Top

‘വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നു’; ബന്ധുക്കള്‍ക്കെതിരെ പെണ്‍കുട്ടി രംഗത്ത്

തന്റെ വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നുവെന്നുവെന്ന് ഫര്‍ഹാന വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്.

4 Dec 2020 9:46 AM GMT

‘വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നു’; ബന്ധുക്കള്‍ക്കെതിരെ പെണ്‍കുട്ടി രംഗത്ത്
X

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കെതിരെ വധ ശ്രമം നടത്തിയ സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ പെണ്‍കുട്ടി രംഗത്തെത്തി. തന്റെ അച്ഛനും അമ്മയ്ക്കും വിവാഹത്തിന് സമ്മതമായിരുന്നുവെന്ന് ഫര്‍ഹാന വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മാവന്മാരാണ് ഇന്നലെ ദമ്പതികള്‍ക്കെതിരെ വധശ്രമം നടത്തിയത്.

ആക്രമണ ഉണ്ടായപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് നടപടി എടുത്തില്ലെന്നും പെണ്‍കുട്ടി ആരോപിച്ചു. ജീവിക്കാന്‍ ഭയം തോന്നിയതിനാലാണ് പൊലീസിനെ സമീപിച്ചതെന്ന് ഫര്‍ഹാന പറഞ്ഞു. പ്രതികള്‍ നവ വരനായ സ്വാലിഹിനെ കൊല്ലും എന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും ഫര്‍ഹാന വെളിപ്പെടുത്തി.

പ്രതികള്‍ സ്വാധീനമുള്ളവരാണ്. അവര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സമാധാനത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലന്നും സ്വാലിഹ് പറഞ്ഞു.

ഇന്നലെയാണ് ഫര്‍ഹാനയും സ്വാലിഹും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചുവെന്ന് പറഞ്ഞ് വൈകിട്ടോടെയാണ് ഗുണ്ടാസംഘം വധശ്രമം നടത്തുന്നത്. ബന്ധുക്കള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് റജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരും നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്‍മാരായ കബീര്‍, മന്‍സൂര്‍ എന്നിവരാണ് വാഹനം തടഞ്ഞ് വരനെ വെട്ടിപ്പരിക്കേല്‍പിച്ചത്. ആക്രമണത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റു.

വടിവാള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് സംഘം വിവാഹസംഘത്തെ ആക്രമിച്ചത്. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു എട്ടംഗസംഘത്തിന്റെ അഴിഞ്ഞാട്ടം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് സംഘം ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.

Next Story