഷ്ണയ്ക്ക് മണ്ഡലത്തുലുള്ള സ്വാധീനം തെരഞ്ഞെടുപ്പിനുമുന്‍പേ എതിര്‍പക്ഷം മനസിലാക്കിയതാണ്.

തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും മറികടന്ന് മുന്നേറാനായ ആത്മവിശ്വാസത്തിലാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍. 2016-ല്‍ സ്വതന്ത്രനെ കളത്തിലിറക്കി മുന്നേറ്റമുണ്ടാക്കിയ മണ്ഡലത്തില്‍ ഇത്തവണയും അതേ മുന്നേറ്റമാണ് ബിജെപി ലക്ഷ്യം വെയ്ക്കുന്നത്. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ശ്രദ്ധേയനായ എം സുനിലാണ് സ്ഥാനാര്‍ത്ഥി.

Also Read: ‘ഉടായിപ്പ് നിര്‍ത്തി രാഷ്ട്രീയം പറഞ്ഞു വോട്ട് ചോദിക്ക്..’; ബിന്ദു കൃഷ്ണയോട് മുകേഷ്

പ്രീ – പോള്‍ സര്‍വ്വേകള്‍ കൊല്ലത്ത് ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. മനോരമ വിഎംആര്‍ പ്രീ പോള്‍ സര്‍വ്വേ കടുത്ത പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫ് നേരിയ ഭൂരിപക്ഷം സ്വന്തമാക്കുമെന്നാണ് പ്രവചിക്കുന്നത്. 24 മെഗാ പ്രീ പോള്‍ സര്‍വ്വേയും സമാന വിലയിരുത്തലിലാണ്. എം മുകേഷും ബിന്ദു കൃഷ്ണയും ഒപ്പത്തിനൊപ്പമെന്നാണ് അവരുടെ പ്രവചനം.

1957ലെ ആദ്യ തെരഞ്ഞൈടുപ്പില്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന ടി കെ ദിവാകരനെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് എ എ റഹീമായിരുന്നു മണ്ഡലത്തെ ആദ്യമായി നിയമസഭയില്‍ പ്രതിനിധീകരിച്ചത്. 1960ല്‍ സിപിഐയുടെ പി കെ സുകുമാരനെയും പരാജയപ്പെടുത്തി അദ്ദേഹം വിജയമാവര്‍ത്തിച്ചു. 1965-ല്‍ ഹെന്റ്ട്രി ഓസ്റ്റിനും സിപിഐ സ്ഥാനാര്‍ഥി ടി കെ ദിവാകരനെ പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫിനൊപ്പം നിലനിര്‍ത്തി. എന്നാല്‍ 1967ലെ തെരഞ്ഞെടുപ്പില്‍ ഓസ്റ്റിനെ പരാജയപ്പെടുത്തി അത്തവണ സപ്തകക്ഷി മുന്നണി സ്ഥാനാര്‍ഥിയായെത്തിയ ടി കെ ദിവാകരന്‍ മണ്ഡലം ഇടതുപക്ഷത്തെത്തിച്ചു. 1970ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാഗമായ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായ ടി കെ ദിവാകരന്‍ തന്നെ മണ്ഡലത്തെ യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചെത്തിച്ചു. സിപിഐഎം സ്ഥാനാര്‍ഥി പി കെ സുകുമാരനായിരുന്നു പ്രധാന എതിരാളി.

1977ല്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി എസ് ത്യാഗരാജനെത്തിയപ്പോള്‍ സിപിഐഎമ്മിന്റെ എന്‍ പത്മലോചനനായിരുന്നു പരാജയമറിഞ്ഞത്. 1980ല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് ആര്‍എസ്പി എസ് ബാനറില്‍ മത്സരിച്ച കടവൂര്‍ ശിവദാസന്‍ മണ്ഡലം വീണ്ടും ഇടതുപക്ഷത്തെത്തിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സി വി പത്മരാജനായിരുന്നു പരാജയം. 1982ല്‍ യുഡിഎഫ് സ്വതന്ത്രനായ കടവൂര്‍ ശിവദാസന്‍ ആര്‍എസ്പി സ്ഥാനാര്‍ത്ഥി എസ് ത്യാഗരാജനെ പരാജയപ്പെടുത്തി വീണ്ടും അട്ടിമറിയുണ്ടാക്കി.

1987ല്‍ കടവൂര്‍ ശിവദാസനെ പരാജയപ്പെടുത്തി പ്രമുഖ ആര്‍എസ്പി നേതാവ് ബാബു ദിവാകരന്‍ മണ്ഡലം തിരിച്ചുപിടിച്ചു. എന്നാല്‍ 1991 ലും 1996ലും ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 91ല്‍ കടവൂര്‍ ശിവദാസനെ തരഞ്ഞെടുത്ത് യുഡിഎഫിനൊപ്പവും 96ല്‍ ബാബു ദിവാകരനെ വിജയിപ്പിച്ച് എല്‍ഡിഎഫിനൊപ്പവും നിന്നു മണ്ഡലം. 2001ലെ ആര്‍എസ്പിയുടെ പിളര്‍പ്പിനെ തുടര്‍ന്ന് ആര്‍എസ്പി (ബി) യുഡിഎഫ് മുന്നണിയുടെ ഭാഗമായി. ആ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ആര്‍എസ്പി സ്ഥാനാര്‍ത്ഥി പ്രൊ. കല്ലട വിജയനെ 12275 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ട് ആര്‍എസ്പി (ബി) സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്‍ വിജയിച്ചു.

തുടര്‍ന്ന് 2006ല്‍ ആര്‍എസ്പിയില്‍ നിന്ന് സീറ്റ് ഏറ്റെടുത്ത സിപിഐഎം 2006ലും 2011ലും പി കെ ഗുരുദാസനിലൂടെ മണ്ഡലം പിടിച്ചു. 1991നുശേഷം കോണ്‍ഗ്രസ് മണ്ഡലത്തിലെ മത്സരക്കളത്തിലേക്ക് തിരിച്ചെത്തിയ തെരഞ്ഞെടുപ്പുകൂടിയായിരുന്നു 2011ലേത്. 2016ലെ ആര്‍എസ്പിയുടെ മുന്നണി മാറ്റത്തോടെ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ആര്‍ക്കനുകൂലമാകുമെന്ന് ചര്‍ച്ച സജീവമാകവെ ചലചിത്രതാരം മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് ഇടതുപക്ഷമുന്നണി തെരഞ്ഞെടുപ്പ് നേരിട്ടത്. 2006ല്‍ യുഡിഎഫില്‍ നിന്ന് മണ്ഡലം പിടിക്കുകയും 2011ലെ വിജയത്തിലൂടെ നിലനിര്‍ത്തുകയും ചെയ്ത പി കെ ഗുരുദാസനെ മാറ്റിനിര്‍ത്തിയായിരുന്നു ആ നീക്കം. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൂരജ് രവിയെ പരാജയപ്പെടുത്തിയ എം മുകേഷ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 17611 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ അന്ന് അദ്ദേഹത്തിന് ലഭിച്ചത്.

2016-ല്‍ പി കെ ഗുരുദാസനു പകരം മുകേഷിനെ കളത്തിലറക്കിയ നീക്കം വലിയ ചര്‍ച്ചയായിരുന്നെങ്കിലും വലിയ ഭൂരിപക്ഷത്തോടെ മണ്ഡലം മുകേഷ് നിലനിര്‍ത്തിയതോടെ വിമര്‍ശനങ്ങള്‍ അവസാനിക്കുകയായിരുന്നു. 2021തെരഞ്ഞെടുപ്പെത്തുമ്പോഴും 2016ലേതിന് സമാനമായി വിമര്‍ശനങ്ങള്‍ക്കിടയിലാണ് മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. മുന്‍ എംഎല്‍എ പി കെ ഗുരുദാസനും സംസ്ഥാന കമ്മിറ്റി അംഗം എം വരദരാജനും അടക്കമുള്ളവരായിരുന്നു തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ മുകേഷിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചത്. അന്ന് മുകേഷിനെക്കൊണ്ട് പാര്‍ട്ടിയ്ക്ക് ഗുണമുണ്ടായില്ലെന്ന് തുറന്നടിച്ച നേതാക്കള്‍ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പക്ഷേ അനുനയപ്പെട്ടത് എല്‍ഡിഎഫിന് ആശ്വാസമായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 1300 കോടി രൂപയുടെ വികസനം മണ്ഡലത്തിലെത്തിച്ചെന്ന് അവകാശപ്പെടുന്ന എംഎല്‍എ വിജയ തുടര്‍ച്ചയുണ്ടായാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൊല്ലത്തെ ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന വാഗ്ദാനമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.

മറുപക്ഷത്ത് യുഡിഎഫില്‍ നിന്ന് പോരിനെത്തുന്ന ബിന്ദുകൃഷ്ണയും നാടകീയ സംഭവങ്ങളുടെ പരമ്പര കടന്നാണ് സ്ഥാനാര്‍ത്ഥിത്വത്തിലെത്തിയത്. ഒന്നിലധികം പ്രമുഖ നേതാക്കള്‍ ആവശ്യം ഉന്നയിച്ച സീറ്റില്‍ ആദ്യഘട്ടത്തില്‍ പ്രധാന പിടിവലി ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയും കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരനും തമ്മിലായിരുന്നു. തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ ബിന്ദു കൃഷ്ണയെയും കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരനെയും പ്രതിയാക്കി ജില്ലയില്‍ പോസ്റ്റര്‍ പോരാട്ടം രൂക്ഷമായിരിക്കവെയായിരുന്നു കൊല്ലം മണ്ഡലത്തില്‍ താത്പര്യമറിയിച്ച് ഇരുനേതാക്കളും രംഗത്തെത്തിയത്. തുടര്‍ന്ന് സമവായ ശ്രമവുമായെത്തിയ കെപിസിസി ഒഴിവ് വരുന്ന രാജ്യ സഭാ സീറ്റ് ശൂരനാട് രാജശേഖരന് നല്‍കി കൊല്ലത്തൊ ചാത്തന്നൂരോ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നല്‍കുമെന്നായിരുന്നു ധാരണയുണ്ടാക്കിയത്.

ഈ ഐ ഗ്രൂപ്പ് പോര് സമവായമായതിനുപിന്നാലെയായിരുന്നു എ ഗ്രൂപ്പ് പി സി വിഷ്ണുനാഥിനെ കൊല്ലത്ത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. വിശ്വസ്തനായ വിഷ്ണുനാഥിന് സീറ്റ് ഉറപ്പിക്കാനായി ഉമ്മന്‍ ചാണ്ടി തന്നെ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയെന്നും ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടുവെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ കെപിസിസി അംഗങ്ങളും ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും മണ്ഡലം പ്രസിഡന്റുമാരും ഉള്‍പ്പടുന്ന നേതാക്കള്‍ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കുവാനുള്ള നീക്കത്തെ എതിര്‍ത്ത് രംഗത്തെത്തി. രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവെക്കുന്നതുവരെ പ്രതിഷേധമെത്തി.

ഇതിനെല്ലാം പുറമെ ഒരു ഘട്ടത്തില്‍ ബിന്ദുവിന് സീറ്റു ലഭിക്കില്ലെന്ന സാഹചര്യമുണ്ടായപ്പോള്‍ മണ്ഡലത്തിലെ മത്സ്യ ത്തൊഴിലാളികളുള്‍പ്പടെ ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ചത് ശ്രദ്ധേയമായി. പ്രതിഷേധ സ്ഥലത്തെത്തിയ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞതും വലിയ ചര്‍ച്ചയായി. ഒടുവില്‍ രണ്ടാം ഘട്ട പ്രഖ്യാപനത്തില്‍ കൊല്ലം ബിന്ദു കൃഷ്ണയ്ക്കു തന്നെ കൊല്ലം നല്‍കിയ കോണ്‍ഗ്രസ് പി സി വിഷ്ണുനാഥിനെ കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിയാക്കി.

അതോടെ പ്രചാരണ രംഗത്ത് സജീവമായ ബിന്ദു കൃഷ്ണ ഓഖിയടക്കമുള്ള നിര്‍ണ്ണായക ഘട്ടങ്ങളില്‍ മണ്ഡലത്തിലുണ്ടാകാതിരുന്ന എംഎല്‍എ ഗസ്റ്റ് റോളില്‍ വന്നുപോകുന്ന നടനാണെന്ന് കടന്നാക്രമിച്ചാണ് പ്രചാരണത്തിന് തുടക്കമിട്ടത്. വാര്‍ത്തകള്‍ക്കും കസര്‍ത്തുകള്‍ക്കുമപ്പുറം മണ്ഡലത്തില്‍ വികസനം നടന്നിട്ടില്ലെന്നും കാലാകാലങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമത്തിനടക്കം പരിഹാരമുണ്ടാകാത്തത് അതിന് ഉദ്ദാഹരണമാണെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം.

2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ജി ഹരി 4207 വോട്ടുകള്‍ നേടിയ സ്ഥാനത്ത് 2016ല്‍ 17409 വോട്ടുകളാണ് എന്‍ഡിഎ സ്വതന്ത്രന്‍ കെ ശശികുമാര്‍ നേടിയത്. തദ്ദേശതെരഞ്ഞെടുപ്പിലും മികച്ച മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎക്ക് കഴിഞ്ഞിരുന്നു. മണ്ഡലത്തിലെ അഞ്ച് കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ വിജയിക്കാനായ ബിജെപിക്ക് പലയിടത്തും രണ്ടാം സ്ഥാനവും ലഭിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 12871 വോട്ടുകള്‍ മണ്ഡലത്തില്‍ നിന്ന് നേടിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഡ് 31245 വോട്ടുകളിലേക്ക് ഉയര്‍ത്തിയിരുന്നു.

ജില്ലയില്‍ 30000 മുകളില്‍ വോട്ടുകള്‍ നേടാനായ മണ്ഡലങ്ങളിലൊന്നായതിനാല്‍ തന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയെ തിരിഞ്ഞ ബിജെപി ഒടുവില്‍ 2016-ല്‍ ചവറയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സുനിലിലാണ് എത്തിയത്. എബിവിപിയുടെയും യുവമോര്‍ച്ചയുടെയും സജീവ പ്രവര്‍ത്തകനായ എം സുനില്‍ പ്രതിഷേധങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് ശ്രദ്ധേയനായത്. ബിജെപിയെ രാജ്യ ദ്രോഹികളെന്ന് വിളിച്ച മാധവറാവു സിന്ധ്യക്കെതിരെ വേദിയില്‍ കയറി പ്രതിഷേധിച്ച സംഭവം ഉദ്ദാഹരണമാണ്. 2016-ല്‍ ചവറയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുനില്‍ പതിനായിരത്തിലധികം വോട്ടുകളായിരുന്നു നേടിയത്. മുന്‍പ് ചലചിത്രതാരവും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ പേര് മണ്ഡലത്തില്‍ പരിഗണിച്ചിരുന്നു.

നായര്‍, ഈഴവ, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലമാണ് കൊല്ലം. കൊല്ലം കോര്‍പ്പറേഷനിലെ കുരീപ്പുഴ സൗത്ത്, മുളങ്കാടകം, തേവള്ളി, ആശ്രാമം, ഉളിയകോവില്‍ വെസ്റ്റ്, ഉളിയകോവില്‍ ഈസ്റ്റ്, കടപ്പാക്കട, മങ്ങാട്, അറുനൂറ്റിമംഗലം, ചാത്തിനാംകുളം, കരിക്കോട്, മുണ്ടയ്ക്കല്‍ വെസ്റ്റ്, താമരക്കുളം, പള്ളിത്തോട്ടം, പോര്‍ട്ട്, കച്ചേരി, തങ്കശ്ശേരി ഈസ്റ്റ്, കടവൂര്‍, നീരാവില്‍, അഞ്ചാലുംമൂട്, മതിലില്‍ വാര്‍ഡുകളും പനയം, തൃക്കരുവ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. തദ്ദേശതെരഞ്ഞെടുപ്പില്‍ 15 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ നേടിയായിരുന്നു എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം പിടിച്ചത്. അഞ്ച് വാര്‍ഡുകള്‍ ബിജെപിയും മൂന്നെണ്ണം യുഡിഎഫും ഒന്ന് എസ്ഡിപിഐയും നേടി. തൃക്കരുവ പഞ്ചായത്ത് യുഡിഎഫും പയനം പഞ്ചായത്ത് എല്‍ഡിഎഫുമാണ് ഭരിക്കുന്നത്.

ആര്‍എസ്പിക്കും സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംഎല്‍എക്ക് 24545 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. 15832 വോട്ടുകളായിരുന്നു ലീഡ്. മത്സ്യ തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും ഭൂരിപക്ഷമായ മണ്ഡലത്തില്‍ എംസിസി കരാറും മത്സ്യബന്ധന മേഖലയിലെ മറ്റ് ചര്‍ച്ചകള്‍ക്കുമൊപ്പം ശബരിമലയും തെരഞ്ഞെടുപ്പ് ചര്‍ച്ചയാണ്.

Next Story

Popular Stories