ലീഗ് വിമതര്‍ ഇടത്തോട്ട് നയിച്ച കൊടുവള്ളി; യുഡിഎഫിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയായി എം കെ മുനീര്‍; തദ്ദേശഫലം നിരാശപ്പെടുത്തുന്ന മണ്ഡലത്തില്‍ കാരാട്ട് റസാഖിന് രണ്ടാമങ്കം
ലീഗ് വിമതര്‍ ചെങ്കൊടി പാറിച്ച കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഇത്തവണ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന മണ്ഡലമാണ്. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിലൂടെയും പിന്നീട് ലീഗിലൂടെയും പതിറ്റാണ്ടുകള്‍ യുഡിഎഫിനൊപ്പം നിന്ന കൊടുവള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇടതുപക്ഷ മുന്നണിക്ക് വിജയം കാണാനായത്. മുന്‍ ലീഗ് നേതാക്കള്‍ വിമതനീക്കവുമായി ഇടതുപക്ഷത്തേക്ക് ചാടിയപ്പോഴുണ്ടായ ആ രണ്ട് തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒടുവിലത്തേതായിരുന്നു 2016ലെ കാരാട്ട് റസാഖിന്റെ വിജയം. ലീഗ് കോട്ട തകര്‍ത്ത ആ തെരഞ്ഞെടുപ്പില്‍ നിന്ന് 2021ലേക്കെത്തുമ്പോള്‍ വീണ്ടും കളത്തിലിറങ്ങുന്ന കാരാട്ട് […]
31 March 2021 6:50 AM GMT
അനുപമ ശ്രീദേവി

ലീഗ് വിമതര്‍ ചെങ്കൊടി പാറിച്ച കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ഇത്തവണ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ രണ്ടും കല്‍പ്പിച്ചിറങ്ങുന്ന മണ്ഡലമാണ്. ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിലൂടെയും പിന്നീട് ലീഗിലൂടെയും പതിറ്റാണ്ടുകള്‍ യുഡിഎഫിനൊപ്പം നിന്ന കൊടുവള്ളിയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് ഇടതുപക്ഷ മുന്നണിക്ക് വിജയം കാണാനായത്. മുന്‍ ലീഗ് നേതാക്കള്‍ വിമതനീക്കവുമായി ഇടതുപക്ഷത്തേക്ക് ചാടിയപ്പോഴുണ്ടായ ആ രണ്ട് തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒടുവിലത്തേതായിരുന്നു 2016ലെ കാരാട്ട് റസാഖിന്റെ വിജയം. ലീഗ് കോട്ട തകര്‍ത്ത ആ തെരഞ്ഞെടുപ്പില്‍ നിന്ന് 2021ലേക്കെത്തുമ്പോള്‍ വീണ്ടും കളത്തിലിറങ്ങുന്ന കാരാട്ട് റസാഖിനും എല്‍ഡിഎഫിനും എളുപ്പം ജയിച്ചുകയറാവുന്ന സാഹചര്യമല്ല മണ്ഡലത്തിലേത്. അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ലീഗ് പാര്‍ട്ടിയുടെ സമുന്നത നേതാവ് സിഎച്ചിന്റെ മകനും ഉപ പ്രതിപക്ഷ നേതാവുമായ എം കെ മുനീറിനെയാണ് ഇത്തവണ കാരാട്ട് റസാഖിനെതിരെ രംഗത്തിറക്കുന്നത്. ശക്തനായ സ്ഥാനാര്‍ത്ഥിക്കൊപ്പം ലോക്സഭ, തദ്ദേശതെരഞ്ഞെടുപ്പ് ഫലങ്ങളും അനുകൂലമായ മണ്ഡലത്തില്‍ യുഡിഎഫിന് വലിയ പ്രതീക്ഷയുമുണ്ട്. അതേസമയം പ്രാദേശിക വാദം മുന്‍നിര്‍ത്തി എം കെ മുനീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തിയുണ്ടായിരുന്ന വിഭാഗങ്ങളെ കൂടെ നിര്‍ത്തി മുന്നോട്ടുപോവുകയാണ് ലീഗിന് മുന്നിലെ പ്രധാന വെല്ലുവിളി. മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലാത്ത എന്‍ഡിഎ ഇത്തവണ ജില്ലയിലാകെ ഉണ്ടാക്കാനായ മുന്നേറ്റത്തെ നിയമസഭാതെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ച് വോട്ടുശതമാനം ഉയര്‍ത്താനായിരിക്കും ലക്ഷ്യം വെയ്ക്കുന്നത്.
കേരളത്തിന്റെ സ്വര്‍ണ നഗരിയെന്നറിയപ്പെടുന്ന കൊടുവള്ളി സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും ഏറെ പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ്. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണായുധങ്ങളായിരുന്ന സ്വര്‍ണ്ണക്കടത്ത്, മിനി കൂപ്പര്‍ വിവാദങ്ങളെല്ലാം കൊടുവള്ളിയില്‍ നിന്ന് വന്നവയായിരുന്നു. കാരാട്ട് റസാഖ് എംഎല്‍എയുടെ അയല്‍ക്കാരനും ചൂണ്ടപ്പുറം വാര്‍ഡിലെ എല്‍ഡിഎഫ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയുമായിരുന്ന കാരാട്ട് ഫൈസലിനെ ഇഡി ചോദ്യം ചെയ്തതായിരുന്നു വിവാദങ്ങളുടെ തുടക്കം. ഇതോടെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളിലും ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള കാരാട്ട് റസാഖ് എംഎല്‍എക്കും സ്വര്‍ണ്ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്നുള്ള പ്രചാരണം ശക്തമായി. ഇതിനിടെ എല്‍ഡിഎഫിന്റെ ജനജാഗ്രതയാത്രയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫൈസലിന്റെ മിനി കൂപ്പര്‍ കാറില്‍ കയറിയതും വിവാദമായി. തുടര്‍ന്ന് ചോദ്യം ചെയ്യലിന് പിന്നാലെ ഫൈസലിന് നല്‍കിയിരുന്ന പിന്തുണ എല്‍ഡിഎഫ് പിന്‍വലിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോള്‍ കാരാട്ട് ഫൈസല്‍ വിജയിക്കുകയും എല്‍ഡിഎഫില്‍ നിന്ന് മത്സരിച്ച ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ടുപോലും ലഭിക്കാത്ത സാഹചര്യവുമുണ്ടായി.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കിഴക്കോത്ത്, മടവൂര്‍, നരിക്കുനി, ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന കൊടുവള്ളി മണ്ഡലത്തില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ വിജയം യുഡിഎഫിനായിരുന്നു. കൊടുവള്ളി നഗരസഭയിലും ആറു പഞ്ചായത്തുകളിലും വിജയിച്ച യുഡിഎഫ് എല്‍ഡിഎഫിന്റെ സിറ്റിംഗ് മണ്ഡലത്തില്‍ 7973 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിലെ ഈ തിരിച്ചടിക്ക് പിന്നാലെ എംഎല്‍എയെ തിരിച്ച് ലീഗിലെത്തിക്കാന്‍ കോണ്‍ഗ്രസ് ഇടപെട്ട് കാരാട്ട് റസാഖും മുസ്ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നുവെന്നും എന്നാല്‍ താന്‍ വിഷയം എല്‍ഡിഎഫിനെ അറിയിച്ചെന്നും എംഎല്‍എ തന്നെ സ്ഥിരീകരിച്ചു. പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അതിന് തടസമാകുന്നു എന്നായിരുന്നു എംഎല്‍എയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തന്നെ പരിഗണിക്കുന്ന ഇടതുപക്ഷമുന്നണിയില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ച് എംഎല്‍എ അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചു. എന്നാല്‍ ചര്‍ച്ച നടത്തിയെന്ന കാരാട്ട് റസാഖിന്റെ പ്രഖ്യാപനത്തെ മുസ്ലിം ലീഗ് പ്രാദേശിക-സംസ്ഥാന നേതൃത്വങ്ങള്‍ തള്ളി. അതേസമയം, പ്രാദേശികനേതൃത്വത്തിന്റെ എതിര്‍പ്പാണ് ലീഗിലേക്ക് മടങ്ങാനുള്ള തടസം എന്ന തരത്തിലുള്ള റസാഖിന്റെ പ്രഖ്യാപനം കൊടുവള്ളിയിലെ ലീഗ് വോട്ടുകളെ ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയ നീക്കമായിയായിരുന്നു നിരീക്ഷിക്കപ്പെട്ടത്.
മണ്ഡലചരിത്രത്തില്‍ രണ്ട് തവണ ഒഴികെ വ്യക്തമായ യുഡിഎഫ് ചായ്വ് പ്രകടിപ്പിച്ച മണ്ഡലമാണ് കൊടുവള്ളി. ആദ്യകാലത്ത് കോണ്‍ഗ്രസിനെ വിജയിപ്പിച്ചിരുന്ന മണ്ഡലം പിന്നീട് മുസ്ലിം ലീഗ് കോട്ടയായി. 1957ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ എം ഗോപാലന്‍കുട്ടിയെ വിജയിപ്പിച്ച മണ്ഡലം 1960ലും അദ്ദേഹത്തിനൊപ്പം നിന്നു. രണ്ടുതവണയും സ്വതന്ത്രസ്ഥാനാര്ത്ഥികളായിരുന്നു പരാജയപ്പെട്ടത്. 1977മുതല്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ 77ല്‍ ഇ അഹമ്മദും 1980ല്‍ പി വി മുഹമ്മദും സിപിഐഎമ്മിന്റെ കെ മൂസക്കുട്ടിയെ പിന്തള്ളി വിജയിച്ചു. 1982ല്‍ പി വി മുഹമ്മദ് തന്നെ വിജയമാവര്‍ത്തിച്ചപ്പോള്‍ ജനതാപാര്‍ട്ടിയുടെ പി രാഘവന് നായരായിരുന്നു പ്രധാന എതിരാളി.
1987ലും ലീഗ് സ്ഥാനാര്‍ത്ഥിയെ തന്നെ പിന്തുണച്ച മണ്ഡലം പി എം അബൂബക്കറിനെ നിയമസഭയിലെത്തിച്ചു. പി രാഘവന് തന്നെയായിരുന്നു അത്തവണയും രണ്ടാം സ്ഥാനം. 1991ല്‍ മുന്‍ എംഎല്‍എ പി വി അഹമ്മദ് വീണ്ടും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയും ജനാതാദളിന്റെ സി മുഹ്സിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. 1996ല്‍ പി മുഹ്സിനെ പിന്തള്ളി വിജയിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ബി മോയിന്കുട്ടിക്കായെങ്കിലും 94 വോട്ടിന്റെ നൂല്പ്പാലത്തിലൂടെയായിരു വിജയം. 2001-ലെ യുഡിഎഫ് തരംഗത്തില്‍ അട്ടിമറി സാധ്യതകളെ തള്ളി ലീഗ് നേതാവ് സി മമ്മൂട്ടിക്കും മൂന്നാമങ്കത്തിനെത്തിയ സി മുഹ്സിനെ 16877 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്താനായി.

മണ്ഡലചരിത്രത്തിലെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകളിലൊന്നിനായിരുന്നു 2006-ല്‍ കൊടുവള്ളി സാക്ഷ്യം വഹിച്ചത്. ഇടതുബാന്ധവം വിട്ട് യുഡിഎഫിലെത്തിയ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് സുരക്ഷിത മണ്ഡലമായി മത്സരിക്കാന്‍ തെരഞ്ഞെടുത്തത് കൊടുവള്ളിയെയായിരുന്നു. എന്നാല്‍ യുഡിഎഫ് പാളയത്തെ ഞെട്ടിച്ച് അട്ടിമറി നീക്കത്തിലൂടെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്ന പി ടി എ റഹീം ഇടതുപക്ഷത്തേക്ക് ചുവടുമാറി. അന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഡിഐസി സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരനെ 7510 വോട്ടുകള്‍ക്ക് ഇടതുസ്വതന്ത്രനായി മത്സരിച്ച പി ടി എ റഹീം പരാജയപ്പെടുത്തി.
2008-ലെ മണ്ഡലപുനര്‍ നിര്‍ണ്ണയത്തില്‍ തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായിരുന്ന താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി പഞ്ചായത്തുകള്‍ കൊടുവള്ളിയുടെ ഭാഗമാവുകയും ഉണ്ണികുളം, ചേളന്നൂര്‍, കാക്കൂര്‍, കക്കോടി പഞ്ചായത്തുകള്‍ വിട്ടുപോവുകയും ചെയ്തു. അതിനുശേഷം 2011-ലെ തെരഞ്ഞെടുപ്പില്‍ പി ടി എ റഹീം കുന്ദമംഗലം മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ എം മെഹബൂബ് കൊടുവള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി. തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനുവേണ്ടി കളത്തിലിറങ്ങിയ വി എം ഉമ്മര്‍ മാസ്റ്റര്‍ 16552 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം തിരിച്ചുപിടിച്ചു.
2016ല്‍ വീണ്ടും ലീഗ് വിമതനെ മുന്‍നിര്‍ത്തിയുള്ള ഇടത് തന്ത്രം വിജയിച്ചു. എം എ റസാഖിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് ലീഗ് വിട്ട മണ്ഡലം ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന കാരാട്ട് റസാഖായിരുന്നു അത്തവണ ഇടതുപക്ഷമുന്നണിയുടെ ആയുധം. നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അപ്രതീക്ഷിതമായിയായിരുന്നു പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചുള്ള റസാഖിന്റെ മറുകണ്ടം ചാടല്‍. മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് മടങ്ങിയതിന്റെ അടുത്ത ദിവസം ഇടതുപിന്തുണയോടെയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കാരാട്ട് റസാഖ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 2006ല്‍ പി ടി എ റഹീം നടത്തിയ അട്ടിമറി ആവര്‍ത്തിക്കപ്പെടുമെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ വിജയിച്ച തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്കായിരുന്നു കാരാട്ട് റസാഖിന്റെ വിജയം. 61033 വോട്ടുകളുമായി റസാഖ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലീഗ് സ്ഥാനാര്‍ത്ഥിയായ എംഎ റസാഖ് മാസ്റ്റര്‍ 60460 വോട്ടുകളോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. വലിയ പ്രതീക്ഷകളോടെ ബിജെപി അത്തവണ കളത്തിലിറക്കിയ സംവിധായകന് അലി അക്ബറിന് 11537 വോട്ടുകളാണ് മണ്ഡലത്തിലുണ്ടായിരുന്നത്.
ഇടതുകോട്ടയായ കോഴിക്കോട് ജില്ലയില്‍ ഇത്തവണ അട്ടിമറി നീക്കങ്ങള്‍ക്ക് വലിയ സാധ്യതയുള്ള മണ്ഡലമാണ് കാരാട്ട് റസാഖ് എംഎല്‍എയുടെ കൊടുവള്ളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലത്തില്‍ കാരാട്ട് റസാഖിനെ തന്നെയാണ് എല്‍ഡിഎഫ് രണ്ടാമങ്കത്തിനെത്തിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ മണ്ഡലത്തിലെ സിപിഐഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ എല്‍ഡിഎഫിന് തലവേദനയായിരുന്നു. കാരാട്ട് റസാഖ് എംഎല്‍എയും പി ടി എ റഹീം എംഎല്‍എയും സിപിഐഎമ്മിനെ ഹൈജാക്ക് ചെയ്യുന്നുവെന്ന് ആരോപിച്ച് ലോക്കല്‍ കമ്മിറ്റിയടക്കമുള്ള സിപിഐഎം പ്രവര്‍ത്തകര്‍ രാജിവെച്ചിരുന്നു. സിറ്റിംഗ് എംഎല്‍എമാര്‍ക്ക് തന്നെ വീണ്ടും സീറ്റുനല്‍കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

അതേസമയം, നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും 2016ല്‍ അട്ടിമറി വിജയത്തിലൂടെ നേടിയ മണ്ഡലം കൈവിടാതിരിക്കാന്‍ ഇടതുമുന്നണി കടുത്ത പോരാട്ടമായിരിക്കും മുന്നോട്ടുവയ്ക്കുക. സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികളെ സഹായിക്കുവാന്‍ എംഎല്‍എ ഇടപെട്ടെന്ന ആരോപണം തള്ളിക്കളയുന്ന സിപിഐഎം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും പ്രചാരണം നയിക്കുക. മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ ‘എന്റെ മണ്ഡലം നന്മയുടെ മണ്ഡലം’, വിദ്യാഭ്യാസ പുരോഗതിക്കായി കൊണ്ടുവന്ന ക്രിസ്റ്റല്‍ പദ്ധതി എന്നിവയെല്ലാമാണ് എല്‍ഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്. മണ്ഡലത്തില്‍ വലിയ സ്വാധീനമുള്ള കാന്തപുരം എപി സുന്നി വിഭാഗത്തിന്റെ പിന്തുണ പതിവുപോലെ ഇടതുപക്ഷത്തിനൊപ്പമാണെന്നതും കാരാട്ട് റസാഖിന് അനുകൂലമാകുന്നു.
അട്ടിമറി പ്രതീക്ഷയുമായി മറുപക്ഷത്തുള്ള മുസ്ലിം ലീഗിനും മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സുഗമമായിരുന്നില്ല. ഒരുകാലത്ത് ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന മണ്ഡലം പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത മൂലമായിരുന്നു 2016-ല്‍ കൈവിട്ടുപോയത്. സമാന സാഹചര്യം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് യുഡിഎഫ് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളി. തദ്ദേശതെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അനുകൂലമായിരിക്കുമ്പോള്‍ ലീഗിന്റെ സമുന്നത നേതാവ് സിഎച്ചിന്റെ മകന് എം കെ മുനീറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ ഉപ നേതാവുകൂടിയായ അദ്ദേഹം 2011, 2016 തെരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് സൗത്തില്‍ നിന്നായിരുന്നു നിയമസഭയിലെത്തിയത്. കാല്‍നൂറ്റാണ്ടിനുശേഷം മുസ്ലിം ലീഗ് ഇത്തവണ ഒരു വനിത സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുന്ന കോഴിക്കോട് സൗത്ത് അത്ര സുരക്ഷിത മണ്ഡലമല്ലാത്തതിനാല്‍ കൂടുതല്‍ സുരക്ഷിത മണ്ഡലമെന്ന നിലയില്‍ കൊടുവള്ളിയിലേക്ക് മാറാനുള്ള മുനീറിന്റെ നീക്കത്തെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ആവശ്യമുണ്ടായിരുന്ന ലീഗ് നേതൃത്വവും അംഗീകരിക്കുകയായിരുന്നു. 2001 ലും 2006ലും മലപ്പുറത്തുനിന്നും 1991ല്‍ കോഴിക്കോട് നിയമസഭയില്‍ നിന്നും നിയമസഭയിലെത്തിയിട്ടുണ്ട്. 2001ല്‍ എ കെ ആന്റണി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പിന്റെയും 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ സാമൂഹിക നീതി വകുപ്പിന്റെയും ചുമതല വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായ അദ്ദേഹം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

എന്നാല്‍ എം കെ മുനീറിനെ കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ മണ്ഡലത്തിലെ പ്രാദേശിക നേതൃത്വത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. മണ്ഡലത്തില്‍ കൊടുവള്ളിക്കാരനായ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാവശ്യപ്പെട്ട് ലീഗ് പ്രവര്‍ത്തകര്‍ എം കെ മുനീറിന്റെ വീട്ടിലേക്ക് പ്രതിഷേധജാഥ നടത്തുന്നതുവരെയുള്ള നടപടികളിലേക്ക് അത് എത്തി. 2016ല്‍ ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന എം എ റസാഖിന്റെ അനുകൂലിക്കുന്ന ഒരു വിഭാഗം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലാണ് ഈ പ്രാദേശികവാദം ഉയരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിഭാഗീയതകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും നേരമില്ലെന്നും വിഭാഗീയതയും വെറുപ്പും ലീഗിന്റെ പാരമ്പര്യമല്ലെന്നും പ്രതികരിച്ച ഡോ എം കെ മുനീര്‍ ഇത്തവണ എതിര്‍പ്പുകള്‍ക്ക് പരിഹാരം കണ്ടെത്തി അട്ടിമറി സാധ്യതകളവസാനിപ്പിച്ചാണ് ജനവിധി തേടുന്നത്. അവസാന ഘട്ടത്തിലാണെങ്കില്‍ തന്നെയും പ്രാദേശിക ഘടകങ്ങളെ ഒപ്പം നിര്‍ത്തി പ്രചാരണം മുന്നോട്ടുകൊണ്ടുപോകാനാകുന്നതാണ് യുഡിഎഫ് ക്യാമ്പിന് ആശ്വാസമാകുന്നത്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം ഒഴിവാക്കിയും കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളില്‍ നിര്‍ണ്ണായകസ്വാധീനമുള്ള ക്രിസ്ത്യന്‍ വോട്ടുകള്‍ ഉറപ്പിച്ചും മണ്ഡലത്തില്‍ വിജയിച്ചുകയറാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

ബിജെപി മത്സരിക്കുന്ന കൊടുവള്ളി മണ്ഡലത്തില്‍ 2011ല്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഗിരീഷ് തേവള്ളിക്ക് 5.73 ശതമാനം (6519) വോട്ടുകളാണ് ലഭിച്ചിരുന്നത്. 2016ല്‍ സംവിധായകന് അലി അക്ബറിനെ രംഗത്തിറക്കി കൂടുതല്‍ വോട്ടുപിടിക്കാന്‍ ബിജെപി പരിശ്രമിച്ചെങ്കിലും 2.67 ശതമാനം മാത്രം മുന്നേറ്റത്തോടെ 8.40 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു എന്‍ഡിഎക്ക് കൊടുവള്ളി നല്‍കിയത്. 2021 തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ബിജെപിക്ക് വിജയപ്രതീക്ഷയില്ലെങ്കിലും ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലയിടത്തും ഉണ്ടാക്കാനായ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്ത്തിക്കമെന്ന പ്രതീക്ഷയില്‍ ജില്ലാ സെക്രട്ടറി ടി പി ബാലസോമനെയാണ് ബിജെപി കൊടുവള്ളിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തിക്കുന്നത്.