
ഐ ഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണ്ന്‍. ഐ ഫോണ്‍ സ്വീകരിച്ച പ്രതിപക്ഷ നേതാവ് നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമല്ലേയെന്ന് കോടിയേരി ചോദിച്ചു. യൂണിടാക് എംഡി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ കൂടെ ചെന്നിത്തല പരിപാടിയില്‍ പങ്കെടുത്തെന്ന് പുറത്ത് വന്നു. കോണ്‍സുലേറ്റില്‍ നിന്ന് ചെന്നിത്തല പാരിതോഷികം വാങ്ങി. യുഎഇയുടെ പാരിതോഷികം വാങ്ങുന്നതിനെ എതിര്‍ക്കുന്ന ചെന്നിത്തലയ്ക്കും പ്രോട്ടോക്കോള്‍ ലംഘനം ബാധകമാണ്. ഖുര്‍ ആനും ഈന്തപ്പഴവും വാങ്ങിയതിന്റെ പേരിലാണ് പ്രതിപക്ഷ നേതാവ് മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെയ്ക്കണമെന്ന് പറയില്ല. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്.
കോടിയേരി ബാലകൃഷ്ണന്
ചെന്നിത്തല ഐ ഫോണിനേക്കുറിച്ചുള്ള വിശദീകരണം പുറത്തുപറഞ്ഞിട്ട് കാര്യമില്ല. അത് ഹൈക്കോടതിയില്‍ പോയി പറയട്ടേ. ഒരു രേഖയുമില്ലാതെ, പ്രതികള്‍ പറയുന്നത് ഏറ്റെടുത്തയാളാണ് പ്രതിപക്ഷ നേതാവ്. ജലീലിന് പറഞ്ഞ ന്യായം ചെന്നിത്തലയ്ക്കും ബാധകമാണ്. സ്വപ്ന സുരേഷ് പറഞ്ഞത് അനുസരിച്ച് ചെന്നിത്തലയ്ക്ക് വേണ്ടി ഐ ഫോണ്‍ നല്‍കിയെന്ന് പറഞ്ഞിരിക്കുന്നത് സത്യവാങ് മൂലത്തിലാണ്. ചെന്നിത്തലയ്ക്ക് ഒഴിഞ്ഞുമാറാന്‍ എങ്ങനെ സാധിക്കുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തിനിടെ ചോദിച്ചു.